കോയമ്പത്തൂർ: അവിനാശിക്കടുത്ത് ദേശീയപാതയ്ക്ക് അടുത്ത് കെഎസ്ആർടിസി ബസ്സിൽ വന്നിടിച്ച കണ്ടെയ്‍നർ ലോറി ഡ്രൈവർ അറസ്റ്റിൽ. പാലക്കാട് സ്വദേശി ഹേമരാജാണ് അറസ്റ്റിലായത്. അപകടമുണ്ടായ സമയത്ത് ഓടി രക്ഷപ്പെട്ട ഇയാൾ പിന്നീട് പൂണ്ടി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. 

മാർബിൾ കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. എറണാകുളത്തെ വല്ലാർപാടം കണ്ടെയ്‍നർ ടെർമിലനിൽ നിന്ന് ലോഡ് കയറ്റിക്കൊണ്ടുപോവുകയായിരുന്നു ലോറി. ഡ്രൈവർ ഉറങ്ങിപ്പോയതോടെ വണ്ടി നിയന്ത്രണം തെറ്റി ഡിവൈഡറിലിടിച്ച് കയറി. ഡിവൈഡർ ഇടിച്ച് തെറിപ്പിച്ച് കുറേ ദൂരം ലോറി നിരങ്ങി നീങ്ങി. ഇതോടെ, ചൂട് കാരണം ലോറിയുടെ പിന്നിലെ ടയർ പൊട്ടി. ഇതോടെ ഡിവൈഡർ ഇടിച്ച് തെറിപ്പിച്ച് വണ്ടിയിലുണ്ടായ കണ്ടെയ്‍നർ എതിർദിശയിൽ വരികയായിരുന്ന കെഎസ്ആർടിസിയിലിടിക്കുകയായിരുന്നു. കെഎസ്ആർടിസിയുടെ വലത് ഭാഗം മുഴുവൻ കണ്ടെയ്‍നർ ഇടിച്ച് തകർത്തു. ആ നിരയിലിരുന്ന ആളുകൾക്കെല്ലാം സാരമായ പരിക്കേൽക്കുകയോ മരിക്കുകയോ ചെയ്തു.

Read more at: കോയമ്പത്തൂർ അപകടം: മരിച്ച 19 പേരും മലയാളികൾ, എല്ലാവരെയും തിരിച്ചറിഞ്ഞു

അപകടത്തിൽ തമിഴ്‍നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി നടുക്കം രേഖപ്പെടുത്തി. അപകടത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഡ്രൈവർ ഉറങ്ങിപ്പോയതാണെന്ന റിപ്പോർട്ട് എടപ്പാടി സ്ഥിരീകരിക്കുകയും ചെയ്തു. നിയമസഭയിലാണ് മുഖ്യമന്ത്രി എടപ്പാടിയുടെ പ്രസ്താവന.

അതേസമയം, കോയമ്പത്തൂർ അവിനാശിയിൽ 20 പേരുടെ മരണത്തിനിടയാക്കിയ കണ്ടെയ്നർ ലോറി എറണാകുളം സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞു. കടവന്ത്രയിൽ പ്രവർത്തിക്കുന്ന കോസ്റ്റ ഷിപ്പിംഗ് എന്ന കമ്പനിയുടേതാണ് ലോറി. ഒരു വർഷം മുൻപ് രജിസ്റ്റർ ചെയ്ത പുതിയ ലോറിയാണ് ദാരുണമായ അപകടം ഉണ്ടാക്കിയത്.

നിഷേധിച്ച് ലോറി ഡ്രൈവറുടെ സഹോദരൻ

എന്നാൽ തന്‍റെ സഹോദരന് മദ്യപിക്കുന്ന ശീലമില്ലെന്നും മനഃപൂർവം അപകടമുണ്ടാക്കിയതല്ലെന്നും അറസ്റ്റിലായ ഡ്രൈവറുടെ സഹോദരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇതുവരെ ഹേമരാജ് ഓടിച്ച വണ്ടിയിടിച്ച് ഒരു അപകടമുണ്ടായിട്ടില്ല. പുലർച്ചെ അപകടമുണ്ടായ ഉടൻ തന്നെ സഹോദരൻ വിളിച്ചിരുന്നു. ലോറിയുടെ ടയർ പൊട്ടിപ്പോയതാണെന്നും, അങ്ങനെയാണ് അപകടമുണ്ടായതെന്നുമാണ് ഹേമരാജ് സഹോദരനോട് പറഞ്ഞത്. താൻ ഉറങ്ങിപ്പോയിട്ടില്ലെന്ന് ഹേമരാജ് പറഞ്ഞതായും സഹോദരൻ. 

Read more at: അപകടം ഉണ്ടാക്കിയ ലോറി എറണാകുളം സ്വദേശിയുടേത്