കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ, കെ സി വേണുഗോപാലിനെ പിന്തുണച്ചുവെന്നാരോപിച്ച് ഷാഫി പറമ്പിൽ എംപിക്ക് നേരെ കോൺഗ്രസ് പ്രവർത്തകർ സാമൂഹിക മാധ്യമങ്ങളിൽ രൂക്ഷ വിമർശനം ഉന്നയിക്കുന്നു. ജനവികാരം മാനിക്കാത്ത പക്ഷം ഭാവിയിൽ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഷാഫിക്ക് മുന്നറിയിപ്പ് നൽകുന്നു.

തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പോരിനിടെ ഷാഫി പറമ്പിൽ എംപിക്ക് കോണ്‍ഗ്രസ് സൈബർ അണികളുടെ രൂക്ഷ വിമർശനം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പിന്തുണച്ചു എന്ന് ആരോപിച്ചാണ് ഒരു വിഭാഗം രംഗത്തെത്തിയത്. 'നമ്മള് ജയിച്ചു സാർ, അങ്ങയെ ക്രൂശിച്ചവരെ ജനം ശിക്ഷിച്ചു' എന്ന് ഉമ്മൻചാണ്ടിയുടെ ഫോട്ടോ ഉൾപ്പെടുത്തി ഷാഫിയിട്ട പോസ്റ്റിന് താഴെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ജനവികാരം മാനിക്കണമെന്നും വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്നുമാണ് കമന്റുകളിലെ പൊതുവായ ആവശ്യം.

Add Asianetnews as a Preferred SourcegooglePreferred

'വർത്തമാന കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട രാഷ്ട്രീയക്കാരനാണ് കെസി, ജനങ്ങളെ വിഡ്ഢികളാക്കരുത്, വിഡിയാണ് ഗെയിം ചെയ്ഞ്ചർ, ഇപ്പോൾ വിഡി യെ ക്രൂശിക്കാൻ ഇറങ്ങുന്ന താങ്കളെയും ജനം ശിക്ഷിക്കും, യൂ ടൂ ബ്രൂട്ടസ്' എന്നെല്ലാമാണ് കമന്‍റുകൾ. പിന്തുണയും ആൾക്കൂട്ടവും താങ്കളെന്ന വ്യക്തിക്കുള്ളതാണ് എന്ന ധാരണയുണ്ടെങ്കിൽ അത് തെറ്റിദ്ധാരണയാണെന്നും ഇപ്പോൾ ജയിച്ച ജനപ്രതിനിധികൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ വന്നിട്ടുണ്ടെങ്കിൽ അതാണ് ജനശക്തിയെന്നും അതിനെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യരുതെന്നും ചിലർ ആവശ്യപ്പെട്ടു.

കഴിഞ്ഞ അഞ്ച് വർഷത്തെ വിഡി സതീശന്‍റെ കഠിനാധ്വാനമാണ് യുഡിഎഫിന് കരുത്ത് നൽകിയത്, അദ്ദേഹത്തെ പിന്നിൽ നിന്ന് കുത്താൻ ശ്രമിച്ചാൽ വരുംകാലങ്ങളിൽ നിയമസഭ കാണാൻ ഷാഫിക്ക് കഴിയില്ലെന്ന് ചിലർ പ്രതികരിച്ചു. നേതാവ് ജനകീയൻ ആകുന്നത് ജനങ്ങൾ കൂടെയുള്ളപ്പോഴാണ്, ദില്ലിയിലെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനല്ല ജനപ്രതിനിധികൾ ശ്രമിക്കേണ്ടതെന്നും സാമൂഹിക മാധ്യമത്തിൽ പ്രതികരണം ഉയർന്നു. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കേസിൽ വിഡി എടുത്ത നിലപാടുകൾക്ക് പിന്നാലെയാണ് ഷാഫി വിഡിക്ക് എതിരായതെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. ജനപ്രിയരായ നേതാക്കളെ അവഗണിക്കാൻ കൂട്ടുനിന്നാൽ ഷാഫി മറുപടി പറയേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ചില ലീഗ് പ്രവർത്തകരും ഷാഫി പറമ്പിലിനെതിരെ രംഗത്തെത്തി.