Asianet News MalayalamAsianet News Malayalam

ആവശ്യമെങ്കിൽ മെഡിക്കൽ സംഘത്തെ അയക്കും; എല്ലാ സഹായവും നൽകും: മുഖ്യമന്ത്രി

പ്രത്യേക മെഡിക്കൽ ടീമിനെ അയക്കാൻ ആലോചിക്കുന്നുണ്ടെന്നും, പരിക്കേറ്റവർക്ക് വിദഗ്‍ധ ചികിത്സ ലഭ്യമാക്കാൻ എല്ലാ നടപടികളുമെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

coimbatore ksrtc accident cm pinarayi vijayan responds
Author
Thiruvananthapuram, First Published Feb 20, 2020, 10:42 AM IST

തിരുവനന്തപുരം: കോയമ്പത്തൂരിനടുത്ത് അവിനാശിയിൽ കെഎസ്ആർടിസി ബസ്സും കണ്ടെയ്‍നർ ലോറിയും ഇടിച്ചുണ്ടായ അപകടത്തിൽ അടിയന്തര ദുരിതാശ്വാസ നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ രണ്ട് മന്ത്രിമാരെ ഉടനടി തിരുപ്പൂരിലേക്ക് അയച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗതാഗതമന്ത്രി എ കെ ശശീന്ദ്രനും കൃഷി മന്ത്രി വിഎസ് സുനിൽ കുമാറും അൽപസമയത്തിനകം സ്ഥലത്ത് എത്തിച്ചേരും. പ്രത്യേക മെഡിക്കൽ ടീമിനെ അയക്കാൻ ആലോചിക്കുന്നുണ്ടെന്നും, പരിക്കേറ്റവർക്ക് വിദഗ്‍ധ ചികിത്സ ലഭ്യമാക്കാൻ എല്ലാ നടപടികളുമെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആവശ്യമായ എല്ലാ തുടർ നടപടികളും സ്വീകരിക്കാനുള്ള ഏകോപനച്ചുമതല ചീഫ് സെക്രട്ടറി ടോം ജോസിനാണ്. തമിഴ്‍നാട് സർക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകാനായി കോയമ്പത്തൂരേക്ക് മാറ്റാൻ ആലോചിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

കേരള സർക്കാർ ബന്ധപ്പെട്ട ഉടൻ തന്നെ, തമിഴ്‍നാട് സർക്കാർ എല്ലാ സഹായവും ഉറപ്പ് നൽകിയിട്ടുണ്ട്. തമിഴ്‍നാട് നിയമസഭാ സമ്മേളനം നടക്കുന്ന സമയമാണ്. അതിനാൽ അപകടവുമായി ബന്ധപ്പെട്ട വിവരങ്ങളും രക്ഷാ പ്രവർത്തനങ്ങളും വിലയിരുത്താൻ ഒരു ഉന്നതതല ഉദ്യോഗസ്ഥയോഗം തമിഴ്‍നാട് സെക്രട്ടേറിയറ്റിൽ ചേരുന്നുണ്ട്. തിരുപ്പൂർ ജില്ലാ ഭരണകൂടം സംഭവിച്ചതിനെക്കുറിച്ച് പ്രാഥമിക റിപ്പോർട്ട് ഈ യോഗത്തിൽ നൽകും. കൂടുതൽ നിർദേശങ്ങൾ ഈ യോഗത്തിൽ നൽകുമെന്നാണ് ഞങ്ങളുടെ ചെന്നൈ ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നത്. 

അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വിളിക്കേണ്ട ഹെൽപ് ലൈൻ നമ്പറുകൾ ഇതാണ്:

പാലക്കാട് ഡിപിഒ-യുടെ ഹെൽപ് ലൈൻ നമ്പർ - 9447655223, 0491 2536688

കെഎസ്ആർടിസി ഹെൽപ് ലൈൻ നമ്പർ - 9495099910

കേരളാ പൊലീസിന്‍റെ ഹെൽപ് ലൈൻ നമ്പർ - 9497996977, 9497990090, 9497962891

തിരുപ്പൂര്‍ കളക്ടറേറ്റിലെ ഹെൽപ്പ്‍ലൈന്‍ നമ്പർ - 7708331194 

അതേസമയം, മരണമടഞ്ഞവരുടെ ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിയുന്നതിനും മറ്റു നടപടികള്‍ക്കുമായി എത്രയും വേഗം പാലക്കാട് ജില്ലാ പോലീസ് മേധാവി ശിവ വിക്രമുമായി ബന്ധപ്പെടണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. മുകളിൽ കാണിച്ച കേരളാ പൊലീസിന്‍റെ ഹെൽപ് ലൈൻ നമ്പറുകളിൽ വിളിക്കാം. എല്ലാ സഹായങ്ങൾക്കും പാലക്കാട്ട് നിന്നുള്ള പൊലീസ് സംഘം അവിനാശിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. 

അപകടത്തില്‍ മരണമടഞ്ഞവരുടെ പോസ്റ്റ്‍മോർട്ടം നടപടികള്‍ വേഗത്തിലാക്കുന്നതിനും മ്യതശരീരങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനും ആവശ്യമായ സജ്ജീകരണങ്ങൾ ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്ന് തമിഴ്നാട് ഡിജിപിയും കോയമ്പത്തൂര്‍ സിറ്റി പോലീസ് കമ്മീഷണറും സംസ്ഥാന പോലീസ് മേധാവിക്ക് ഉറപ്പ് നൽകിയതായി ഡിജിപിയുടെ ഓഫീസ് അറിയിക്കുന്നു. അപകടവിവരം അറിഞ്ഞയുടന്‍ തന്നെ സംസ്ഥാന പോലീസ് മേധാവി തമിഴ്നാട്ടിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഫോണില്‍ സംസാരിച്ച് സഹായം അഭ്യര്‍ത്ഥിച്ചിരുന്നുവെന്നും ഡിജിപി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. 

Follow Us:
Download App:
  • android
  • ios