ക്യാബിനറ്റ് റാങ്കുള്ള പദവി വേണമെന്ന ഘടക കക്ഷികളുടെ ആവശ്യത്തിൽ മുഖ്യമന്ത്രിയുടെ തീരുമാനം ഉടൻ. എം കെ മുനീറിനായി ലീഗും പിജെ ജോസഫിനായി കേരളം കോൺഗ്രസും രംഗത്ത്. സമ്മർദവുമായി ജി ദേവരാജനും മാണി സി കാപ്പനും.

തിരുവനന്തപുരം: ക്യാബിനറ്റ് റാങ്കുള്ള പദവി വേണമെന്ന യുഡിഎഫ് ഘടക കക്ഷികളുടെ ആവശ്യത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ്റെ തീരുമാനം ഉടൻ. ഘടക കക്ഷി നേതാക്കളുമായി ചർച്ച നടത്തിയ ശേഷമാകും മുഖ്യമന്ത്രി തീരുമാനമെടുക്കുക. എം കെ മുനീറിനായി മുസ്ലീം ലീഗും പി ജെ ജോസഫിനായി കേരള കോൺഗ്രസുമാണ് രംഗത്തുള്ളത്. സമ്മർദവുമായി ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറിയായ ജി ദേവരാജനും കേരള ഡെമോക്രാറ്റിക് പാർട്ടി നേതാവും എംഎൽഎയുമായ മാണി സി കാപ്പനും രംഗത്ത് എത്തിയിട്ടുണ്ട്. അതേസമയം മാണി സി കാപ്പനും എം കെ മുനീറിനും പി ജെ ജോസഫിനുമാണ് മുൻഗണന.

പി ജെ ജോസഫിനായി കേരള കോൺഗ്രസ് നേതാവും മന്ത്രിയുമായ മോൻസ് ജോസഫ് ആണ് രംഗത്തെത്തിയിരുന്നത്. മുന്നണിയിലെ മുതിർന്ന നേതാവായ ജോസഫിന് ക്യാബിനറ്റ് റാങ്കുള്ള പദവി സ്വാഭിവകമായും അവകാശപ്പെട്ടതാണെന്നായിരുന്നു മോൻസ് ജോസഫ് പറഞ്ഞിരുന്നത്. ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ പദവിയാണ് എം കെ മുനീറിനായി മുസ്ലീം ലീഗ് ആവശ്യപ്പെട്ടിരിക്കുന്നത്. നോർക്ക വൈസ് ചെയർമാൻ പദവിയോടാണ് മാണി സി കാപ്പന് താൽപര്യം.

ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനം എം കെ മുനീറിന് നൽകിയാൽ പി ജെ ജോസഫിനെ വയോജനക്ഷേമം, കൃഷി എന്നിവയുമായി ബന്ധപ്പെട്ട കമ്മീഷനുകളിലേക്ക് പരിഗണിച്ചേക്കും. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യം ചർച്ച ചെയ്തേക്കും. മന്ത്രിസഭ കൂടി അംഗീകാരം നൽകിയ ശേഷമാകും മുഖ്യമന്ത്രി വി ഡി സതീശൻ തീരുമാനം പ്രഖ്യാപിക്കുക. രണ്ടാം പിണറായി സർക്കാരിൽ സംസ്ഥാന സർക്കാരിൻ്റെ ദില്ലയിലിെ പ്രത്യേക പ്രതിനിധിയായിരുന്ന കെ വി തോമസ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന കെ എം ഏബ്രഹാം എന്നിവർക്കായിരുന്നു ക്യാബിനെറ്റ് പദവി നൽകിയിരുന്നത്.