34 കാരിയായ  കളമശ്ശേരി സ്വദേശി അനാമികയ്ക്ക് മരുന്ന് നൽകിയത് 61 കാരിയായ ലതികയുടെ എക്സ്-റേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണെന്നാണ് പരാതി. 

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവെന്ന് പരാതി. 34 കാരിയായ കളമശ്ശേരി സ്വദേശി അനാമികയ്ക്ക് മരുന്ന് നൽകിയത് 61 കാരിയായ ലതികയുടെ എക്സ്-റേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണെന്നാണ് പരാതി. ചികിത്സിച്ച ഡോക്ടർക്കും എക്സ്-റേ വിഭാഗത്തിനുമെതിരെ അനാമിക പരാതി നൽകിയിട്ടുണ്ട്.

നടുവേദനയും കാലുവേദനയും മൂലമാണ് അനാമിക ആശുപത്രിയിൽ എത്തിയത്. എക്സ്-റേ റിപ്പോർട്ടിൽ പ്രായാധിക്യം മൂലമുള്ള തേയ്മാനം ഉണ്ടെന്ന് ഡോക്ടർ പറഞ്ഞതായി അനാമിക വ്യക്തമാക്കി. വീട്ടിൽ ചെന്ന് എക്സ്റേ റിപ്പോർട്ട് പരിശോധിച്ചപ്പോഴാണ് തന്റെ എക്സ്റേ റിപ്പോർട്ട്‌ അല്ല എന്ന് മനസ്സിലായതെന്ന് അനാമിക പറയുന്നു.

എന്നാൽ തിരക്കിനിടയിൽ എക്സ്റേ റിപ്പോർട്ട് മാറിപ്പോയെന്ന് റേഡിയോളജിസ്റ്റ് പറഞ്ഞതായും കുടുംബം പരാതിയിൽ പറയുന്നു. ആശുപത്രി സൂപ്രണ്ടിനും പോലീസിനും കുടുംബം പരാതി നൽകിയിരിക്കുകയാണ്. പരാതി ലഭിച്ചെന്നും വിശദമായി അന്വേഷിക്കും എന്നും ആശുപത്രി മെഡിക്കൽ കോളേജ് സൂപ്രണ്ട് വ്യക്തമാക്കി. ആരോ​ഗ്യമന്ത്രിക്കും അനാമിക പരാതി നൽകിയിട്ടുണ്ട്. പരാതിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം എന്ന് അനാമിക അറിയിച്ചു. 

Asianet News Live |Palakkad accident | Malayalam News Live |ഏഷ്യാനെറ്റ് ന്യൂസ് | Latest News Updates