മന്ത്രിസഭ യോഗത്തിൻ്റെ തീരുമാനമാണ് സുപ്രീം കോടതി വിധിയിലേക്ക് പോലും നയിച്ചത്. ക്രിമിനലുകളെ നിയന്ത്രിക്കാൻ പറ്റുന്നില്ലെങ്കിൽ തുടലിട്ട് സിപിഎം.

കണ്ണൂ‍ര്‍: കൽപറ്റയിൽ രാഹുൽ ഗാന്ധിയുടെ എംപി ഓഫീസിന് നേരെ നടത്തിയ അക്രമം മുഖ്യമന്ത്രിയുടെ ഓഫീസ് ആസൂത്രണം ചെയ്തതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഡൽഹിയിലെ ഭരണാധികാരികളെ പ്രീണിപ്പിക്കാനുള്ള ശ്രമമാണിത്. എസ്എഫ്ഐയും ബഫർ സോണും തമ്മിൽ എന്തു ബന്ധമാണുള്ളതെന്നും അക്രമം നടന്നത് പൊലീസിൻ്റെ ഒത്താശയോടെയാണെന്നും വിഡി സതീശൻ പറഞ്ഞു. 

ഡൽഹിയിൽ രാഹുൽ ഗാന്ധിയെ വേട്ടയാടുമ്പോൾ ഇവിടെ രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകർത്ത് സംഘ പരിവാറിനെ സന്തോഷിപ്പിക്കുകയാണ്. ബഫർ സോണിൽ മാർച്ച് ചെയ്യുന്നുവെങ്കിൽ പിണറായി വിജയൻ്റെ വീട്ടിലേക്കാണ് നടത്തേണ്ടത്. മന്ത്രിസഭ യോഗത്തിൻ്റെ തീരുമാനമാണ് സുപ്രീം കോടതി വിധിയിലേക്ക് പോലും നയിച്ചത്. ക്രിമിനലുകളെ നിയന്ത്രിക്കാൻ പറ്റുന്നില്ലെങ്കിൽ തുടലിടാൻ സിപിഎം തയ്യാറാവണം.

ദേശീയ തലത്തിൽ പോലും വലിയ പ്രതിഷേധം നടന്നപ്പോഴാണ് രാഹുൽ ഗാന്ധിയുടെ ഓഫീസിനെതിരെ അക്രമം തള്ളിപ്പറയാൻ സിപിഎം നേതാക്കൾ തയ്യാറായത്. വധശ്രമ കേസിലെ പ്രതിയെയാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി വച്ചിരിക്കുന്നത്. കേരളത്തിലെ സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ ക്രിമിനലുകളുടെ സംഘം കോൺഗ്രസിനെ പ്രകോപിപ്പിക്കാനാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത്.

ഞങ്ങളെ സംബന്ധിച്ച് വൈകാരിക പ്രശ്നമാണിത്. ഞങ്ങളെ പ്രകോപിപ്പിച്ച് രക്തസാക്ഷികളെ ഉണ്ടാക്കാനുള്ള ശ്രമമാണ് സിപിഎം ഇവിടെ നടത്തുന്നത്. അള മുട്ടിയാൽ ചേരയും കടിക്കും എന്നാണല്ലോ. മടിയിൽ കനമില്ലാത്തവന് എന്തിനാണിത്ര ഭീതി? എംപി ഓഫീസിലെ ജീവനക്കാരെ അതിക്രൂരമായിട്ടാണ് എസ്എഫ്ഐ പ്രവര്‍ത്തക‍ര്‍ മർദ്ദിച്ചത്.

വിഡി സതീശൻ്റെ പ്രസ്താവന - 

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകര്‍ത്തത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ബി.ജെ.പി ദേശീയ നേതൃത്വത്തെ സന്തോഷിപ്പിക്കാനാണ് പിണറായിയുടെ ശ്രമം. എസ്.എഫ്.ഐ മാര്‍ച്ച് നടത്തേണ്ടത് പിണറായിയുടെ ഓഫീസിലേക്കാണ്. 

മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് എസ്.എഫ്.ഐ ഗുണ്ടകള്‍ അടിച്ച് തകര്‍ത്തത്. സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് രക്ഷപ്പെടാനായി ബി.ജെ.പി ദേശീയ നേതൃത്വത്തെ സന്തോഷിപ്പിക്കാനാണ് പിണറായിയുടെ ശ്രമം. പൊലീസിന്റെ മൗനാനുവാദത്തോടെയാണ് അക്രമമുണ്ടായത്. മുഖ്യമന്ത്രിക്ക് എതിരെ ഉയര്‍ന്ന നാണംകെട്ട ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കേരളത്തില്‍ വീണ്ടും കലാപമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. 

വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ ദൂരം ബഫര്‍ സോണ്‍ ആക്കണമെന്ന് 2019 ഒക്ടോബര്‍ 23-ന് സംസ്ഥാന മന്ത്രിസഭയുടെ ശുപാര്‍ശയുണ്ട്. ബഫര്‍ സോണിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകര്‍ത്ത എസ്.എഫ്.ഐക്കാര്‍ സമരം നടത്തേണ്ടത് പിണറായി വിജയന്റെ ഓഫീസിലേക്കാണ്. ബഫര്‍ സോണില്‍ യാഥാര്‍ത്ഥത്തില്‍ കുറ്റവാളികളായി നില്‍ക്കുന്ന മുഖ്യമന്ത്രിയും സംസ്ഥാന മന്ത്രിസഭയുമാണ്. രാഹുല്‍ ഗാന്ധിയെ ശക്തമായി എതിര്‍ക്കുന്നുവെന്ന് സംഘപരിവാറിനെ ബോധ്യപ്പെടുത്താനാണ് ഈ ആക്രമണത്തിലൂടെ സി.പി.എം ലക്ഷ്യമിട്ടത്. 

വിമാനത്തില്‍ പ്രതിഷേധം, പ്രതിഷേധം എന്ന മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത പൊലീസ്, രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകര്‍ക്കുകയും ജീവനക്കാരെ മര്‍ദ്ദിക്കുകയും ചെയ്ത എസ്.എഫ്.ഐ ഗുണ്ടകള്‍ക്കെതിരെ എന്ത് നടപടിയെടുത്തു. ബി.ജെ.പി ദേശീയ നേതൃത്വത്തെയും സംഘപരിവാറിനെയും സന്തോഷിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് അക്രമികളെ പറഞ്ഞുവിട്ട മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും സംസ്ഥാനത്ത് കലാപ ആഹ്വാനമാണ് നടത്തുന്നത്. 

ഇത് ജനാധിപത്യ മര്യാദകളുടെ അങ്ങേയറ്റത്തെ ലംഘനമാണ്. സംഘപരിവാറിന്റെ രാഷ്ട്രീയവും സി.പി.എം രാഷ്ട്രീയവും തമ്മിലുള്ള അകലം കുറഞ്ഞ് വരികയാണ്. സര്‍ക്കാരിന്റെ ഒത്താശയോടെ സി.പി.എമ്മും ക്രിമിനല്‍ സംഘങ്ങളും കോണ്‍ഗ്രസ് നേതാക്കള്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കുമെതിരെ നടത്തുന്ന അക്രമത്തെയും ഗുണ്ടായിസത്തെയും പ്രതിരോധിക്കുക തന്നെ ചെയ്യും.