വയനാട്: മുത്തങ്ങ അതിർത്തിയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. അനുമതിയില്ലാതെ വരുന്നവരുടെ പരിശോധനാ നടപടികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് കളക്ടർ പറഞ്ഞു. കർശന നിയന്ത്രണങ്ങൾ പാലിച്ചേ ഇനി മുന്നോട്ട് പോകാനാവൂ എന്നും കളക്റ്റർ അറിയിച്ചു. അതേസമയം, ഇന്നലെ രാത്രി പാസില്ലാതെ അതിർത്തി കടക്കാനെത്തിയ നൂറോളം പേരെ അൽപസമയം മുമ്പ് കടത്തി വിടാൻ തീരുമാനിച്ചു. ഒരു അനുമതിയും വാങ്ങാതെ എത്തിയ ഇവർ ഇന്നലെ രാത്രി മുഴുവൻ അതിർത്തിയിൽ കാത്തിരിക്കുകയായിരുന്നു. 

എന്നാൽ ഇനി മുതൽ മുത്തങ്ങ അതിർത്തിവഴി വരുന്നവർക്ക് നിയന്ത്രണങ്ങൾ കർശനമായിരിക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. അനുമതിരേഖയില്ലാതെ ആരെയും ഒരു കാരണവശാലും അതിർത്തിയിൽ നിന്ന് കടത്തിവിടില്ലെന്നും, പാസുമായി വരുന്നവർക്ക് സ്വന്തം വാഹനമില്ലെങ്കില്‍ ചെക്പോസ്റ്റിന് സമീപം ടാക്സി കാറുകള്‍ ഏർപ്പെടുത്തുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ യാത്രാ അനുമതി ലഭിക്കാത്തവരടക്കം പരിശോധനാ കേന്ദ്രങ്ങളിലേക്ക് കൂട്ടമായെത്തിയത് നടപടികള്‍ ബുദ്ധിമുട്ടിലാക്കിയിരുന്നു.

Also Read: മുത്തങ്ങ അതിർത്തിയിലൂടെ ഇതുവരെ കടത്തിവിട്ടത് 2340 പേരെ ; 227 പേര്‍ ക്വാറന്‍റൈനില്‍

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവർ ഏത് സംസ്ഥാനത്ത് നിന്നാണോ വരുന്നത് അവിടെ നിന്നുള്ള യാത്രാ അനുമതിയും, ഏത് ജില്ലയിലേക്കാണോ വരുന്നത് ആ ജില്ലാകളക്ടറുടെ അനുമതിയും വാങ്ങണമെന്നാണ് നിലവിലെ നിർദേശം. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലടക്കം മുത്തങ്ങ അതിർത്തിയിലൂടെ നാട്ടിലേക്ക് വരാനായി എത്തിയ പലരുടെ കൈയിലും അനുമതികളൊന്നും ഉണ്ടായിരുന്നില്ല. മാനുഷിക പരിഗണന കണക്കിലെടുത്ത് ഇതില്‍ പലരെയും അതിർത്തി കടക്കാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഇനിയും അത് തുടരാനാകില്ലെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്.

Also Read: സ്ഥിതി ഗുരുതരം: കാസർകോട് അതിർത്തിയിൽ കുടുങ്ങി മലയാളികൾ; 50 ലേറെ പേർ അകലം പാലിക്കാതെ കൂടി നിൽക്കുന്നു