കൊച്ചി: കോയമ്പത്തൂർ അവിനാശിയിൽ 20 പേരുടെ മരണത്തിനിടയാക്കിയ കണ്ടെയ്നർ ലോറി എറണാകുളം സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞു. കടവന്ത്രയിൽ പ്രവർത്തിക്കുന്ന കോസ്റ്റ ഷിപ്പിംഗ് എന്ന കമ്പനിയുടേതാണ് ലോറി. ഒരു വർഷം മുൻപ് രജിസ്റ്റർ ചെയ്ത പുതിയ ലോറിയാണ് അപകടം ഉണ്ടാക്കിയത്. കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ ഹേമരാജ് പൊലീസ് സ്റ്റേഷനില്‍ ഹാജരായിയെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍, തമിഴ്നാട് പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. പാലക്കാട് സ്വദേശിയാണ് ഹേമരാജ്. 

വല്ലാർപാടം ടെർമിനലിൽ നിന്നും ടൈല്‍ നിറച്ച കണ്ടെയിനറുമായി പോകുകന്നതിനിടെയാണ് ലോറി അപകടത്തില്‍പ്പെട്ടത്. കോയമ്പത്തൂർ–സേലം ബൈപ്പാസിൽ മുന്‍വശത്തെ ടയർ പൊട്ടിയ കണ്ടെയ്നർ ലോറി, റോഡിന് ഇടയ്ക്കുള്ള ഡിവൈഡർ മറികടന്ന് മറുഭാഗത്ത് വൺവേയില്‍ പോകുകയായിരുന്ന കെഎസ്ആർടിസി ബസിലേക്ക് വന്നിടിച്ചുകയറുകയായിരുന്നു. ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വരുകയായിരുന്ന KL 15 A 282 നമ്പർ ബാംഗ്ലൂർ– എറണാകുളം ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ 48 സീറ്റിലും യാത്രക്കാർ ബുക്ക്‌ ചെയ്തിരുന്നു എന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.

Also Read: തകര്‍ന്ന് തരിപ്പണമായി കെഎസ്ആർടിസി; അവിനാശിയിലെ വാഹനാപകടത്തിൽ മരണം 20 ആയി, ഏറെയും മലയാളികൾ

അപകടത്തിൽ മരിച്ച 20 പേരിൽ 12 പേരെയും തിരിച്ചറിഞ്ഞു. പാലക്കാട്, തൃശ്ശൂർ, എറണാകുളം, ഒറ്റപ്പാലം എന്നീ പ്രദേശങ്ങളിൽ നിന്നുള്ളവരാണ് മരിച്ചവരിൽ തിരിച്ചറിഞ്ഞവരെല്ലാം. പാലക്കാട് സ്വദേശി രാജേഷ്  (35), തുറവൂർ ജിസ്മോൻ ഷാജു (24), തൃശൂർ സ്വദേശി നസീഫ് മുഹമ്മദ് (24),  ശിവകുമാർ (35) അറക്കുന്നം സ്വദേശി ബൈജു (47), ഐശ്വര്യ (28), തൃശ്ശൂർ സ്വദേശി ഇഗ്നി റാഫേൽ (39), കിരൺ കുമാർ (33), തൃശ്ശൂർ സ്വദേശി ഹനീഷ് (25), എറണാകുളം ഗിരീഷ് (29), റോസ്ലി എന്നിവരെയാണ് തിരിച്ചറിഞ്ഞത്. മരിച്ചവരുടെ ബാഗുകളിൽ നിന്നോ പഴ്‍സിൽ നിന്നോ ലഭിച്ച വിവരങ്ങൾ അനുസരിച്ചാണ് പേരും മേൽവിലാസവും ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. കെഎസ്ആർടിസിയിൽ നിന്ന് ബസ് ജീവനക്കാരുടെയും വിവരങ്ങൾ ലഭിച്ചു. 

Also Read: കോയമ്പത്തൂർ അപകടം: മരിച്ച 20-ൽ 12 പേരെ തിരിച്ചറിഞ്ഞു, ഡ്രൈവറും കണ്ടക്ടറും മരിച്ചു

കെഎസ്ആർടിസി ബസ് ഓടിച്ചിരുന്ന ഡ്രൈവറും കണ്ടക്ടറും മരിച്ചെന്ന് ഗതാഗതമന്ത്രിയും തിരുപ്പൂർ ജില്ലാ ഭരണകൂടവും സ്ഥിരീകരിക്കുന്നു. ഡ്രൈവർ കം കണ്ടക്ടർമാരായിരുന്ന വി ആർ ബൈജു, ഗിരീഷ് എന്നിവരാണ് മരിച്ചത്. 

അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വിളിക്കേണ്ട ഹെൽപ് ലൈൻ നമ്പറുകൾ ഇതാണ്:

പാലക്കാട് ഡിപിഒ-യുടെ ഹെൽപ് ലൈൻ നമ്പർ - 9447655223, 0491 2536688

കെഎസ്ആർടിസി ഹെൽപ് ലൈൻ നമ്പർ - 9495099910

കേരളാ പൊലീസിന്‍റെ ഹെൽപ് ലൈൻ നമ്പർ - 9497996977, 9497990090, 9497962891

തിരുപ്പൂര്‍ കളക്ടറേറ്റിലെ ഹെൽപ്പ്‍ലൈന്‍ നമ്പർ - 7708331194 

Also Read: കോയമ്പത്തൂർ അപകടത്തിൽ മരിച്ചവരെല്ലാം മലയാളികൾ: രണ്ട് മന്ത്രിമാർ തിരുപ്പൂരിലേക്ക്