കൊച്ചി/ തൃശൂര്‍: തമിഴ്നാടിലെ അവിനാശിയില്‍ വാഹനാപകടത്തിൽ മരിച്ചവർക്ക് നാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി. അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസ്സിലെ ജീവനക്കാരായ ബൈജു, ഗിരീഷ് എന്നിവരടക്കം 15 പേരുടെ സംസ്കാര ചടങ്ങുകളാണ് രാവിലെ നടന്നത്. 

അവധി ദിനത്തിൽ അച്ഛനെയും അമ്മയെയും കാണാൻ യാത്ര തുടങ്ങിയ മകൾ ചേതനയറ്റ് കിടക്കുന്നത് കാണേണ്ടിവന്ന അമ്മയുടെ നിലവിളി മാത്രമായിരുന്നു തൃപ്പൂണിത്തുറയിലെ ഗോപികയുടെ വീട്ടിൽ. ഗോപികയ്ക്ക് അന്തിമോപചാരമർപ്പിക്കാനെത്തിയവർക്കും അത് കണ്ടു നിൽക്കാൻ കഴിയാത്ത വേദനായായി. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ നിന്ന് രാവിലെ എട്ട് മണിയോടെ വീട്ടിലെത്തിച്ച മൃതദേഹം വൻ ജനാവലിയെ സാക്ഷിയാക്കി പത്ത് മണിയോടെ പൊതു ശ്മശാനത്തിലെത്തിച്ചാണ് സംസ്കരിച്ചത്.

കെഎസ്ആർടിസിയിലെ കണ്ടക്ടര്‍ വി ആർ ബൈജുവിന്‍റെ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ മുതൽ അണമുറിയാതെ ജനാവലിയായിരുന്നു. നാടിനും സ്ഥാപനത്തിനും ഒരുപോലെ പ്രിയങ്കരനായ ബൈജുവിന് യാത്രമൊഴി നേരാൻ വൻ ജനാവലിയെത്തി. 10 മണിയോടെ വീടിനോട് ചേർന്ന് സംസ്കാരം നടന്നു. തൊട്ട് പിന്നാലെ സഹപ്രവർത്തകൻ ഗിരീഷിന്‍റെ ചിതയൊരുങ്ങി. ഫ്രീസറിന്‍റെ ചില്ല് കൂട് തുറന്ന് മൃതദേഹം പുറത്തെടുത്തപ്പോഴേക്കും കണ്ടു നിന്നവർ നിയന്ത്രണവിട്ട് കരയുകയായിരുന്നു. 12 മണിയോടെ വളയൻ ചിറങ്ങരയിലായിരുന്നു സംസ്കാരം.

വിവാഹം കഴിഞ്ഞ് മാസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് ഇടപ്പള്ളിയിലെ ഐശ്വര്യയെ മരണം തട്ടിയെടുക്കുന്നത്. പോണേക്കരയിലെ വീട്ടിലെത്തിച്ച മകളുടെ മൃതദേഹം അച്ഛനും അമ്മയും ചേര്‍ന്നാണ് ഏറ്റുവാങ്ങിയത്. തുടർന്ന് ഏളമക്കര ശ്മശാനത്തിൽ സംസ്കാരം നടന്നു. പാലക്കാട് തിരുവേഗപുറം സ്വദേശി രാഗേഷിൻ്റെ മൃതദേഹം ചെറുതുരുത്തി പുണ്യ തീരത്താണ് സംസ്കരിച്ചത്. മംഗലാംകുന്ന് സ്വദേശി ശിവകുമാറിൻ്റെ മൃതദേഹം തിരുവല്ലാ മല ഐവർമഠം ശ്മശാനത്തിൽ സംസ്കരിച്ചു.

ചന്ദ്രനഗർ സ്വദേശി റോസ്‌ലിയുടെ മൃതദേഹം പ്രെവിഡൻഷൽ ദേവാലയത്തിലെ പ്രാർത്ഥന ചടങ്ങുകൾക്ക് ശേഷം യാക്കര സെമിത്തേരിയിൽ സംസ്കരിച്ചു. റോസ്ലിയോടൊപ്പം ബസിലുണ്ടായിരുന്ന മരുമകൾ സോന സണ്ണി പാലക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സോനയുടെ മകൻ എൽകെജി വിദ്യാർത്ഥിയായിരുന്ന അലൻ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. പയ്യന്നൂർ സ്വദേശി സനൂപിന്‍റെ മൃതദേഹം വീടിനോട് ചേർന്ന് പൊതുശ്മശാനത്തിൽ സംസ്ക്കരിച്ചു.  

അപകടത്തിൽ മരിച്ച തൃശൂർ സ്വദേശികളുടെ മൃതദേഹവും രാവിലെയോടെ സംസ്കരിച്ചു. അരിമ്പൂർ സ്വദേശി യേശുദാസിന്‍റെ മൃതദേഹം സെന്‍റ്  തെരേസാസ് കപ്പൽ പള്ളിയിലും ചിറ്റിലപ്പള്ളി സ്വദേശി ഹനീഷിന്‍റെ മൃതദേഹം പാറമേക്കാവ് ശാന്തി ഘട്ടിലുമാണ് സംസ്കരിച്ചത്. വടക്കാഞ്ചേരി സ്വദേശി അനുവിന്റെ സംസ്കാരം ഇയ്യലിലും ഒല്ലൂർ സ്വദേശി ജോഫിയുടെ സംസ്കാരം ഒല്ലൂർ പള്ളിയിലും നടന്നു. ചാവക്കാട് സ്വദേശി നസീഫിന്റെ ഖബറടക്കം പുലർച്ചെ നടന്നു. ഒല്ലൂരിൽ നിന്നുള്ള ഇഗ്നി റാഫേൽ ഇന്‍റെ സംസ്കാരം നാളെ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഇഗ്നിയുടെ ഭാര്യ ബിൻസി കോയമ്പത്തൂരിൽ ചികിത്സയിലാണ്.

"