ഉദ്ഘാടനത്തിനെത്തിയ മന്ത്രിയുടെ വാക്ക് പത്തൊൻപതുകാരൻ രാജേഷിനെ സ്വാധീനിച്ചു. അങ്ങനെ രാജേഷിട്ട പേരാണ് ഭൂമിക. മണ്ണിൻ്റെ മക്കൾക്കുള്ള പുതിയ പുനരധിവാസ ക്യാമ്പസിന് ഇനി ഭൂമികയെന്ന മേൽവിലാസം സ്വന്തം.

വയനാട്: ആദിവാസി സെറ്റിൽമെൻ്റുകൾക്കുള്ള കോളനിയെന്ന വിളിപ്പേര് മാറിത്തുടങ്ങുകയാണ്. മാനന്തവാടി വള്ളിയൂർക്കാവിൽ പുതുതായി നിർമിച്ച പുനരധിവാസ ക്യാംപസ് ഭൂമിക എന്ന പേരിൽ അറിയപ്പെടും. കോളനിയെന്ന വിളിപ്പേര് വേണ്ടെന്ന ആശയം മുന്നോട്ടുവച്ചത് മന്ത്രി രാധാകൃഷ്ണനാണ്. അടിമത്വത്തിൻ്റെ അടയാളം പേറുന്ന വാക്കിനെ വിലാസത്തിൽ നിന്ന് മായ്ച്ചു കളയണം. ഉദ്ഘാടനത്തിനെത്തിയ മന്ത്രിയുടെ വാക്ക് പത്തൊൻപതുകാരൻ രാജേഷിനെ സ്വാധീനിച്ചു. അങ്ങനെ രാജേഷിട്ട പേരാണ് ഭൂമിക. മണ്ണിൻ്റെ മക്കൾക്കുള്ള പുതിയ പുനരധിവാസ ക്യാമ്പസിന് ഇനി ഭൂമികയെന്ന മേൽവിലാസം സ്വന്തം.

പേരുമാറ്റത്തിലൂടെ, പേറുന്ന സാമൂഹിക പ്രതിസന്ധികളെല്ലാം മായില്ലെങ്കിലും ഇതൊരു തുടക്കമെന്ന് ആശ്വസിക്കുകയാണ് രാജേഷ്. അടിയ, പണിയ വിഭാഗത്തിൽപ്പെട്ടവർക്കായി നെട്ടമാനിയിൽ നിർമിച്ച പുതിയ ഒമ്പത് വീടുകളാണ് ഭൂമികയെന്ന മേൽവിലാസത്തിൽ അറിയപ്പെടുക. 82 ലക്ഷം രൂപ ചെലവിലാണ് നിർമാണം. റോഡും വെള്ളവും വൈദ്യുതിയുമെല്ലാം ഒരുക്കിയിട്ടുണ്ട്. എല്ലാവരും താമസം തുടങ്ങി വരുന്നതേ ഉള്ളൂ.

വെള്ളമുണ്ട പാലിയാണയിലെ പ്രളയ പുനരധിവാസ വീടുകളുള്ള സ്ഥലത്തിന് ഉന്നതിയെന്നാണ് പേരിട്ടത്. പിന്നാക്ക വിഭാഗങ്ങൾ തിങ്ങിത്താമസിക്കുന്ന മേഖല സർക്കാർ രേഖകളിലെല്ലാം കോളനികളാണ്. തിരുത്തൊരു ശീലമായി അവിടെയും പുതിയ പേരുകൾ ഇടംപിടിച്ചു വരണം മുപ്പത്തി രണ്ടായിരത്തിലധികം പട്ടികജാതി പട്ടികവർഗ സെറ്റിൽമെൻ്റുകൾ സംസ്ഥാനത്ത് കോളനിയെന്ന് അറിപ്പെടുന്നുണ്ട്. പതിയെപതിയെ അവയെല്ലാം പുതിയ പേരിലേക്ക് വരുമെന്നാണ് പ്രതീക്ഷ.

ഇനി കോളനിയെന്ന് വിളിപ്പേരില്ല; പുതിയ സെറ്റിൽമെന്റുകൾക്ക് ഭൂമികയെന്ന് പേര് | Bhoomika