ഇന്ത്യയിലെ പ്രമുഖ സൈബർ സെക്യൂരിറ്റി കോൺഫറൻസായ c0c0n-ന്റെ 19-ാം പതിപ്പ് (c0c0n 2026) ഒക്ടോബർ 6 മുതൽ 13 വരെ കൊച്ചിയിൽ നടക്കും. കേരള പോലീസിന്റെ നേതൃത്വത്തിൽ 'Empowering Cyber Resilience' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ ആഗോള സൈബർ സുരക്ഷാ വിദഗ്ധർ പങ്കെടുക്കും.
കൊച്ചി: ഇന്ത്യയിൽ ഏറ്റവും ദീർഘകാലമായി തുടരുന്ന സൈബർ സെക്യൂരിറ്റി ആൻഡ് ഹാക്കിംഗ് കോൺഫറൻസുകളിലൊന്നായ c0c0n-ന്റെ 19-ാം പതിപ്പിന് (c0c0n 2026) കൊച്ചി വേദിയാകുന്നു. ഒക്ടോബർ 6 മുതൽ 13 വരെ കൊച്ചിയിലെ ഗ്രാൻഡ് ഹയാത്ത്, ബോൾഗാട്ടിയിലാണ് സമ്മേളനം നടക്കുന്നത്. കേരള പൊലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ സമ്മേളനത്തിന്റെ പ്രമേയം 'Empowering Cyber Resilience: Strategy, Deep-Tech, and Global Enforcement' എന്നതാണ്. ഇന്ത്യയിലും വിദേശത്തുമുള്ള സൈബർ സുരക്ഷാ വിദഗ്ധർ, സർക്കാർ-നിയമപാലന ഏജൻസികൾ, വ്യവസായ പ്രമുഖർ, ഗവേഷകർ, സാങ്കേതിക വിദഗ്ധർ, അക്കാദമിക് സമൂഹം, വിദ്യാർത്ഥികൾ എന്നിവർ ഈ സംഗമത്തിൽ പങ്കെടുക്കും. 200-ലേറെ സ്പീക്കർമാർ, 3,000-ലേറെ പങ്കാളികൾ, 20-ലേറെ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, 25,000 ചതുരശ്ര അടി വിസ്തൃതിയുള്ള എക്സിബിഷൻ ഏരിയ, 20-ലേറെ സാങ്കേതിക പരിശീലന പരിപാടികൾ എന്നിവ c0c0n 2026-ന്റെ ഭാഗമാകും.
പ്രധാന ചർച്ചാ മേഖലകളും ആഗോള വിദഗ്ധരും
ആര്‍ട്ടിഫിഷ്യൽ ഇന്റലിജൻസിൽ തുടങ്ങി, ചൈൽഡ് സെക്ഷ്വൽ എക്സ്പ്വോയിറ്റേഷൻ ആൻഡ് അഭ്യൂസ് വരെയുള്ള വിവിധ വിഷയങ്ങളിൽ ചര്‍ച്ചകൾ നടക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയർമാൻ ചല്ല ശ്രീനിവാസുലു സെട്ടി, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ എംഡി & സിഇഒ ആശിഷ് കുമാർ ചൗഹാൻ, യുഎഇ സൈബർ സെക്യൂരിറ്റി മേധാവി എച്ച്.ഇ. ഡോ. മൊഹമ്മദ് അൽ കുവൈത്തി, സിഇആര്‍ടി-ഇൻ ഡയറക്ടർ ജനറൽ ഡോ. സഞ്ജയ് ബാൽ, ഒമാൻ നാഷണൽ സിഇആര്‍ടി ഡയറക്ടർ ജനറൽ എഞ്ചി. ബദർ അൽ സലേഹി, ഇന്റർപോൾ ഓഫീസർ ബോൺ റിച്ചാർഡ് വാട്നെ തുടങ്ങിയ പ്രമുഖർ സമ്മേളനത്തിൽ സംസാരിക്കും.
എട്ട് ദിവസത്തെ പരിശീലനവും പരിപാടികളും
മൂന്ന് ഘട്ടങ്ങളിലായാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. ഒക്ടോബർ 6 - 8: പ്രീ-കോൺഫറൻസ് സാങ്കേതിക പരിശീലനങ്ങൾ നടക്കും. ഒക്ടോബർ 9 - 10 വരെ ആണ് പ്രധാന കോൺഫറൻസ്. ഒക്ടോബർ 11 - 13: പോസ്റ്റ്-കോൺഫറൻസ് സാങ്കേതിക പരിശീലനങ്ങൾ എന്നിവയും, കീനോട്ട് സെഷനുകൾ, ടെക്നിക്കൽ ടാക്കുകൾ, മാസ്റ്റർ ക്ലാസുകൾ, റൗണ്ട് ടേബിളുകൾ എന്നിവയ്‌ക്കുമൊപ്പം Capture the Flag (CTF), സൈബർ സെക്യൂരിറ്റി വില്ലേജുകൾ, ലൈവ് ബഗ് ബൗണ്ടി പ്രവർത്തനങ്ങൾ എന്നിവയും ഉണ്ടാകും.
കുട്ടികളുടെ ഓൺലൈൻ സുരക്ഷയും അന്വേഷണ മികവും
കുട്ടികളെ ലക്ഷ്യമിട്ടുള്ള ഓൺലൈൻ ലൈംഗിക ചൂഷണവും ദുരുപയോഗവും നേരിടാൻ CSEA ട്രാക്ക് പ്രത്യേകമായി ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, സൈബർ കുറ്റാന്വേഷണ രംഗത്ത് പ്രായോഗിക പരിശീലനം നൽകാൻ LEA CTF 2.0 സംഘടിപ്പിക്കും. കേരള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ സംരംഭത്തിന്റെ പശ്ചാത്തലത്തിൽ, ഡാർക്ക് വെബ്, ടോര്‍ നെറ്റ്‌വർക്ക്, ക്രിപ്‌റ്റോകറൻസി ഇടപാടുകൾ, ഡിജിറ്റൽ തെളിവുകൾ എന്നിവ വിശകലനം ചെയ്യുന്നതിനായി 'The Dark Web: Beyond the Anonymity' എന്ന പേരിൽ പോസ്റ്റ് കോൺഫറൻസ് പരിശീലനവും ക്രമീകരിച്ചിട്ടുണ്ട്. അക്കാദമിക്-സുരക്ഷാ സഹകരണത്തിനായി LEA Call for Papers വഴിയും അവസരമൊരുക്കുന്നു.


