Asianet News MalayalamAsianet News Malayalam

വിലത്തകർച്ച രൂക്ഷം, സംഭരണം പാളി; സമാനതകളില്ലാത്ത പ്രതിസന്ധിയിൽ നാളികേര കർഷകർ

ഈ സീസണിൽ അമ്പതിനായിരം ടൺ കൊപ്ര സംഭരിക്കാനാണ് കേന്ദ്രം അനുമതി നൽകിയത്. എന്നാൽ സംസ്ഥാനത്ത് സംഭരിച്ചത് വെറും 300 ടണ്ണിൽ താഴെ മാത്രം

Coconut farmers in Kerala faces huge trouble
Author
First Published Nov 10, 2022, 5:33 PM IST

കോഴിക്കോട്: അതിരൂക്ഷമായ വിലതകർച്ചയ്ക്കൊപ്പം സംഭരണം കൂടി പാളിയതോടെ സമാനതകളില്ലാത്ത പ്രതിസന്ധിയാണ് നാളികേര കർഷകർ നേരിടുന്നത്. കൂലി ചെലവ് പോലും കിട്ടാത്ത സാഹചര്യത്തിൽ പലരും കൃഷി ഉപേക്ഷിക്കുകയാണ്. വിലസ്ഥിരത പദ്ധതി പോലെ, അടിയന്തര രക്ഷാ പാക്കേജ് കൃഷിവകുപ്പ് ഉടനടി പ്രഖ്യാപിക്കണമെന്നാണ് നാളികേര കർഷകരുടെ ആവശ്യം.

വഴിയോരങ്ങളിൽ കിടന്ന്, തേങ്ങ മുളച്ചുപോകുന്നത് നിസ്സഹായരായി നോക്കിനിൽക്കേണ്ടിവരുന്ന കർഷകരാണ് കോഴിക്കോടിന്‍റെ മലയോര മേഖലയിൽ ഇപ്പോഴുള്ളത്. വിലതകർച്ചയിൽ നിന്ന് രക്ഷനേടാൻ കർഷകർ സ്വന്തം നിലയ്ക്ക് തുടങ്ങിയതാണ് മരുതോങ്കര പഞ്ചായത്തിലെ പ്രാദേശിക സഹകരണ സംഘം. സർക്കാർ തിരിഞ്ഞു നോക്കാത്തിടത്ത് സ്വന്തം നിലയ്ക്ക് ഇവർ തേങ്ങാ സംഭരിച്ചുപോരുന്നു. കർഷകർക്ക് ന്യായവിലയും നൽകും. എന്നാൽ താങ്ങുവില ആയി കൃഷിവകുപ്പ് പ്രഖ്യാപിച്ച 32 രൂപ കൃത്യമായി കിട്ടാത്ത അവസ്ഥയിൽ സംഘത്തിന്‍റെ പ്രവർത്തനം എപ്പോൾ വേണമെങ്കിലും നിലയ്ക്കുമെന്ന സ്ഥിതിയാണ്.

ഇനി കൊപ്ര വിറ്റ് പിടിച്ചുനിൽക്കാമെന്ന് കരുതിയാൽ, ആ പ്രതീക്ഷയും വേണ്ട. തേങ്ങ പോലെ തന്നെ കൊപ്ര സംഭരിക്കാനും നാട്ടിൽ ഒരു സംവിധാനവുമില്ല. ഈ സീസണിൽ അമ്പതിനായിരം ടൺ കൊപ്ര സംഭരിക്കാനാണ് കേന്ദ്രം അനുമതി നൽകിയത്. എന്നാൽ സംസ്ഥാനത്ത് സംഭരിച്ചത് വെറും 300 ടണ്ണിൽ താഴെ മാത്രം. ആവശ്യത്തിന് സംഭരണ കേന്ദ്രങ്ങൾ ഇല്ലാത്തതാണ് സംസ്ഥാനത്തെ പ്രശ്നം. റബ്ബർ വിലസ്ഥിരതാ പദ്ധതി പോലെ അടിയന്തര രക്ഷാ പാക്കേജ് എങ്കിലും പ്രഖ്യാപിച്ചില്ലെങ്കിൽ നാളികേര കൃഷി അപ്പാടെ നിലച്ചുപോകുമെന്ന് കർഷകർ പറയുന്നു.

Follow Us:
Download App:
  • android
  • ios