Asianet News MalayalamAsianet News Malayalam

'മതസ്പർദ്ധവളര്‍ത്തുന്നു'; ഫാ. ജോസഫ് പുത്തന്‍പുരയ്ക്കലിനെതിരെ പരാതി

ക്രിസ്ത്യന്‍, ഹിന്ദു മതവിശ്വാസികള്‍ക്കിടയില്‍ മുസ്ലീങ്ങളോട് വിദ്വേഷവും പകയും ഉണ്ടാക്കാന്‍ ഉദ്ദേശിച്ച് മാത്രം നടത്തിയതാണ് പ്രസ്തുത പ്രസംഗമെന്നാണ് പരാതിയില്‍ പറയുന്നത്. ചരിത്രത്തെ വളച്ചൊടിച്ച് മുസ്ലീം വിരോധം ജനിപ്പിക്കാനുള്ള വാക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്

complaint against fr  joseph puthenpurackal for hate speech against muslims
Author
Kannur, First Published Feb 3, 2020, 8:21 PM IST

കണ്ണൂര്‍: പ്രസംഗത്തിനിടയില്‍ വിവാദപരമായ പരാമര്‍ശങ്ങള്‍ നടത്തിയ കപ്പൂച്ചിൻ സഭയിലെ ഫാ. ജോസഫ് പുത്തന്‍പുരയ്ക്കലിനെതിരെ പരാതി. കണ്ണൂര്‍ ജില്ലാ പൊലീസ് സൂപ്രണ്ട് മുമ്പാകെ പഴയങ്ങാടി സ്വദേശി ബി തന്‍വീര്‍ അഹമ്മദ് എന്നയാളാണ് പരാതി നല്‍കിയിരിക്കുന്നത്. മതസ്പര്‍ദ്ദയും വിദ്വേഷവും വളര്‍ത്തുന്ന തരത്തിലുള്ള പ്രസംഗം നടത്തിയെന്ന് കാണിച്ചാണ് തന്‍വീറിന്‍റെ പരാതി.

ക്രിസ്ത്യന്‍, ഹിന്ദു മതവിശ്വാസികള്‍ക്കിടയില്‍ മുസ്ലീങ്ങളോട് വിദ്വേഷവും പകയും ഉണ്ടാക്കാന്‍ ഉദ്ദേശിച്ച് മാത്രം നടത്തിയതാണ് പ്രസ്തുത പ്രസംഗമെന്നാണ് പരാതിയില്‍ പറയുന്നത്. ചരിത്രത്തെ വളച്ചൊടിച്ച് മുസ്ലീം വിരോധം ജനിപ്പിക്കാനുള്ള വാക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്.

ലോകത്താകെ ക്രിസ്ത്യാനികളെ കൊല്ലുന്നത് മുസ്ലീങ്ങളാണെന്നുള്ള പ്രസംഗം തികച്ചും അടിസ്ഥാനരഹിതവും ജനങ്ങളില്‍ മുസ്ലീം വിരോധം ഉണ്ടാക്കാനും മുസ്ലീങ്ങളെ വെറുക്കാന്‍ ആഹ്വാനം ചെയ്യുന്നതുമാണ്. നാടിന്‍റെ ഐക്യം തകര്‍ക്കാന്‍ നോക്കിയ ഫാ ജോസഫ് പുത്തന്‍പുരയ്ക്കലിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും തന്‍വീര്‍ പരാതിയില്‍ ആവശ്യപ്പെട്ടു. 

