നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ റൺവെ നവീകരണ ജോലികൾ ബുധനാഴ്ച തുടങ്ങും. നവീകരണ ജോലികൾ നടക്കുന്നതിനാൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് അടുത്ത വർഷം മാർച്ച് 28 വരെ പകൽ സർവ്വീസ് ഉണ്ടാകില്ലെന്ന് സിയാൽ അധികൃതർ അറിയിച്ചു. രാവിലെ 10 മുതല്‍ വൈകീട്ട് ആറുവരെയാണ് റൺവേയുടെ പ്രതലം പരുക്കനായി നിലനിർത്താനുള്ള റീസർഫസിംഗ് ജോലികൾ നടക്കുക. റൺവെ, ടാക്‌സി ലിങ്കുകൾ എന്നിവയുൾപ്പെടെ മൊത്തം 5 ലക്ഷം ചതുരശ്ര മീറ്റർഭാഗത്താണ് വിമാനങ്ങളുടെ ലാൻഡിംഗ് സുരക്ഷ ഉറപ്പാക്കാനുള്ള റീ-സർഫിങ് ജോലികൾ നടക്കുന്നത്.

ഈ സമയത്ത് വിമാനങ്ങളുടെ ടേക്-ഓഫ്, ലാന്‍ഡിങ് എന്നിവ നടത്താനാകില്ല. ഇതേത്തുടർന്ന് മിക്ക സർവീസുകളും വൈകീട്ട് ആറ് മുതൽ രാവിലെ 10 വരെയുള്ള സമയത്തേയ്ക്ക് പുനഃക്രമീകരിച്ചു. സ്‌പൈസ് ജെറ്റിന്‍റെ മാലദ്വീപ് സർവീസ് മാത്രമാണ് രാജ്യാന്തര വിഭാഗത്തിൽ റദ്ദാക്കിയത്. വിവിധ എയർലൈനുകളുടെ അഹമ്മദാബാദ്, ദില്ലി, ചെന്നൈ, മൈസൂർ എന്നിവിടങ്ങളിലേയ്ക്കുള്ള ഓരോ സർവ്വീസുകളും റദ്ദാക്കി. ദിവസേന 30000 യാത്രക്കാരെയും 240 സർവ്വീസുകളുമാണ് നെടുമ്പാശ്ശേരി വിമാനത്താവളം കൈകാര്യം ചെയ്യുന്നത്. 

നവീകരണ ജോലികൾ നടക്കുമ്പോൾ വിമാനത്താവളത്തിന്‍റെ പ്രവർത്തനം 16 മണിക്കൂറായി ചുരുങ്ങുന്നതിനാൽ തിരക്ക് പരിഗണിച്ച് ചെക്ക്‍ ഇൻ സമയം വർധിപ്പിച്ചതായും സിയാൽ അധികൃതര്‍ അറിയിച്ചു. ആഭ്യന്തര യാത്രക്കാർക്ക് മൂന്ന് മണിക്കൂർ മുമ്പും രാജ്യാന്തര യാത്രക്കാർക്ക് നാല് മണിക്കൂർ മുമ്പും ചെക്ക് ഇൻ ചെയ്യാനാകും. വിമാനത്താവളത്തിൽ 100 സുരക്ഷാ ഭടൻമാരെ കൂടി സിഐഎസ്എഫ് നിയോഗിച്ചിട്ടുണ്ട്. റൺവെ നവീകരണ പ്രവർത്തനങ്ങൾക്ക് 150 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.