കോതമംഗലം എംഎ കോളേജിൽ അരുണാചൽ സ്വദേശിയായ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ സഹപാഠികളായ വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസ മന്ത്രിയെ കണ്ടു
കൊച്ചി: കോതമംഗലം എംഎ കോളേജിൽ അരുണാചൽ സ്വദേശിയായ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ സഹപാഠികളായ വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസ മന്ത്രിയെ കണ്ടു. പ്രശ്നങ്ങൾ മന്ത്രിക്ക് മുന്നിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. ഇയർ ബാക്ക് എടുത്തു കളയാൻ സാങ്കേതിക സർവകലാശാല തീരുമാനിച്ചത് ആണെന്നും എന്നാൽ, ഓട്ടോണമസ് പദവിയുള്ള എംഎ കോളേജ് അതിനു തയ്യാറായിട്ടില്ല എന്നും മന്ത്രി റോജി എം ജോൺ പറഞ്ഞു. മന്ത്രി എന്ന നിലയിൽ ഇക്കാര്യം കോളേജിനോട് പറഞ്ഞിരുന്നു എന്നും റോജി വ്യക്തമാക്കി.
സംഭവത്തിൽ പ്രതിഷേധം ശക്തമാണ്. കുറഞ്ഞ ക്രെഡിറ്റ് സ്കോർ 18 ആയിരിക്കെ, എംഎ കോളേജിൽ മാത്രം സ്കോർ 22 ആക്കിയതാണ് വിദ്യാർത്ഥിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. അരുണാചൽ സ്വദേശിയായ വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ എത്തിയ ശേഷം തുടർ നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു. വിദ്യാർഥികൾ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. കൂടാതെ മരിച്ച അരുണാചൽ സ്വദേശി മിർചി മിർപുപിനെ ഒന്നര മാസമായി ക്ലാസിൽ കയറാൻ അനുവദിച്ചിരുന്നില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു.