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കലിന്‍റെ വാക്കുകള്‍ ഇങ്ങനെ

വാഡിയാര്‍ രാജാവിന്റെ സൈന്യാധിപനായിരുന്ന ടിപ്പുസുല്‍ത്താന്‍ മലബാറില്‍ വന്നു. ക്രിസ്ത്യാനികളെ വെടിവെച്ച് കൊന്നു. ഹിന്ദുക്കളെ ഇല്ലാതാക്കി. പേടിപ്പിച്ച് വിരട്ടി ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മതംമാറ്റി. 511 വര്‍ഷങ്ങള്‍ക്ക് മുന്‍പാണിത്. പൗരത്വ നിയമത്തിലൊക്കെ കേന്ദ്രം കാണിക്കുന്നത് തെറ്റാണ്. മുസ്ലീങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെടുന്ന പോലെ നമുക്കും നിഷേധിക്കപ്പെടാം. പക്ഷേ ഒരു കാര്യം നമ്മളോര്‍ക്കണം, മുസ്ലീങ്ങളെയും നമുക്ക് വിശ്വസിക്കാന്‍ പറ്റില്ല. പ്രസംഗത്തില്‍ പറഞ്ഞത്. ബോംബെയില്‍ നമ്മള്‍ നില്‍ക്കുന്നത് ശിവസേനയുള്ളതുകൊണ്ടാണ്. അല്ലെങ്കില്‍ മുസ്ലിങ്ങള്‍ നമ്മളെ ഇല്ലാതാക്കും. മുസ്ലിങ്ങള്‍ക്ക് മാത്രം സഞ്ചരിക്കാവുന്ന റോഡ് ലോകത്ത് ഒരു രാജ്യത്ത് മാത്രമേയുള്ളൂ. സൗദിയിലെ മെക്കയില്‍. മുസ്ലിം റോഡാണ്. നമ്മള്‍ വണ്ടിയോടിച്ചാല്‍ ശിക്ഷയാണ്. മതപ്രാന്ത് ഹിന്ദുക്കളേക്കാള്‍ കൂടുതല്‍ മുസ്ലീങ്ങള്‍ക്കാണ്. കേന്ദ്രം അവര്‍ക്കെതിരെ കാണിക്കുന്നത് അനീതിയാണ്. അത് മറ്റൊരു വശം. പക്ഷേ അവര്‍ അത്ര പുണ്യാളന്‍മാരൊന്നുമല്ല. നമ്മള്‍ സഹിക്കുന്ന ഒരു ഭാഗമുണ്ട്. എറ്റവും കൂടുതല്‍ നമ്മളെ കൊല്ലുന്നത് ആരാ. ഹിന്ദുക്കളാണോ, നൈജീരിയയില്‍, ഇറാഖില്‍, സിറിയയില്‍, മുസ്ലീങ്ങളാണ്. അതും നമ്മള്‍ കൂട്ടിവായിക്കണം. അന്ന് ടിപ്പുവിന്റെ പട്ടാളം ഇങ്ങനെ വന്നു. ആലുവ കഴിഞ്ഞ് പോരുമ്പോള്‍ ആലങ്ങാട് പ്രദേശത്തെത്തിയപ്പോള്‍ അവിടെ പെട്ടെന്ന് വഴിയിലെ മാവ് വളഞ്ഞു. അതോടെ ടിപ്പുവിന്റെ പടയ്്ക്ക് മുന്നോട്ട് പോകാന്‍ പറ്റിയില്ല. ആ സ്ഥലമാണ് കൂനമ്മാവെന്ന് അറിയപ്പെടുന്നത്. പട്ടാളം അങ്ങനെ വരുമ്പോള്‍ ചേറായി ബീച്ചില്‍ എത്തിയപ്പോള്‍ ശക്തമായ മഞ്ഞുമുണ്ടായി. എട്ടുനോമ്പിന്റെ കാലമാണ്. ആള്‍ക്കാര്‍ വെളിയില്‍ പ്രാര്‍ത്ഥിക്കുകയാണ്. ശക്തമായ മഞ്ഞില്‍ ഈ പള്ളിയങ്ങ് മറിഞ്ഞുപോയി. ടിപ്പുവിന്റെ പട്ടാളം പള്ളി കാണാതെ മുന്നോട്ടുപോയി. അപ്പോഴാണ് വാഡിയാറില്‍ മറ്റൊരു യുദ്ധമുണ്ടാകുന്നതും ടിപ്പുവിനെ തിരിച്ചുവിൡക്കുന്നതും. അങ്ങനെ പോയിരുന്നില്ലെങ്കില്‍ അഞ്ഞൂറ് വര്‍ഷം മുന്‍പ് ആ പട്ടാളം വന്ന് കോട്ടയം, അരൂര്‍, പത്തനംതിട്ട, ദേവലോകം,റാന്നി വഴി ഒറ്റ പോക്ക് പോയേനെ. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഇന്ന് നിങ്ങളുടെയൊക്കെ പേര് ഫാത്തിമ, സുലേഖ, ബഷീറ, മുസ്തഫ എന്നൊക്കെയാകുമായിരുന്നു.

വിവാദമായപ്പോള്‍ ഖേദം പ്രകടിപ്പിച്ചു

പ്രസംഗം വിവാദമായതോടെ ഈ വിഷയത്തിൽ വിശദീകരണവുമായി ഫാദർ പുത്തൻപുരക്കലും രംഗത്തെത്തി. വിവാദപരാമര്‍ശങ്ങളില്‍ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയുണ്ടായി. താൻ ഇസ്‌ലാം മതത്തെ എതിര്‍ക്കുന്നില്ലെന്നും വിമര്‍ശിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.  ഇസ്ലാമിക രാജ്യങ്ങളിലെ പീഡനങ്ങളെക്കുറിച്ച് ധ്യാനത്തിനിടെ വന്ന ചോദ്യത്തിന് മറുപടി പറയുക മാത്രമാണ് താൻ ചെയ്തത് എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

കൂനമ്മാവ് പരാമര്‍ശം തമാശയാണെന്നും അദ്ദേഹം വിശദീകരിച്ചു. ടിപ്പുസുല്‍ത്താന്‍റെ പടയോട്ടത്തെക്കുറിച്ച് പറഞ്ഞത് ചരിത്രവസ്തുതയല്ലെന്നും, തന്റെ സ്ഥിരം രീതിയില്‍ പറഞ്ഞുപോയതാണെന്നും. ഇത് സംബന്ധിച്ച് ഒരു വിവാദത്തിനും ഇനി താനില്ലെന്നും, സിഎഎ, എന്‍ആര്‍സി വിഷയത്തില്‍ താൻ മുസ്‌ലിം സമുദായത്തിന്റെ പക്ഷത്താണെന്നും ഫാ.പുത്തന്‍പുരയ്ക്കല്‍ ഒരു ചാനലിനോട് പ്രതികരിച്ചു.

Follow Us:
Download App:
  • android
  • ios