സംസ്ഥാനത്ത് മദ്യവില വര്‍ദ്ധനക്ക് കളമൊരുങ്ങുന്നു. മദ്യ വില കൂട്ടണമെന്ന മദ്യകമ്പനികളുടെ ആവശ്യത്തിൽ സര്‍ക്കാര്‍ അനുകൂല തീരുമാനം എടുത്തേക്കുമെന്നാണ് വിവരം. ജവാൻ മദ്യത്തിന്റെ വില കൂട്ടാതെ പിടിച്ച് നിൽക്കാനാകില്ലെന്ന് ബിവറേജസ് കോര്‍പ്പറേഷൻ എംഡിയും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില വര്‍ദ്ധനക്ക് കളമൊരുങ്ങുന്നു. മദ്യ വില കൂട്ടണമെന്ന മദ്യകമ്പനികളുടെ ആവശ്യത്തിൽ സര്‍ക്കാര്‍ അനുകൂല തീരുമാനം എടുത്തേക്കുമെന്നാണ് വിവരം. ജവാൻ മദ്യത്തിന്റെ വില കൂട്ടാതെ പിടിച്ച് നിൽക്കാനാകില്ലെന്ന് ബിവറേജസ് കോര്‍പ്പറേഷൻ എംഡിയും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജവാൻ വില പത്ത് ശതമാനം കൂട്ടണമെന്നാണ് ബെവ്കോ ആവശ്യപ്പെടുന്നത്.

സ്പിരിറ്റ് വില കൂടിയതും സ്പിരിറ്റിന്റെ ലഭ്യത കുറവും മദ്യ നിര്‍മ്മാണ മേഖലക്ക് ചെറുതല്ലാത്ത പ്രതിസന്ധിയാണ് ഉണ്ടാക്കുന്നതെന്നാണ് മന്ത്രി എംവി ഗോവിന്ദന്റെ പ്രതികരണം. എന്നാൽ മദ്യ വില കൂട്ടുന്നതിനെ കുറിച്ച് നയപരമായ തീരുമാനം ഒന്നും സര്‍ക്കാര്‍ എടുത്തിട്ടില്ലെന്നും മന്ത്രി വിശദീകരിക്കുന്നു. തൃക്കാക്കര തെരഞ്ഞെടുപ്പിന് ശേഷം മദ്യ വില വര്‍ഗദ്ധനയിൽ തീരുമാനം ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങൾ നൽകുന്ന സൂചന 

ബിവറേജസ് കോര്‍പറേഷൻ നിലവിൽ നഷ്ടത്തിലാണ്. ഒരു ലിറ്റർ ജവാന് ഇപ്പോള്‍ 600 രൂപയാണ് വില. ഇത് പത്ത് ശതമാനമെങ്കിലും കൂട്ടണമെന്നാണ് ബെവ്കോയുടെ ആവശ്യം. ലിറ്റര്‍ വില 57 രൂപയുണ്ടായിരുന്ന സ്പിരിറ്റ് ഇപ്പോൾ 68 രൂപയായി. നിര്‍മ്മാണ ചെലവും കൂടി. ഇതെല്ലാം കണക്കിലെടുത്ത് ജവാന്റെ വില കൂട്ടണമെന്നാണ് എംഡിയുടെ ആവശ്യം. കുറഞ്ഞ വിലക്കുള്ള മദ്യം ഇപ്പോൾ ബെവ്ക്കോ ഔട്ട് ലെറ്റുകളിൽ വിൽപ്പനക്ക് എത്തുന്നില്ല. സ്പിരിറ്റ് വില കൂടിയത് ചൂണ്ടിക്കാട്ടിയാണ് കുറഞ്ഞ വിലക്കുള്ള മദ്യത്തിന്റെ വിതരണം കരാര്‍ കമ്പനികൾ നിര്‍ത്തി വച്ചത്. സ്പിരിറ്റ് വില ക്രമാതീതമായി കൂടിയത് കാരണം സര്‍ക്കാര്‍ ഡിസ്റ്റിലറി തന്നെ പ്രതിസന്ധിയലാണെന്നിരിക്കെ വില കൂട്ടണമെന്ന സ്വകാര്യ മദ്യ കമ്പനികളുടെ ആവശ്യവും സര്‍ക്കാരിന് പരിഗണിക്കേണ്ടി വരുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. 

 കുറഞ്ഞ വിലക്കുള്ള മദ്യം ഇപ്പോൾ ബെവ്ക്കോ ഔട്ട് ലെറ്റുകളിൽ വിൽപ്പനക്ക് എത്തുന്നില്ല. സ്പിരിറ്റ് വില കൂടിയത് ചൂണ്ടിക്കാട്ടിയാണ് കുറഞ്ഞ വിലക്കുള്ള മദ്യത്തിന്റെ വിതരണം കരാര്‍ കമ്പനികൾ നിര്‍ത്തി വച്ചത്. കരാർ ഏറ്റെടുത്ത നാലു കമ്പനികൾക്കെതിരെ ബെവ്ക്കോ എംഡി നോട്ടീസ് നൽകിയിരുന്നു. ഇതെ കാര്യം മാസങ്ങളായി സ്വകാര്യ വിതരണ കമ്പനികളും സര്‍ക്കാരിന് മുന്നിൽ വയ്ക്കുന്നുണ്ട്. സർക്കാർ മദ്യത്തിന്റെ വില ഉയർത്താൻ തീരുമാനിച്ചാൽ എല്ലാ മദ്യ കമ്പനികളുടെ ആവശ്യം അംഗീകരിക്കേണ്ടിവരും. അങ്ങനെ വന്നാൽ നാല് വര്‍ഷത്തിന് ശേഷം സംസ്ഥാനത്ത് മദ്യ വില ഉയരും.

തൃക്കാക്കാര തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടൻ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം. അതേസമയം കുറഞ്ഞ നിരക്കിലുള്ള മദ്യം കിട്ടാതെ വന്നതോടെ 800 രൂപയ്ക്ക മുകളിലുള്ള മദ്യ വിൽപ്പന കൂടി. ഇത് കഴിഞ്ഞ മാസം 440 കോടിയുടെ അധികവരുമുണ്ടാക്കിയെന്നും ബെവ്ക്കോ പറയുന്നു. കുറഞ്ഞ വിലക്കുള്ള മദ്യത്തിന് വലിയ ക്ഷാമം ഉണ്ടായാൽ വ്യാജവാറ്റിന് കാരണമായേക്കുമെന്ന് എക്സൈസ് ഇന്റലിജൻസിന്റെ മുന്നറിയിപ്പുമുണ്ട്.