ദില്ലിയിൽ നിന്ന് മുംബൈ വരെ ഒരു സുഹൃത്ത് ഒപ്പമുണ്ടായിരുന്നുവെന്ന് ഷാരൂഖ് സെയ്ഫി പൊലീസിനോട് പറഞ്ഞു

തിരുവനന്തപുരം: കുറ്റം ചെയ്യാൻ തന്നെ പ്രേരിപ്പിച്ചത് മറ്റൊരാളുടെ ഉപദേശമെന്ന് എലത്തൂരിൽ ട്രെയിനിൽ യാത്രക്കാർക്ക് മേൽ പെട്രോളിച്ച് തീ കൊളുത്തിയ കേസിലെ പ്രതി. ചോദ്യം ചെയ്യലിൽ പ്രതി പറഞ്ഞ നിർണായക വിവരങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. ആക്രമണം നടത്തിയാൽ നല്ലത് സംഭവിക്കുമെന്ന് ഒരാൾ ഉപദേശം നൽകിയത് കൊണ്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.

ദില്ലിയിൽ നിന്ന് മുംബൈ വരെ ഒരു സുഹൃത്ത് ഒപ്പമുണ്ടായിരുന്നുവെന്ന് ഷാരൂഖ് സെയ്ഫി പൊലീസിനോട് പറഞ്ഞു. ഇയാളെ യാത്രയിലാണ് പരിചയപ്പെട്ടത്. കോഴിക്കോട്ടേക്കുള്ള ജനറൽ ടിക്കറ്റ് ആണ് കൈവശം ഉണ്ടായിരുന്നത്. എന്നാൽ ഏത് സ്റ്റേഷനിൽ ഇറങ്ങി എന്നറിയില്ല. ട്രെയിൻ ഇറങ്ങിയതിന് പിന്നാലെ പമ്പിൽ പോയി മൂന്ന് കുപ്പി പെട്രോൾ വാങ്ങി. തൊട്ടടുത്ത ട്രെയിനിൽ കയറി അക്രമണം നടത്തുകയായിരുന്നു. പെട്രോൾ ഒഴിച്ച ശേഷം കയ്യിൽ കരുതിയ ലൈറ്റർ കൊണ്ട് കത്തിച്ചുവെന്നും പ്രതി പറഞ്ഞു.

ആക്രമണ ശേഷം രണ്ടു കമ്പാർട്ട്മെൻറ് അപ്പുറത്തേക്ക് മാറിയിരുന്നു. ഓടിപ്പോയാൽ പിടിക്കപ്പെടും എന്ന് തോന്നിയതിനാലാണ്. പിന്നീട് അജ്മീറിലേക്ക് പോകാനായിരുന്നു ശ്രമം. മഹാരാഷ്ട്രയിൽ എത്തിയത് പിറ്റേന്നാണ്. ഖേദിനടുത്തുള്ള ഒരു റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ട്രെയിനിൽ നിന്ന് വീണുവെന്നും നാട്ടുകാർ ചേർന്നാണ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചതെന്നും ഷാരൂഖ് സെയ്ഫി പറഞ്ഞു.

YouTube video player

ഇന്ന് പുലർച്ചെ രത്നഗിരി റെയിൽവെ സ്റ്റേഷനിൽ വെച്ച് എടിഎസും ഇന്റലിജൻസും മറ്റ് അന്വേഷണ ഏജൻസികളും പ്രതിയെ ചോദ്യം ചെയ്തിരുന്നു. തന്നെ ആക്രമണത്തിന് പ്രേരിപ്പിച്ച സഹയാത്രികൻ ആരാണെന്ന് ഇയാൾ പറഞ്ഞിട്ടില്ല. ഇയാൾ മുംബൈയിൽ ഇറങ്ങിയെന്നാണ് പ്രതിയുടെ മൊഴി. ദില്ലിയിൽ നിന്ന് വന്ന പ്രതി കേരളത്തിലെ ഒരു സ്റ്റേഷനിൽ ഇറങ്ങി. ഇവിടെ വെച്ചാണ് പെട്രോൾ വാങ്ങിയത്. പിന്നീട് അടുത്ത ട്രെയിനിൽ കയറിയ ശേഷം ആക്രമണം നടത്തി രണ്ട് കംപാർട്മെന്റ് അപ്പുറത്തേക്ക് മാറി. ആക്രമണത്തിന് ശേഷം അടുത്ത ട്രെയിനിൽ കയറി മുംബൈയിലേക്ക് പോവുകയായിരുന്നു.

ഖേദിനടുത്തെ റെയിൽവെ സ്റ്റേഷനിൽ വെച്ച് അപകടത്തിൽ പരിക്കേറ്റ ഷാരൂഖിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. ഇതൊരു പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്നു. പരിക്ക് ഗുരുതരമായതിനാൽ ചിപ്ലുവിലെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടർ നിർദ്ദേശിച്ചു. ഇതിനായി ആംബുലൻസ് വിളിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ചിപ്ളുവിലെ കാംതാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആംബുലൻസ് ജീവനക്കാരെ ആക്രമിച്ച് പ്രതി കടന്നു കളഞ്ഞു. ഒരു ഇന്ധന ടാങ്കറിന്റെ പുറകിൽ കയറി രക്ഷപ്പെടുകയായിരുന്നു. പിന്നീട് പോലീസ് പിടികൂടിയാണ് രത്നഗിരിയിലെ സിവിൽ ആശുപത്രിയിൽ എത്തിച്ചത്. ഇന്നലെ രാവിലെ ആറുമണിയോടെ ആശുപത്രിയിൽ നിന്നും ഇയാൾ വീണ്ടും മുങ്ങി.