മാസപ്പടി കേസില്‍ സിഎംആര്‍എല്‍ എംഡി ശശിധരൻ കർത്തയ്ക്ക് തിരിച്ചടി; അന്വേഷണത്തില്‍ ഇടപെടാനാകില്ലെന്ന് കോടതി
ഇഡി സമന്‍സിലെ തുടർനടപടി തടയണമെന്ന് ആവശ്യപ്പെട്ടാണ് ശശിധരൻ കർത്ത ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, അന്വേഷണത്തിൽ ഇടപെടാൻ കഴിയില്ലെന്ന് ഹൈക്കോടതി അറിയിച്ചു.
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിലെ ഇഡി സമന്‍സിനെതിരെ സിഎംആർഎൽ എംഡി ശശിധരൻ കർത്ത ഹൈക്കോടതിയിൽ. ഇഡി സമന്‍സിലെ തുടർനടപടി തടയണമെന്ന് ആവശ്യപ്പെട്ടാണ് ശശിധരൻ കർത്ത ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, അന്വേഷണത്തിൽ ഇടപെടാൻ കഴിയില്ലെന്ന് ഹൈക്കോടതി അറിയിച്ചു. ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച ഹാജരാകണമെന്നാണ് ഇഡി ശശിധരന്‍ കര്‍ത്തയോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
വീണ വിജയനും വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട് വെയർ സേവനത്തിന്‍റെ പേരിൽ ഒരു കോടി 72 ലക്ഷം രൂപ നൽകിയെന്നായിരുന്നു ആദായ നികുതി സെറ്റിൽമെന്‍റ് ബോർഡിന്‍റെ കണ്ടെത്തൽ. ഇതുകൂടാതെ ലോൺ എന്ന പേരിലും അരക്കോടിയോളം രൂപ നൽകിയിരുന്നു. ഇത് സംബന്ധിച്ചാണ് ഇഡിയും കള്ളപ്പണം തടയൽ നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തുന്നത്. ഇല്ലാത്ത സേവനത്തിന് വീണയുടെ കമ്പനി പണം വാങ്ങിയത് കള്ളപ്പണം വെളുപ്പിക്കലിന്‍റെ പരിധിയിൽ വരുമെന്നാണ് ഇഡി കണക്കുകൂട്ടുന്നത്. സിഎംആർഎല്ലിന്‍റെ ബാലൻസ് ഷീറ്റിൽ കളളക്കണക്കിന്‍റെ പെരുക്കങ്ങളുണ്ടെന്ന് ആദായ നികുതി വകുപ്പും കണ്ടെത്തിയിരുന്നു.
വീണ വീജയൻ, എക്സാലോജിക് കമ്പനി, സിഎംആർഎൽ, പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസി എന്നിവരാണ് നിലവിൽ അന്വേഷണ പരിധിയിലുള്ളത്. സിഎംആർഎല്ലുമായുള്ള സാമ്പത്തിക ഇടപാടിന് പുറമേ വീണ വിജയന്‍റെ സ്ഥാപനം നടത്തിയ മറ്റ് സാമ്പത്തിക ഇടപാടുകളും പരിശോധിക്കുമോയെന്ന് വ്യക്തമല്ല.