11 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് വിദ്യാർത്ഥിനികൾ നൽകിയ പീഡന പരാതി വ്യാജമെന്ന് കണ്ടെത്തി കോടതി അധ്യാപകനെ വെറുതെവിട്ടത്. 

മൂന്നാർ: ഒരു അധ്യാപകനും ഇനി ഇങ്ങനെ സംഭവിക്കരുതെന്ന് പീഡന പരാതിയിൽ കോടതി വെറുതെവിട്ട മൂന്നാർ ഗവൺമെന്‍റ് കോളജിലെ അധ്യാപകൻ ആനന്ദ് വിശ്വനാഥൻ. കോപ്പിയടി പിടിച്ചതിനാണ് വിദ്യാർത്ഥിനികൾ പീഡന പരാതി നൽകിയതെന്ന് കണ്ടെത്തിയാണ് കോടതി അധ്യാപകനെ വെറുതെവിട്ടത്. തെറ്റ് ചെയ്യാത്തതിനാൽ ധൈര്യത്തോടെ കേസിനെ നേരിടാൻ കഴിഞ്ഞെന്ന് ആനന്ദ് വിശ്വനാഥൻ പറഞ്ഞു.

"ഒരു അധ്യാപകനും ഇങ്ങനെ സംഭവിക്കരുത്. രാഷ്ട്രീയതിപ്രസരമാണ് ഇതിനെല്ലാം കാരണം. ഒരുപാട് അധ്യാപകർ ഇങ്ങനെ കുടുങ്ങിയിട്ടുണ്ട്. ഒരു വഴിത്തിരിവാകട്ടെ ഈ കോടതി വിധി. ആ സമയത്തെ അധ്യാപകരോ വിദ്യാർത്ഥികളോ ഒന്നും കോടതി വിധിയറിഞ്ഞ് വിളിച്ചിട്ടില്ല. സർവീസിൽ നിന്നിറങ്ങിയിട്ട് നാലര കൊല്ലമായി. അതുകൊണ്ട് ആരുമായും ബന്ധങ്ങളില്ലായിരുന്നു. വല്ലാത്ത നാണക്കേടിന്‍റെ കാലമായിരുന്നു. കുടുംബമില്ലേ കുട്ടികളില്ലേ... എല്ലാം അതിജീവിച്ചു. തെറ്റ് ചെയ്യാത്തതു കൊണ്ട് പേടിയില്ലായിരുന്നു. ധൈര്യത്തോടെ കേസിനെ നേരിട്ടു. സിപിഎം ഓഫീസിൽ വച്ചാണ് അവർ പരാതി എഴുതിയത്. അവർ ഒരിക്കലും മാപ്പ് പറയുമെന്ന് തോന്നുന്നില്ല"- ആനന്ദ് വിശ്വനാഥൻ പറഞ്ഞു.

മൂന്നാർ ഗവൺമെന്റ് കോളജിലെ ഇക്കണോമിക്സ് വിഭാഗം മേധാവിയായിരുന്നു ആനന്ദ് വിശ്വനാഥൻ. 11 വർഷത്തിന് ശേഷമാണ് വിദ്യാർത്ഥികൾ നൽകിയ പീഡന കേസിൽ കോടതി വെറുതെ വിട്ടത്. തൊടുപുഴ അഡീഷനൽ സെഷൻസ് കോടതിയുടേതാണ് വിധി. 2014 ഓഗസ്റ്റിൽ നടന്ന എം എ ഇക്കണോമിക്സ് രണ്ടാം സെമസ്റ്റർ പരീക്ഷക്കിടെ നടന്ന കോപ്പിയടി പിടിച്ചതിനാണ് വിദ്യാർത്ഥികൾ അധ്യാപകനെതിരെ പരാതി നൽകിയതെന്ന് കോടതി കണ്ടെത്തി.

അഞ്ച് വിദ്യാർത്ഥികൾ ആണ് അധ്യാപകനെതിരെ പരാതി നൽകിയത്. ഇതിൽ നാലു പേരുടെ മൊഴി പ്രകാരം നാല് കേസുകൾ എടുത്തു. രണ്ട് കേസുകളിൽ അധ്യാപകനെ നേരത്തെ കുറ്റവിമുക്തമാക്കിയിരുന്നു. ശേഷിക്കുന്നവയിൽ മൂന്നു വർഷം തടവിന് വിധിച്ചില്ലെങ്കിലും, മേൽകോടതിയിൽ അപ്പീൽ നൽകി. ഇതിലാണ് ഇപ്പോൾ അനുകൂല വിധി വന്നത്. പീഡന കേസിൽ കുടുക്കി പക വീട്ടാനുള്ള ശ്രമമാണ് വിദ്യാർത്ഥികൾ നടത്തിയതെന്ന് കോടതി വിമർശിച്ചു. ഇതിന് കോളജ് പ്രിൻസിപ്പൽ കൂട്ടുനിന്നെന്നും രാഷ്ട്രീയ ഗൂഢാലോചന നടന്നെന്നും കോടതി നിരീക്ഷിച്ചു. കോപ്പിയടിക്ക് പിടിച്ചത് എസ്എഫ്ഐ അനുഭാവികളായ വിദ്യാർഥികളെയാണ്. ഈ പെൺകുട്ടികൾ മൂന്നാറിലെ സിപിഎം പാർട്ടി ഓഫീസിൽ വച്ച് തയ്യാറാക്കിയ പരാതിയിൽ കഴമ്പില്ല എന്ന് സർവകലാശാല അന്വേഷണ കമ്മീഷനും കണ്ടെത്തിയിരുന്നു.

YouTube video player