തിരുവനന്തപുരം: സോളാർ പരാതിക്കാരിയുടെ കത്തിൽ ഗണേഷ് കുമാറിടപെട്ട് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരെഴുതിച്ചേർത്തെന്ന മനോജ് കുമാറിന്‍റെ വെളിപ്പെടുത്തല്‍ നിഷേധിച്ച് പരാതിക്കാരി. ആരോപണം തള്ളിയ പരാതിക്കാരി ഉമ്മൻ ചാണ്ടിക്കെതിരായ പരാതിയിൽ ഉറച്ചു നിൽക്കുന്നുവെന്ന്  ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവറിൽ വ്യക്തമാക്കി. ജോസ് കെ മാണിക്കെതിരായ പരാതിയിലും അബ്ദുള്ളക്കുട്ടിക്കെതിരായ പരാതിയിലും ഉറച്ചുനില്‍ക്കുന്നെന്നും പരാതിക്കാരി പറഞ്ഞു. 

സോളാറിൽ മുൻമന്ത്രി എ പി അനിൽ കുമാറിനെതിരായ പരാതിയിൽ മൂന്നാം തിയതി  രഹസ്യമൊഴി രേഖപ്പെടുത്താനിരിക്കെയാണ് പുതിയ നീക്കങ്ങൾ. അതേസമയം ഗണേഷ് കുമാറിനെതിരെ പഴയ ബന്ധുവും വിശ്വസ്‍തനുമായ മനോജ് കുമാർ ഗുരുതര ആരോപണം ഉന്നയിച്ചിട്ടും ഗണേഷ് ഇതുവരെ പ്രതകരിച്ചിട്ടില്ല.  മനോജ് കുമാറിന്‍റെ വെളിപ്പെടുത്തൽ ആയുധമാക്കിയായിരിക്കും യുഡിഎഫ് അന്വേഷണ നീക്കങ്ങളെ നേരിടുക. 

സോളാർ വിവാദം കത്തിപ്പടരാൻ തന്നെ കാരണം പണം തട്ടിപ്പിനൊപ്പം വന്ന ലൈംഗിക പീഡന പരാതിയായിരുന്നു. ഉമ്മൻചാണ്ടി അടക്കമുള്ള ഉന്നത യുഡിഎഫ് നേതാക്കളുടെ പേരെഴുതിയ പരാതിക്കാരിയുടെ കത്ത് സോളാര്‍ ജുഡീഷ്യൽ കമ്മീഷൻ അന്വേഷണ റിപ്പോർട്ടിന്‍റെ ഭാഗമാക്കി. കത്ത് റിപ്പോർട്ടിന്‍റെ ഭാഗമാക്കിയത് ഉമ്മൻ ചാണ്ടിയുടെ പരാതിയിൽ ഹൈക്കോടതി നീക്കിയെങ്കിലും കത്തും പേരുകളും എന്നും യുഡിഎഫിനെ വിടാതെ പിന്തുടർന്നു.