Asianet News MalayalamAsianet News Malayalam

'തൃശൂര്‍ പൂരം വെറുമൊരു ചടങ്ങായി മാറുമോ?', കടുത്ത ആശങ്കയുണ്ടെന്ന് കെസി വേണുഗോപാല്‍

''തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ പൂരം ചടങ്ങില്‍ മാത്രമായി ഒതുക്കേണ്ടി വരുമെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി.''

cochin devaswom board increase pooram exhibition ground rent kc venugopal reaction joy
Author
First Published Dec 21, 2023, 10:13 AM IST

തൃശൂര്‍: തൃശൂര്‍ പൂരം ഗ്രൗണ്ട് ഫീസ് 39 ലക്ഷത്തില്‍ നിന്ന് 2.2 കോടിയായി ഉയര്‍ത്തിയ തീരുമാനം പിന്‍വലിക്കണമെന്ന് കെസി വേണുഗോപാല്‍. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ പൂരം ചടങ്ങില്‍ മാത്രമായി ഒതുക്കേണ്ടി വരുമെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. അടിയന്തരമായി 2.2 കോടി രൂപയെന്ന ഫീസ് ആവശ്യപ്പെട്ടു കൊണ്ടുള്ള തീരുമാനം ദേവസ്വം ബോര്‍ഡ് പിന്‍വലിക്കണം. സര്‍ക്കാര്‍ അതിനുള്ള നിര്‍ദേശം നല്‍കണം. അല്ലാത്ത പക്ഷം തൃശൂര്‍ പൂരത്തിന്റെ കടയ്ക്കല്‍ കത്തി വയ്ക്കുന്നതിന് തുല്യമായിരിക്കും അതെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. 

കെസി വേണുഗോപാലിന്റെ കുറിപ്പ്: കേരളത്തിന്റെ സാംസ്‌കാരിക ഉത്സവങ്ങളില്‍ ഏറ്റവും തലപ്പൊക്കത്തോടെ നില്‍ക്കുന്ന ആഘോഷമാണ് തൃശ്ശൂര്‍ പൂരം. തൃശ്ശൂരുകാര്‍ മാത്രമല്ല, മലയാളികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന പൂരങ്ങളുടെ പൂരം. എന്നാല്‍ അടുത്ത തവണ മുതല്‍ തൃശ്ശൂര്‍ പൂരം വെറുമൊരു ചടങ്ങ് മാത്രമായി മാറുമോ എന്നതില്‍ കടുത്ത ആശങ്കയുണ്ട്. കാരണം, തൃശ്ശൂര്‍ പൂരം ഗ്രൗണ്ട് ഫീസ് 39 ലക്ഷത്തില്‍ നിന്ന് 2.2 കോടിയായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഉയര്‍ത്തിക്കഴിഞ്ഞു. ഈ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ തൃശ്ശൂര്‍ പൂരം ചടങ്ങില്‍ മാത്രമായി ഒതുക്കേണ്ടി വരുമെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

ജാതി, മത, വര്‍ഗ, വര്‍ണ്ണ ഭേദമന്യേ മലയാളികള്‍ ഒഴുകിയെത്താറുള്ള പൂരം കൂടുതല്‍ സൗകര്യപ്രദമായി, സുഗമമായി നടത്താന്‍ എല്ലാവിധ സഹായവും ചെയ്തു നല്‍കേണ്ടവരാണ് ദേവസ്വം ബോര്‍ഡും സര്‍ക്കാരും. എന്നാല്‍ അതിനു പകരം, ക്ഷേത്രങ്ങളെ പണം ഊറ്റിയെടുക്കാനുള്ള സ്രോതസ്സ് മാത്രമായാണ് ഇവര്‍ കാണുന്നത്. കോടിക്കണക്കിന് വരുന്ന ഭക്തരോടും പൂരപ്രേമികളോടും അല്പമെങ്കിലും ബഹുമാനമുണ്ടായിരുന്നെങ്കില്‍ സര്‍ക്കാരില്‍ നിന്ന് ഇതുണ്ടാകുമായിരുന്നില്ല.

കേരളത്തിലെ ക്ഷേത്രങ്ങള്‍ സര്‍ക്കാരില്‍ നിന്ന് തന്നെ ഭീഷണി നേരിടുന്ന സമയം കൂടിയാണിത്. ക്ഷേത്ര മൈതാനം തന്റെ പി.ആര്‍ വര്‍ക്കായ നവകേരളാ സദസ്സിന്റെ വേദിയായി ഉപയോഗിക്കാനുള്ള പിണറായി വിജയന്റെ ശ്രമം നേരത്തെ പരാജയപ്പെട്ടിരുന്നു. ഹൈക്കോടതി തന്നെ അതിനെതിരെ രംഗത്തുവന്നു. ഇപ്പോഴിതാ തൃശ്ശൂര്‍ പൂരത്തിന് കേരളം കാണാത്തത്ര 'ചുങ്കം' ചുമത്തി ജനങ്ങളെ വെല്ലുവിളിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി തുടര്‍ന്നാല്‍ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം പിരിക്കാന്‍ ക്ഷേത്രങ്ങള്‍ ലേലം ചെയ്യുന്ന ദിവസം വിദൂരമല്ല. അടിയന്തരമായി 2.2 കോടി രൂപയെന്ന കൊള്ളഫീസ് ആവശ്യപ്പെട്ടുകൊണ്ടുള്ള തീരുമാനം ദേവസ്വം ബോര്‍ഡ് പിന്‍വലിക്കണം. സര്‍ക്കാര്‍ അതിനുള്ള നിര്‍ദേശം നല്‍കണം. അല്ലാത്ത പക്ഷം കേരളത്തിന്റെ അഭിമാനമായ തൃശ്ശൂര്‍ പൂരത്തിന്റെ കടയ്ക്കല്‍ കത്തി വെയ്ക്കുന്നതിന് തുല്യമായിരിക്കും അത്.

യാത്രക്കാരെ പിഴിഞ്ഞ് സ്വകാര്യ ബസുകളും; കേരളത്തിലെത്താന്‍ ടിക്കറ്റിന് 6,000 രൂപ വരെ 
 

Latest Videos
Follow Us:
Download App:
  • android
  • ios