കടുത്ത അമർഷം രേഖപ്പെടുത്തിയ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നടപടിക്ക് എസ്എഫ്ഐയോട് നിർദ്ദേശിച്ചു. ബഫർ സോണിലെ എസ് എഫ് ഐയുടെ സമരം പാർട്ടി അറിയാതെയാണെന്നാണ് സിപിഎം നൽകുന്ന വിശദീകരണം.
തിരുവനന്തപുരം: വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ എസ്എഫ്ഐയിൽ അച്ചടക്ക നടപടി വരും. കടുത്ത അമർഷം രേഖപ്പെടുത്തിയ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നടപടിക്ക് എസ്എഫ്ഐയോട് നിർദ്ദേശിച്ചു. ബഫർ സോണിലെ എസ് എഫ് ഐയുടെ സമരം പാർട്ടി അറിയാതെയാണെന്നാണ് സിപിഎം നൽകുന്ന വിശദീകരണം.
എസ്എഫ്ഐ ജില്ലാ ഘടകത്തിൻറെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ഉടൻ നടപടി എടുത്ത് വിവാദത്തിൽ നിന്നും തലയൂരാനാണ് എസ്എഫ്ഐ സംസ്ഥാന നേതൃത്വത്തിൻറെ ശ്രമം. ദേശീയതലത്തിൽ ബിജെപിക്കതിരെ രാഹുലും ഇടതുപാർട്ടികളും യോജിച്ചുള്ള പോരാട്ടം നടത്തുമ്പോൾ എസ്എഫ്ഐ അക്രമം വലിയ തിരിച്ചടിയായെന്നാണ് സിപിഎം വിലയിരുത്തൽ.
അതിനിടെ, രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമണത്തെ അപലപിച്ച് സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയും രംഗത്തെത്തി. കുറ്റക്കാർക്കെതിരെ പൊലീസ് നടപടി എടുക്കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. ഒരു സംഘടന ഇങ്ങനെയല്ല പെരുമാറേണ്ടതും പ്രവർത്തിക്കേണ്ടതുമെന്നാണ് എംപി ഓഫീസ് ആക്രമണത്തെ കുറിച്ച് യെച്ചൂരി പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ എസ് എഫ് ഐയുടെ നടപടിയെ തള്ളി പറഞ്ഞിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച നടപടി പാർട്ടികൾ തമ്മിൽ ഉള്ള ബന്ധങ്ങളെ ബാധിക്കില്ലെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമിച്ച എസ്എഫ്ഐ നടപടിയെ സിപിഎം ഇതിനോടകം തള്ളിയിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തേണ്ട ഒരാവശ്യവും ഇല്ലായിരുന്നുവെന്നാണ് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജൻ പ്രതികരിച്ചത്. എന്താണ് നടന്നതെന്ന് അറിയില്ലെന്നും ഇക്കാര്യം പരിശോധിച്ചു പറയാമെന്ന ഇപി ജയരാജൻ വിശദീകരിച്ചു.
