സ്ഥാപനത്തിലെ ജീവനക്കാരിയുടെ പരാതിയിലാണ് പെരുമ്പാവൂർ പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

കൊച്ചി: കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ തൊഴിൽ പീഡനപരാതി ഉന്നയിച്ച മനാഫിനെതിരെ കേസ്. സ്ഥാപനത്തിലെ ജീവനക്കാരിയുടെ പരാതിയിലാണ് പെരുമ്പാവൂർ പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മനാഫ് മാനേജരായിരുന്നപ്പോൾ കഴുത്തിൽ ബെൽറ്റിട്ട് പട്ടിയെപ്പോലെ നടത്തിച്ചെന്ന് യുവതി പറയുന്നു. ആറ് മാസം മുമ്പാണ് സംഭവം നടന്നതെന്നും യുവതി വ്യക്തമാക്കുന്നു. കേരളത്തെ നടുക്കിയ ദൃശ്യങ്ങള്‍ ഇന്നലെയാണ് പുറത്ത് വന്നത്. കഴുത്തില്‍ ബെല്‍റ്റിട്ട് ഒരു യുവാവിനെ മറ്റൊരാള്‍ നായയെ നടത്തിക്കുന്നത് പോലെ നടത്തുന്നതായിരുന്നു ദൃശ്യങ്ങളിലുള്ളത്. 

അതേ സമയം, ദൃശ്യങ്ങള്‍ തൊഴില്‍ പീഡനമല്ലെന്ന് കണ്ടെത്തിയതായി എറണാകുളം ജില്ലാ ലേബര്‍ ഓഫീസര്‍ ലേബര്‍ കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ അവ്യക്തത ഉണ്ടെന്നും വ്യക്തിവൈരാഗ്യമെന്നടക്കം വിവരമുണ്ടെന്നും തൊഴില്‍ മന്ത്രി പ്രതികരിച്ചു. സ്ഥാപനത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ജീവനക്കാരന്‍ മറ്റൊരു സാഹചര്യത്തില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ദൃശ്യങ്ങളിലുള്ള യുവാക്കള്‍. എന്നാല്‍ സമ്മര്‍ദം കൊണ്ടാണ് യുവാക്കള്‍ മൊഴി മാറ്റി പറയുന്നതെന്നും സ്ഥാപന ഉടമയ്ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും മുന്‍ ജീവനക്കാരന്‍ മനാഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

ദൃശ്യങ്ങളില്‍ കഴുത്തില്‍ ബെല്‍റ്റിട്ട് നടക്കുന്ന ജെറിനും ജെറിനെ വലിച്ച് കൊണ്ട് പോകുന്ന ഹാഷിമും തൊഴില്‍ പീഡന ആരോപണം പാടെ നിഷേധിക്കുകയാണ്. പെരുമ്പാവൂരിലെ കെല്‍ട്രോ എന്ന മാര്‍ക്കറ്റിംഗ് സ്ഥാപനത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ജീവനക്കാരന്‍ മനാഫ് മറ്റൊരു സാഹചര്യത്തില്‍ എടുത്ത ദൃശ്യങ്ങള്‍ ദുരുദ്ദേശത്തോടെ പ്രചരിപ്പിച്ചെന്നാണ് ഇരുവരുടെയും മൊഴി. ബിസിനസ് ഡെവലപ്പ്മെന്‍റ് പരിപാടി എന്ന പേരില്‍ നാലര മാസം മുമ്പ് എടുത്ത ദൃശ്യം ഇപ്പോള്‍ പുറത്തു വന്നത് സ്ഥാപനത്തെ തകര്‍ക്കാനെന്നും ഇരുവരും പറയുന്നു. 

Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ് | Latest News Updates