ഇൻഫോ പാർക്കിന് സമീപം എടച്ചറിയിലെ ഓക്സോണിയ ഫ്ലാറ്റിൽ നടന്നത് അതിക്രൂരമായ കൊലപാതകമാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.  

കൊച്ചി: ഫ്ലാറ്റിലെ കൊലപാതകത്തില്‍ എല്ലാ വശവും അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു. കൊലയിലും ലഹരി ഇടപാടിലും കൂടുതല്‍ പേരുടെ പങ്ക് അന്വേഷിക്കുമെന്നും നാഗരാജു പറഞ്ഞു. ഇൻഫോ പാർക്കിന് സമീപം എടച്ചറിയിലെ ഓക്സോണിയ ഫ്ലാറ്റിൽ നടന്നത് അതിക്രൂരമായ കൊലപാതകമാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 

ഇന്നലെ വൈകിട്ടോടെയാണ് സജീവ് കൃഷ്ണ കൊല്ലപ്പെട്ട വിവരം പുറത്തറിയുന്നത്. ശരീരമാസകലം കുത്തേറ്റ സജീവ് കൃഷ്ണയുടെ മൃതദേഹം പുതപ്പുകൊണ്ട് പൊതിഞ്ഞ് വരിഞ്ഞു കെട്ടിയ നിലയിലായിരുന്നു. തലയിലും കഴുത്തിലുമടക്കം 20 ലേറെ മുറിവുകളുണ്ട്. ഫ്ലാറ്റിലെ പൈപ്പ് ഡെക്റ്റിനിടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അര്‍ഷാദ് എന്നയാളാണ് കൊലപാതകി എന്നാണ് പൊലീസ് കരുതുന്നത്. 

കർണാടകത്തിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കാസർകോഡ് വച്ച് അർഷാദിനെ ഉച്ചയോടെ പൊലീസ് പിടികൂടി. മൊബൈൽ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അര്‍ഷാദിലേക്ക് എളുപ്പത്തിൽ പൊലീസെത്തിയത്. കോഴിക്കോട് രാമനാട്ടുകരയിലായിരുന്നു അ‍ര്‍ഷാദിന്‍റെ മൊബൈൽ ഫോണിന്‍റെ അവസാന ടവ‍ര്‍ ലൊക്കേഷൻ. ഇതോടെ ഇയാൾ വടക്കൻ കേരളത്തിലേക്ക് തന്നെയാണ് രക്ഷപ്പെട്ടതെന്ന് പൊലീസ് ഉറപ്പിച്ചു. സംഘം ചേർന്ന് വിപുലമായി നടത്തിയ അന്വേഷണത്തിലാണ് അര്‍ഷാദ് പൊലീസിന്‍റെ വലയിലായത്. 

കൊലപാതകം നടക്കുമ്പോൾ സജീവും അർഷാദും മാത്രമായിരുന്നു ഫ്ലാറ്റിൽ ഉണ്ടായിരുന്നത്. ടൂറിലായിരുന്ന മറ്റ് മൂന്നുപേർ ഞായറാഴ്ച രാത്രിവരെ സജീവുമായി ഫോണിൽ സംസാരിച്ചിരുന്നു. പിന്നീട് സജീവ് ഫോൺ എടുത്തില്ല. പകരം സജീവിന്‍റെ ഫോണിൽ നിന്ന് മേസേജുകൾ ഇന്നലെ ഉച്ചവരെ വന്നു. കൊലപാതക വിവരം പുറത്തായതോടെ ഫോണ്‍ സ്വിച്ച് ഓഫ് ആയി. മെസേജുകള്‍ കണ്ടപ്പോള്‍ ഭാഷയിൽ സംശയം തോന്നിയിരുന്നതായി സുഹൃത്തുക്കൾ പറയുന്നു.