പ്രതിപക്ഷ നേതാവ് പിണറായി വിജയന് മറുപടിയുമായി മുഖ്യമന്ത്രി വി ഡി സതീശൻ. വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട പ്രതികരണത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി.

തിരുവനന്തപുരം: വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രതികരണത്തിന് മറുപടിയുമായി മുഖ്യമന്ത്രി വി ഡി സതീശൻ. വൈദ്യുതി കരാർ സംബന്ധിച്ച് വിശദമായ മറുപടി നൽകിയിട്ടും ഉന്നയിച്ച അതേ 'ദുരൂഹ' ആരോപണം പ്രതിപക്ഷ നേതാവ് ഇന്നും ആവർത്തിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 12.50 രൂപയ്ക്ക് ഹിമാചൽ പ്രദേശ് വൈദ്യുതി നൽകാമെന്ന് പറഞ്ഞതിൻ്റെ രേഖകൾ എവിടെയെന്ന് ചോദിച്ചതിന് പ്രതിപക്ഷ നേതാവ് മറുപടി പറഞ്ഞിട്ടുമില്ല. അതിനാൽ അത്തരമൊരു ഓഫർ ഹിമാചൽ പ്രദേശ് നൽകിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവിന് ബോധ്യപ്പെട്ടെന്ന് കരുതട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിന് രാജസ്ഥാൻ ഒക്ടോബർ 18ന് തീരുമാനിച്ചിരുന്നു. ഒക്ടോബർ 28ന് രാജസ്ഥാൻ റെഗുലേറ്ററി കമ്മീഷന് മുന്നിൽ കരാർ നിർദേശങ്ങൾ എത്തുകയും ചെയ്തു. കെഎസ്ഇബി ശുപാർശയിൽ അന്തിമ തീരുമാനം എടുക്കാൻ മുഖ്യമന്ത്രിയെന്ന നിലയിൽ തൻ്റെ പക്കൽ ഫയൽ വരുന്നത് ഒക്ടോബർ 30നാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കെഎസ്ഇബി മികച്ചതാണെന്ന് കണ്ടെത്തിയ ഹിമാചൽ പ്രദേശ് വൈദ്യുതി വാങ്ങാത്തത് എന്തെന്ന ചേദ്യം ഇന്നും പ്രതിപക്ഷ നേതാവ് ആവർത്തിക്കുന്നു. അതേസമയം സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി കൃത്രിമമായി സൃഷ്ടിച്ചതാണെന്നും അങ്ങ് പറയുന്നു. എന്തൊരു വിരോധാഭാസമാണിത്. വൈദ്യുതി പ്രതിസന്ധിയെ കുറിച്ച് കെഎസ്ഇബി തന്നെയാണ് സർക്കാരിനെ അറിയിച്ചതെന്ന് രേഖകൾ ഉദ്ധരിച്ച് താൻ മറുപടി നൽകിയിട്ടും അതേ ആരോപണം പ്രതിപക്ഷ നേതാവ് വീണ്ടും ഉന്നയിക്കുന്നതിലാണ് ദുരൂഹതയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജിഎൻഎ വൈദ്യുതി വാങ്ങുന്നതും പരിഗണിക്കാമെന്ന് മുൻ കെഎസ്ഇബി ചെയർമാൻ സർക്കാരിന് നൽകിയ നോട്ടിലുണ്ട്. ജിഎൻഎയിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിനെ ഇന്നും വിമർശിക്കുന്ന പ്രതിപക്ഷ നേതാവിന് ഈ നോട്ടിനെ കുറിച്ച് അറിയാത്തതാണോ? അതോ അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുന്നതോ? കഴിഞ്ഞ സർക്കാരിൻ്റെ കാലത്തും ജിഎൻഎ പ്ലാറ്റ്ഫോം ഉപയോഗിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് ഇന്ന് സമ്മതിച്ചതിൽ സന്തോഷമുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു.

രേഖകൾ എവിടെ എന്നാണ് പ്രതിപക്ഷ നേതാവ് ആവർത്തിച്ച് ചോദിക്കുന്നത്. മുഖ്യമന്ത്രിയായിരുന്ന കാലത്ത് അങ്ങയോട്, അന്നത്തെ പ്രതിപക്ഷം ആവശ്യപ്പെട്ട ഏതെങ്കിലും ഒരു രേഖ നൽകിയിട്ടുണ്ടോ? ചോദ്യങ്ങൾക്ക് മറുപടി പോലും നൽകിയിട്ടില്ല. പക്ഷേ ഇവിടെ കെഎസ്ഇബിയിലെ സിപിഎം സംഘടന ബന്ധപ്പെട്ട എല്ലാ രേഖകളും അങ്ങയുടെ കയ്യിൽ എൽപ്പിച്ചിട്ടുണ്ടല്ലോ. ഇനിയും ആവശ്യമെങ്കിൽ വ്യവസ്ഥാപിത മാർഗങ്ങളിലൂടെ അങ്ങേയ്ക്ക് അത് നേടിയെടുക്കാവുന്നതേയുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. ഫയൽ പരിശോധിച്ച് വിശദാംശങ്ങൾ പഠിച്ചാണ് തീരുമാനങ്ങൾ എടുത്തതെന്ന് പറഞ്ഞ മുഖ്യമന്ത്രി, മുന്നിൽ വരുന്ന ടിഷ്യു പേപ്പറുകളിലൊന്നും തങ്ങൾ ഒപ്പിടാറില്ലെന്നും ചൂണ്ടിക്കാട്ടി.