ചെന്നൈ: തമിഴ്‌നാട്ടിലെ തിരുപ്പൂർ അവിനാശിയിലുണ്ടായ വാഹനാപകടത്തില്‍ അറസ്റ്റിലായ കണ്ടെയ്നർ ലോറി ഡ്രൈവര്‍ ഹേമരാജിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ഡ്രൈവിങ്ങിനിടെ ശ്രദ്ധ നഷ്ടപ്പെട്ടതാണ് അപകടത്തിലേക്ക് വഴിവച്ചതെന്നാണ് ഡ്രൈവറുടെ മൊഴി. ഹേമരാജിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതേസമയം വിശദ പരിശോധനയ്ക്കായി കേരള മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ അടക്കം ഉടന്‍ തിരുപ്പൂരിലെത്തും.

കൊച്ചി കടവന്ത്രയിലെ കോസ്റ്റ ഷിപ്പിങ്ങ് കമ്പനിയുടേതാണ് ലോറി. വല്ലാര്‍പാടം ടെര്‍മിനലില്‍ നിന്ന് ടൈല്‍ നിറച്ച കണ്ടെനറുമായി പോകുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. ലോറിയില്‍ അമിത ലോഡ് കയറ്റിയിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. ഡ്രൈവിങ്ങിനിടയില്‍ ശ്രദ്ധ നഷ്ടപ്പെട്ടെന്നും ഡിവൈഡറില്‍ ഇടിച്ച ശേഷമാണ് നിയന്ത്രണം നഷ്ടപ്പെട്ടതായി തിരിച്ചറിവ് വന്നതെന്നും ഡ്രൈവര്‍ ഹേമരാജ് മൊഴി നല്‍കി. ഡിവൈഡറില്‍ ഇടിച്ച് കയറിയതിന്‍റെ ആഘാതത്തില്‍ കണ്ടെയ്നർ ഇരട്ടിപ്രഹരത്തില്‍ ബസ്സിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തിന് പിന്നാലെ ഒളിവില്‍ പോയ ഹേമരാജിനെ ഈറോഡിലെ പെരുന്തുറയില്‍ നിന്നാണ് തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തത്. 

Read More: ഡിവൈഡർ ഇടിച്ച് തെറിപ്പിച്ച് ബസ്സിൽ ഇടിച്ചു; കോയമ്പത്തൂർ അപകടത്തിന്‍റെ കാരണമെന്ത്?

അപകടത്തില്‍ 19 പേരുടെ ജീവനാണ് പൊളിഞ്ഞത്. ചികിത്സയിലുള്ളവരില്‍ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്. കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റിയ ഒരാളുടെ കാര്യത്തിലാണ് ആശങ്ക കൂടുതല്‍. പരിക്ക് സാരമല്ലാത്തവര്‍ ഇന്നലെ തന്നെ നാട്ടിലേക്ക് മടങ്ങി തുടങ്ങിയിരുന്നു. മുഴുവന്‍ മൃതദേഹങ്ങളുടെയും പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഇന്നലെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. ആവശ്യമെങ്കില്‍ വിദഗ്ധ പരിശോനയ്ക്കായി കൂടുതല്‍ മെഡിക്കല്‍ സംഘത്തെ തിരുപ്പൂരിലേക്ക് അയക്കുമെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം അപകടത്തെക്കുറിച്ച് വിശദ അന്വേഷണം തുടങ്ങി. കെഎസ്ആര്‍ടിസി, മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വിശദ അന്വേഷണം നടത്തും. കേരള സര്‍ക്കാര്‍ തമിഴ്നാടുമായി ബന്ധപ്പെട്ട് സ്ഥിതി വിലയിരുത്തുകയാണ്.

Read More: കോയമ്പത്തൂർ അപകടം: മരിച്ച 19 പേരും മലയാളികൾ, എല്ലാവരെയും തിരിച്ചറിഞ്ഞു