തനിക്കെതിരേ വ്യാജമായ ഒട്ടേറെ കള്ളപ്രചാരണങ്ങൾ നടന്നു. ആ കള്ളപ്രചാരണങ്ങളെ ചെറുക്കാൻ വേണ്ടി ഏറ്റവും നല്ലരീതിയിൽ പ്രവർത്തിച്ചത് മുസ്ലീംലീഗിന്റെയും പ്രത്യേകിച്ച് വനിതാ ലീഗിന്റെയും പ്രവർത്തകരാണ്. ഇപ്പോൾ നടത്തുന്ന പ്രചാരണം ജനങ്ങളെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്. ജനവിധി അംഗീകരിക്കുക.
കാസർകോട്: തൃക്കരിപ്പൂരിൽ വർഗീയപ്രചാരണം നടത്തിയാണ് യുഡിഎഫ് വിജയിച്ചതെന്ന സിപിഎം നേതാവ് പി ജയരാജന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി എംഎൽഎ സന്ദീപ് വാര്യർ. തൃക്കരിപ്പൂരിൽ തനിക്കെതിരേയുണ്ടായ വർഗീയ പ്രചാരണം ചെറുത്തത് ലീഗുകാരാണെന്നും വിപിപി മുസ്തഫയുടെ മുറിവിൽ മുളക് പുരട്ടുന്ന പണിയാണ് പി ജയരാജൻ ഇപ്പോൾ ചെയ്യുന്നതെന്നും സന്ദീപ് വാര്യർ പറഞ്ഞു. സന്ദീപ് വാര്യർ മുസ്ലീം വിരുദ്ധനാണെന്ന രീതിയിലുള്ള കടുത്ത വർഗീയ പ്രചാരണം തൃക്കരിപ്പൂരിൽ അഴിച്ചുവിട്ടത് സിപിഎം ആണെന്നും അദ്ദേഹം ആരോപിച്ചു.
തനിക്കെതിരേ വ്യാജമായ ഒട്ടേറെ കള്ളപ്രചാരണങ്ങൾ നടന്നു. ആ കള്ളപ്രചാരണങ്ങളെ ചെറുക്കാൻ വേണ്ടി ഏറ്റവും നല്ലരീതിയിൽ പ്രവർത്തിച്ചത് മുസ്ലീംലീഗിന്റെയും പ്രത്യേകിച്ച് വനിതാ ലീഗിന്റെയും പ്രവർത്തകരാണ്. ഇപ്പോൾ നടത്തുന്ന പ്രചാരണം ജനങ്ങളെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്. ജനവിധി അംഗീകരിക്കുക. നിരന്തരമായ കള്ളപ്രചാരണങ്ങളും വ്യക്തിഹത്യയും എനിക്കെതിരേ കുറേകാലമായി സിപിഎം നടത്തുകയാണ്. വിപിപി മുസ്തഫയുടെ പരാജയത്തിൽ അദ്ദേഹത്തിനുണ്ടായ മുറിവിൽ മുളക് തേയ്ക്കുന്നതിന് തുല്യമാണ് ഇപ്പോൾ ജയരാജൻ നടത്തുന്ന പ്രസ്താവന. കേസ് കൊടുക്കാനൊക്കെയാണ് ജയരാജൻ പറയുന്നത്. അദ്ദേഹം ഇതിനെക്കാൾ വലിയ കൊലക്കേസുകളിലടക്കം പ്രതിയായതാണ്. അതുകൊണ്ട് അദ്ദേഹത്തിന് കേസുകളൊന്നും വലിയ പ്രശ്നമായിരിക്കില്ല. ആളുകൾ പ്രസംഗത്തിൽ പറഞ്ഞതിനൊക്കെ കേസ് കൊടുക്കാൻ സാധിക്കുമോ. തൃക്കരിപ്പൂരിൽ കടുത്ത വർഗീയ പ്രചാരണം നടത്തിയത് സിപിഎമ്മാണ്. തങ്ങളുടെ സ്ഥാനാർഥി മുസ്ലീം സ്ഥാനാർഥിയാണ്, സന്ദീപ് മുസ്ലീം വിരുദ്ധനാണ് എന്ന കടുത്ത വർഗീയ പ്രചാരണമാണ് തൃക്കരിപ്പൂരിൽ സിപിഎം അഴിച്ചുവിട്ടതെന്നും സന്ദീപ് വാര്യർ പറഞ്ഞു.
കഴിഞ്ഞദിവസമാണ് തൃക്കരിപ്പൂരിലെ യുഡിഎഫ് വിജയത്തിന് പിന്നിൽ മുസ്ലീംലീഗ് നടത്തിയ വർഗീയ പ്രചാരണമാണെന്ന് സിപിഎം നേതാവ് പി ജയരാജൻ ആരോപിച്ചു. മതവികാരം ഇളക്കിവിടാനാണ് മുസ്ലീംലീഗ് ശ്രമിച്ചതെന്നും മുസ്ലീങ്ങളുടെ വീടുകളിൽ പോയി എൽഡിഎഫ് സ്ഥാനാർഥി വിപിപി മുസ്തഫയ്ക്കെതിരായ വികാരമുണ്ടാക്കാൻ അവർ തീരുമാനിച്ചിരുന്നതായും അദ്ദേഹം ആരോപിച്ചിരുന്നു.
വിപിപി മുസ്തഫ ഇസ്ലാമികചര്യയനുസരിച്ച് ജീവിക്കുന്നയാളല്ല, ഉമ്മ മരിച്ചപ്പോൾ പള്ളിയിൽ പോയി ചടങ്ങിൽ പങ്കെടുത്തില്ല, മൂത്രമൊഴിച്ചാൽ വൃത്തിയാക്കുന്നയാളല്ല തുടങ്ങിയ പ്രചാരണങ്ങളാണ് മുസ്ലീംലീഗ് നടത്തിയതെന്നും നഗ്നമായ വർഗീയതയാണ് ലീഗ് പ്രചരിപ്പിച്ചതെന്നും ജയരാജൻ ആരോപിച്ചിരുന്നു. താൻ പറഞ്ഞത് തെറ്റാണെങ്കിൽ കേസ് കൊടുക്കാനും പി ജയരാജൻ വെല്ലുവിളിച്ചിരുന്നു.



