പെരുമ്പാവൂര്‍ എംഎല്‍എ  എൽദോസ് കുന്നപ്പിള്ളിക്കെതിരെ കടുത്ത ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചിട്ടുള്ളത്. എംഎൽഎ കടുത്ത മദ്യപാനിയാണെന്നും മദ്യപിച്ച് തന്നെ മർദ്ദിക്കുന്നത് പതിവായിരുന്നെന്നുമെന്നുമാണ് പരാതിക്കാരി ഇന്ന് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.

തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളില്‍ എംഎൽഎക്കെതിരെ ഉയര്‍ന്ന പീഡന പരാതിയില്‍ നിലപാട് വ്യക്തമാക്കി സിപിഎം. എംഎല്‍എക്കെതിരെ ഉയര്‍ന്ന ആരോപണത്തിൽ ധാര്‍മ്മിക പ്രശ്നം കൂടിയുണ്ട്. കോൺഗ്രസ് അതിന്‍റെ ധാർമ്മികത അനുസരിച്ച് തീരുമാനം എടുക്കട്ടേയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. പരാതിയിൽ ശക്തമായ അന്വേഷണം വേണമെന്നാണ് സിപിഎം നിലപാടെന്നും അദ്ദേഹം തിരുവനന്തപുരത്ത് വ്യക്തമാക്കി.

പെരുമ്പാവൂര്‍ എംഎല്‍എ എൽദോസ് കുന്നപ്പിള്ളിലിനെതിരെ കടുത്ത ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചിട്ടുള്ളത്. എംഎൽഎ കടുത്ത മദ്യപാനിയാണെന്നും മദ്യപിച്ച് തന്നെ മർദ്ദിക്കുന്നത് പതിവായിരുന്നെന്നുമെന്നുമാണ് പരാതിക്കാരി ഇന്ന് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. കേസ് ഒത്തുതീർപ്പാക്കാൻ എംഎൽഎയുടെ ഭാഗത്ത് നിന്ന് 30 ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തത്. ഇത് വേണ്ടെന്ന് പറഞ്ഞപ്പോള്‍ കോൺഗ്രസിലെ തന്നെ സ്ത്രീ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി പറഞ്ഞു.

വിളിച്ച് ഭീഷണിപ്പെടുത്തിയ സ്ത്രീ പെരുമ്പാവൂർ മാറമ്പളളി സ്വദേശിയും മുൻ വാർഡ് മെമ്പറും ആയിരുന്നുവെന്നും യുവതി പറഞ്ഞു. മറ്റ് ഗതിയില്ലാതെയാണ് പരാതി നൽകിയത്. തനിക്കെതിരായ സൈബർ ആക്രമണം കോൺഗ്രസിലെ പല നേതാക്കളുടേയും അറിവോടെയാണെന്ന് സംശയിക്കുന്നുവെന്നാണ് യുവതി പറയുന്നത്. എന്നാൽ, കോൺഗ്രസിലെ എംഎൽഎമാരോ പ്രമുഖ നേതക്കളോ വിളിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെ ആരും വിളിച്ചിട്ടില്ലെന്നായിരുന്നു മറുപടി.

തനിക്ക് പലതും വെളിപ്പെടുത്താനുണ്ടെന്നും യുവതി പറഞ്ഞു. എംഎൽഎയുമായി 10 വർഷത്തെ പരിചയം ഉണ്ട് . എന്നാൽ ഇക്കഴിഞ്ഞ ജൂലൈ മുതലാണ് അടുത്ത ബന്ധം തുടങ്ങിയത്. എംഎൽഎ മോശം പെരുമാറ്റം തുടങ്ങിയതോടെ ബന്ധത്തിൽ നിന്ന് അകലാൻ ശ്രമിച്ചു. ഇതോടെ മദ്യപിച്ച് വീട്ടിലെത്തി ഉപദ്രവം തുടങ്ങി. ആദ്യം പരാതി നൽകിയത് വനിത സെല്ലിലായിരുന്നു. പിന്നീടാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയതെന്നും പരാതിക്കാരി വ്യക്തമാക്കി. 

'എൽദോസ് കുന്നപ്പിള്ളി മദ്യപാനി, മർദ്ദനം പതിവ്': പൊലീസിനെതിരെ അടക്കം ഗുരുതര ആരോപണങ്ങളുമായി പരാതിക്കാരി