ഒന്നര വർഷത്തിന് മുൻപ് തുടങ്ങിയ ബന്ധമാണെന്നും ക്രിസ്റ്റഫർ തന്നെ കൂടുതൽ നിയന്ത്രിക്കാൻ തുടങ്ങിയതോടെയാണ് ബന്ധം വഷളായതെന്നും സച്ചിൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൊവിഡ് കാലത്ത് ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. സൗഹൃദം പിന്നീട് വളർന്നു.
കൊച്ചി: കലൂരിൽ സുഹൃത്തിനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് റോഡിൽ കഴുത്തറുത്ത് ആത്മഹത്യ ചെയ്ത സംഭവത്തിലേക്ക് നയിച്ചത് സൗഹൃദത്തിലുണ്ടായ അകൽച്ച. മരിച്ച ക്രിസ്റ്റഫറും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സച്ചിനും പരിചയപ്പെട്ടത് ഫേസ്ബുക്ക് വഴിയാണ്. ഒന്നര വർഷത്തിന് മുൻപ് തുടങ്ങിയ ബന്ധമാണെന്നും ക്രിസ്റ്റഫർ തന്നെ കൂടുതൽ നിയന്ത്രിക്കാൻ തുടങ്ങിയതോടെയാണ് ബന്ധം വഷളായതെന്നും സച്ചിൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൊവിഡ് കാലത്ത് ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. സൗഹൃദം പിന്നീട് വളർന്നു. ഇരുവരും ഒരുമിച്ച് ഫോർട്ട് കൊച്ചി, മലയാറ്റൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്രകളും പോയി. ബന്ധം മതിയാക്കാമെന്ന് സച്ചിൻ തീരുമാനിച്ചതോടെയാണ് അസ്വാരസ്യങ്ങൾ തുടങ്ങിയത്.
ക്രിസ്റ്റഫറിന്റെ നിയന്ത്രണങ്ങൾ കൂടിയതോടെ സച്ചിൻ ഫോൺ കോളുകൾ എടുക്കാതെയായി. ഇടയ്ക്ക് സാമൂഹ്യ മാധ്യമങ്ങളിൽ ബ്ലോക്ക് ചെയ്തു. സംഭവം നടന്ന തിങ്കളാഴ്ച, അവസാനമായി ഒന്ന് കാണണം എന്ന് പറഞ്ഞാണ് ക്രിസ്റ്റഫർ സച്ചിനെ വിളിച്ചുവരുത്തിയത്. കലൂർ സെന്‍റ് ആന്‍റണീസ് പള്ളിക്ക് സമീപത്ത് വച്ച് ഇരുവരും കണ്ടുമുട്ടി. ബന്ധം തുടരണമെന്ന് ക്രിസ്റ്റഫർ ആവശ്യപ്പെട്ടു. പറ്റില്ലെന്ന് സച്ചിൻ ഉറപ്പിച്ച് പറഞ്ഞതോടെ മുഖത്തേക്ക് മുളക് പൊടി എറിഞ്ഞ് കത്തി വീശുകയായിരുന്നു. ഇത് തടഞ്ഞപ്പോഴാണ് സച്ചിന്‍റെ കൈയ്ക്ക് മുറിവേറ്റത്. ബാഗിൽ നിന്ന് മറ്റൊരു കത്തിയെടുത്ത് ക്രിസ്റ്റഫർ സച്ചിനെ പിന്തുടർന്ന് അക്രമിക്കുകയായിരുന്നു. പരിക്കേറ്റ സച്ചിൻ ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ ഓട്ടോ പിടിച്ചാണ് ആശുപത്രിയിലെത്തി ചികിത്സ തേടിയത്.
തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് കലൂർ ദേശാഭിമാനി ജംഗ്ഷനിലെ പെറ്റ് ഷോപ്പിന് മുന്നിൽ വച്ച് ക്രിസ്റ്റഫർ സ്വന്തം കഴുത്തറുത്തത്. പിന്നീട് അടുത്തുള്ള പോസ്റ്റിന് സമീപം ഇരുന്നു. കൈയിലെ ഞരമ്പും മുറിച്ചു. എഴുന്നേറ്റ് നിന്ന ഉടൻ ബോധരഹിതനായി വീഴുകയായിരുന്നു. ചിലർ ആ വഴി കടന്നുപോയെങ്കിലും മദ്യപിച്ച് ബോധമില്ലാതെ ഒരാൾ കിടക്കുന്നുവെന്നാണ് കരുതിയത്. സമീപത്തെ പെറ്റ് ഷോപ്പ് ഉടമ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കാര്യങ്ങൾ മനസ്സിലാക്കിയതോടെയാണ് പൊലീസിനെ വിവരമറിയിച്ചത്. ആംബുലൻസെത്തിച്ച് എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ക്രിസ്റ്റഫറിന്‍റെ ജീവൻ രക്ഷിക്കാനായില്ല.
വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന സച്ചിന് കഴുത്തിലും നെഞ്ചിലും പരിക്കുണ്ട്. ആരോഗ്യം വീണ്ടെടുത്ത ശേഷം വിശദമായി മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. കഴുത്തിലെ മുറിവും രക്ത സ്രാവവുമാണ് ക്രിസ്റ്റഫറിന്റെ മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ പൊലീസിനെ അറിയിച്ചിരിക്കുന്നത്. സംഭവം നടക്കുമ്പോള്‍ ക്രിസ്റ്റഫർ ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചിരുന്നോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വിശദമായ പരിശോധനയിലേ വ്യക്തമാകൂ.
