Asianet News MalayalamAsianet News Malayalam

'ആസാദ് കശ്മീര്‍' പരാമര്‍ശം, കെ ടി ജലീലിനെതിരെ ദില്ലിയില്‍ പരാതി

തിലക് മാർഗ് പൊലീസ് സ്റ്റേഷനിലാണ് പരാതി. അഭിഭാഷകൻ ജി എസ് മണിയാണ് പരാതി നൽകിയത്.

Complaint against k t jaleel in delhi police on azad Kashmir reference
Author
Delhi, First Published Aug 13, 2022, 3:53 PM IST

ദില്ലി: ' ആസാദ് കശ്മീര്‍ ' പരാമര്‍ശത്തില്‍ കെ ടി ജലീലിനെതിരെ ദില്ലി പൊലീസില്‍ പരാതി. തിലക് മാർഗ് പൊലീസ് സ്റ്റേഷനിലാണ് പരാതി. അഭിഭാഷകൻ ജി എസ് മണിയാണ് പരാതി നൽകിയത്. കശ്മീ‍ർ സന്ദർശിച്ചതിന് ശേഷം ഫേസ്ബുക്കിൽ കെ ടി ജലീല്‍ പ്രസിദ്ധീകരിച്ച പോസ്റ്റിലെ പരമാർശങ്ങളാണ് പരാതിക്ക് ആധാരം.

' പാക്കധീന കശ്മീരെ ' ന്ന് ഇന്ത്യ വിശേഷിപ്പിക്കുന്ന പ്രദേശത്തെ ' ആസാദ് കശ്മീരെ ' ന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ജലീല്‍ വിശേഷിപ്പിച്ചത്. ഇത് പൊതുവെ പാകിസ്ഥാനും അനുകൂലികളും നടത്തുന്ന പ്രയോഗമാണ്. വിഭജനകാലത്ത് കശ്മീർ രണ്ടായി വിഭജിച്ചിരുന്നു എന്നാണ് ജലീലിന്‍റെ മറ്റൊരു  പരാമർശം. എന്നാൽ ' പഷ്തൂണു' കളെ ഉപയോഗിച്ച് കശ്മീർ പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഒരു ഭാഗം പാകിസ്ഥാൻ പിടിച്ചെടുക്കുകയായിരുന്നു. കശ്മീർ പൂർണ്ണമായും ഇന്ത്യയുടെ ഭാഗമാണെന്നാണ് ഇന്ത്യയുടെ എല്ലാകാലത്തെയും നിലപാട്. ജലീലിന്‍റെ പോസ്റ്റിൽ വലിയ പിഴവമുണ്ടെന്ന് ചരിത്രവിദഗ്ദർ പ്രതികരിച്ചിരുന്നു.  

ഇന്ത്യൻ അധീന കശ്മീരെന്ന മറ്റൊരു പ്രയോഗവും കുറിപ്പിലുണ്ട്. കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്ന നിലപാടിനെതിരാണിത്. ബിജെപി നേതാക്കളടക്കമുള്ളവർ ജലീലിന്‍റെ പോസ്റ്റിന് കീഴെ കടുത്ത പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. ഇന്ത്യയുടെ അഖണ്ഡത ജലീൽ അംഗീകരിക്കുന്നില്ലേ എന്നാണ് പലരുടെയും ചോദ്യം. എന്നാല്‍ ഡബിൾ ഇൻവർട്ടഡ് കോമയിലാണ് " ആസാദ് കാശ്മീർ " എന്നെഴുതിയതെന്നും ഇതിന്‍റെ  അർത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രമെന്നും കെ ടി ജലീൽ 
വിവാദങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്കില്‍ കുറിച്ചു. 

എന്നാല്‍ ജലീലിന്‍റെ വിശദീകരണത്തിൽ കാര്യമില്ലെന്ന് പ്രതീപക്ഷനേതാവ് വി ഡി സതീശൻ തുറന്നടിച്ചു. ജലീലിനോട് മുഖ്യമന്ത്രി രാജി ആവശ്യപ്പെടണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ജലീലിന്‍റെ പരാമർശം  രാജ്യദ്രോഹമാണെന്നും സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്നും കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി  പറഞ്ഞു. 

Follow Us:
Download App:
  • android
  • ios