തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ അര്‍ബുദമില്ലാത്ത രോഗിക്ക് കീമോ ചെയ്ത സംഭവത്തില്‍ ഗുരുതര വീഴ്ച വരുത്തിയ സ്വകാര്യ ലാബായ ഡയനോവ ലാബിനെതിരെ വീണ്ടും പരാതി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അര്‍ബുദത്തിന് ചികിത്സയ്ക്കെത്തിയ ഹുസൈബ (46) എന്നയാൾക്ക് അര്‍ബുദം ഇല്ലെന്നും ഉണ്ടെന്നുമുള്ള രണ്ട് വ്യത്യസ്ത പരിശോധന റിപ്പോർട്ടുകൾ നൽകിയതായാണ് പരാതി.

അണ്ഡാശയ അർബുദത്തിന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കെത്തിയതായിരുന്നു അടൂര്‍ സ്വദേശിയായ ഹുസൈബ. എറണാകുളത്തായിരുന്നു മുമ്പ് ചികിത്സ തേടിയിരുന്നത്. 12 തവണ ഹുസൈബ കീമോയ്ക്ക് വിധേയയായിട്ടുണ്ട്. ഏറ്റവുമൊടുവില്‍ നടത്തിയ പരിശോധനയിലാണ് കരളിലേക്ക് അര്‍ബുദം ബാധിച്ചതായി കണ്ടെത്തിയത്.

തുടർന്ന് വിദ​ഗ്‍ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിൽ എത്തി. മെഡിക്കല്‍ കോളേജിലെ ഡോക്ടറെ കാണുന്നതിനു മുമ്പ് തൊട്ടടുത്ത ഡയനോവ ലാബില്‍ പരിശോധന നടത്തി. എന്നാൽ ഫലം കണ്ട്  ഹുസൈബവും കുടുംബവും ഞെട്ടി. അർബുദം ഇല്ലെന്ന പരിശോധന ഫലമാണ് ലാബിൽ നിന്നും ലഭിച്ചത്.

ഇതിൽ സംശയം തോന്നിയ ഹുസൈബ അതേ രക്ത സാംമ്പിൾ വീണ്ടും പരിശോധന നടത്താന്‍ ആവശ്യപ്പെട്ടു. ഒരു മണിക്കൂറിനുള്ളില്‍ അർബുദം ഉണ്ടെന്ന ഫലമാണ് ഇവർക്ക് ലഭിച്ചത്. ഹുസൈബയുടെ പരാതിയെ തുടർന്ന് ലാബ് പൊലീസ് അടച്ചുപൂട്ടി. അതേസമയം, സാങ്കേതിക തകരാറാണെന്നാണ് ലാബിന്റെ വിശദീകരണം.