എത്ര രൂപക്ക് സാധനങ്ങളെടുത്തെന്നോ എത്ര രൂപക്ക് വിൽപ്പന നടത്തിയെന്നോ ചോദിച്ചാലും കൃത്യമായ കണക്കോ മറുപടിയോ ഇല്ലെന്നാണ് കണ്ടെത്തൽ.  

തിരുവനന്തപുരം: കൺസ്യൂമർ ഫെഡിന്റെ പ്രവർത്തനങ്ങളിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി സഹകരണ വകുപ്പ്. 2016 മുതൽ ഓഡിറ്റിംഗ് നടന്നിട്ടില്ലെന്ന് മാത്രമല്ല എത്രകോടി രൂപയുടെ ഇടപാട് നടന്നെന്ന കണക്ക് പോലും സൂക്ഷിച്ചിട്ടുമില്ല. കരാറുകാരെ കൈകാര്യം ചെയ്യുന്നതിലുമുണ്ട് ചട്ടലംഘനം. 

പ്രതിദിനം 15 കോടിയോളം രൂപയുടെ വിൽപ്പനയും വാങ്ങലും നടക്കുന്ന സ്ഥാപനമാണ് കൺസ്യൂമർ ഫെഡ്. ഇത്രയധികം സാമ്പത്തിക ഇടപാടുകൾ നടക്കുന്ന സ്ഥാപനത്തിൽ കഴിഞ്ഞ 6 വർഷമായി ഓഡിറ്റിങ്ങ് നടന്നിട്ടില്ല. എത്ര രൂപക്ക് സാധനങ്ങളെടുത്തെന്നോ എത്ര രൂപക്ക് വിൽപ്പന നടത്തിയെന്നോ ചോദിച്ചാലും കൃത്യമായ കണക്കോ മറുപടിയോ ഇല്ലെന്നാണ് കണ്ടെത്തൽ.

ഏറ്റവും ഒടുവിൽ നടന്ന ഓഡിറ്റിംഗ് 2016- 17 സാമ്പത്തിക വർഷത്തിലാണ്. ഏറ്റവും ഒടുവിൽ കൺസ്യൂമർ ഏർപ്പെട്ട 276 കരാറുകളുടെ വിവരങ്ങൾ പരിശോധിച്ച സഹകരണ വകുപ്പ് കണ്ടെത്തിയത് അടിമുടി ചട്ടലംഘനം. 2018 ലെ ഫിനാൻസ് ആക്ട് പ്രകാരം മുദ്ര പത്രത്തിന്റെ മൂല്യം കരാർ തുകയുടെ 0.1 ശതമാനം ആയിരക്കണമെന്നാണ് ചട്ടം. ഇത് മറികടന്ന് കരാര്‍ എഴുതിയത് മുഴുവൻ 200 രൂപ വിലവരുന്ന മുദ്രപത്രത്തിലാണ്. ലക്ഷങ്ങളുടെ ബാധ്യതയാണ് ഇത് വഴി മാത്രം ഉണ്ടായിട്ടുള്ളത്. 

ഔട്ലറ്റുകൾ പ്രവര്‍ത്തിക്കുന്നതെല്ലാം ചട്ടം ലംഘിച്ചാണ്. എല്ലാ കരാറുകളും അതാത് സ്ഥലങ്ങളിൽ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പേരിലാണ്. ബാധ്യത വന്നാലും ഉദ്യോഗസ്ഥര്‍ക്ക് തന്നെ ഉത്തരവാദിത്തം. ഉത്സവകാലങ്ങളിൽ സഹകരണ സംഘങ്ങൾ നടത്തുന്ന വിപണികളിലുടെ അനർഹർമായവർ സബസിഡി ആനൂകൂല്യങ്ങൾ കൈപ്പറ്റുന്നുണ്ടെന്നും വകുപ്പ് പരിശോധനയിൽ കണ്ടെത്തി. സബ്സിഡി വിപണന കേന്ദ്രങ്ങളിൽ കൺസ്യൂമർ ഫെഡിന്റെ പരിശോധനകൾ നടക്കാറില്ല. ക്രമക്കേടുകളിൽ അതിവേഗത്തിൽ നടപടി എടുക്കാനാണ് സഹകരണ സംഘം രജിസ്റ്റാർ, ഓഡിറ്റ് ഡയറക്ടർ, കൺസ്യൂമർ ഫെഡ് മാനേജിങ്ങ് ഡയറക്ടർ എന്നിവർക്ക് സഹകരണ വകുപ്പ് നൽകിയിരിക്കുന്ന നിർദേശം. 

YouTube video player