രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിക്കാരിയുടെ ഭർത്താവും രം​ഗത്ത്. രാഹുൽ മാങ്കൂട്ടത്തിൽ തന്റെ കുടുംബ ജീവിതം തകർത്തെന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി.

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിക്കാരിയുടെ ഭർത്താവ് രംഗത്ത്. ഇതോടെ രാഹുലിന്റെ കുരുക്ക് മുറുകുന്നു. തന്റെ കുടുംബ ജീവിതം തകർത്തെന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. രാഹുലിനെതിരെ ബിഎൻഎസ് 84 പ്രകാരം കേസ് എടുക്കണമെന്നാണ് പരാതിക്കാരിയുടെ ഭർത്താവിൻ്റെ ആവശ്യം. രാഹുൽ മാങ്കൂട്ടത്തിൽ പാലക്കോട് വീണ്ടും മത്സരിക്കുമോയെന ചർച്ചകൾ സജീവമായിരിക്കെയാണ് എംഎൽഎ ക്കെതിരെ പരാതിക്കാരിയുടെ ഭർത്താവ് രംഗത്ത് വരുന്നത്. 

വിവാഹിതയാണെന്നറിഞ്ഞിട്ടും രാഹുൽ തൻ്റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചെന്നാണ് പരാതി. തനിക്ക് വലിയ മാനനഷ്ടം ഉണ്ടാകുകയും കുടുംബ ജീവിതം തകർക്കുകയും ചെയ്തു. മാതാപിതാക്കളുടെ ഏക മകനായ താൻ നാട്ടിലാണ് താമസിച്ചിരുന്നത്. ഭാര്യ ജോലിയുടെ ഭാഗമായി ഒറ്റയ്ക്കായിരുന്നു താമസം. തൻ്റെ അസാന്നിധ്യം അവസരമാക്കി രാഹുൽ പരാതിക്കാരിയെ വശീകരിച്ചു. ഭർത്താവുമായുള്ള ബന്ധം വഷളായ സമയത്താണ് യുവതിയെ പരിചയപ്പെട്ടതെന്നും പ്രശ്നം പരിഹരിക്കാൻ ഇടപെടുകയാണ് ചെയ്തതെന്നുമായിരുന്നു രാഹുലിൻ്റെ വാദം. എന്നാൽ, ഇത് പൂർണമായി തള്ളുകയാണ് യുവതിയുടെ ഭർത്താവ്. 

പ്രശ്നം പരിഹരിക്കാൻ ആയിരുന്നെങ്കിൽ രാഹുൽ എന്തുകൊണ്ട് തന്നെ ബന്ധപ്പെട്ടില്ലെന്നാണ് ചോദ്യം. പരാതിയും കേസുമായി യുവതി മുന്നോട്ടു പോയപ്പോൾ സംഭവത്തിൽ യഥാർത്ഥ ഇര താനായെന്നും വലിയ സൈബർ ആക്രമണം നേരിടേണ്ടി വന്നെന്നും ഭർത്താവ് പറയുന്നു. തന്നെ വ്യക്തിപരമായി തേജോവധം ചെയ്തു. മാനസികമായ തളർന്ന താൻ കേസുമായി മുന്നോട്ടു പോകും. ആവശ്യമെങ്കിൽ കൂടുതൽ തെളിവുകൾ കൈമാറും. നേരത്തെ യുവതിയുടെ പരാതിയിൽ പ്രത്യേക അന്വേഷണ സംഘം ഭർത്താവിൻ്റെ മൊഴി എടുത്തിരുന്നു. രാഹുലിനെതിരെ രണ്ടു കേസുകളാണ് നിലവിലുള്ളത്. രാഹുലിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ബുധനാഴ്ച ഹൈക്കോടതി അവസാന വാദത്തിലേക്ക് കടക്കാനിരിക്കെയാണ് യുവതിയുടെ ഭർത്താവിൻ്റെ സർപ്രൈസ് എൻട്രി. അതേസമയം, ബലാത്സം​ഗ പരാതിയിൽ സത്യം ജയിക്കുമെന്നും സത്യം മാത്രമേ ജയിക്കാവൂ എന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. നല്ല ആത്മവിശ്വാസം ഉണ്ടെന്നും രാഹുൽ പറഞ്ഞു.

YouTube video player