കൊച്ചി: തിരുവോണത്തിനുള്ള ഓണസദ്യ ഓൺലൈനായി ഓ‍ർഡർ ചെയ്തവർ പരാതികളുമായി രം​ഗത്ത്. കൊച്ചിയിൽ ഓൺലൈൻ വഴി  ഭക്ഷണത്തിന് ഓർഡർ ചെയ്ത പല‍ർക്കും ഓണത്തിന് പട്ടിണി കിടക്കാനായിരുന്നു വിധി. 

തിരുവനന്തപുരത്ത് വൻ തുക നൽകി ഭക്ഷണം ബുക്ക് ചെയ്ത പല‍ർക്കും വിരലിലെണ്ണാവുന്ന വിഭവങ്ങളാണ് ഓണസദ്യയിൽ കിട്ടിയതെന്ന് പരാതി യുണ്ട്. സോഷ്യൽ മീഡിയയിലെ പരസ്യം കണ്ട് ഭക്ഷണം ബുക്ക് ചെയ്ത ചില‍ർക്കും തലസ്ഥാനത്തും ഓണത്തിന് പട്ടിണി കിടക്കേണ്ട അവസ്ഥ വന്നു. 

കൊച്ചിയിൽ പഴയിടം കാറ്റേഴ്സിൻ്റെ ഊണ് ബുക്ക് ചെയ്തവ‍ർക്കാണ് അന്നം മുട്ടിയത്. ഒരിലയക്ക് 299 രൂപയാണ് ഇവ‍ർ ഓണസദ്യയ്ക്കായി ഈടാക്കിയിരുന്നത്. എന്നാൽ പഴയിടം കാറ്റേഴ്സിൻ്റെ യൂണിറ്റ് പ്രവ‍ർത്തിക്കുന്ന ഏലൂ‍ർ കണ്ടെയ്ൻമെൻ്റ് സോണായതോടെ ഇവ‍ർക്ക് ഭക്ഷണം വിതരണം ചെയ്യാൻ സാധിക്കാതെ വന്നുവെന്നാണ് വിശദീകരണം. ഭക്ഷണം ബുക്ക് ചെയ്ത പലരും പ്രതിഷേധവുമായി രം​ഗത്തു വന്നതിന് പിന്നാലെ കോട്ടയത്ത് നിന്നും ഭക്ഷണം എത്തിച്ചു നൽകി കൊണ്ടിരിക്കുകയാണെന്ന് പഴയിടം കാറ്റേഴ്സ് അറിയിച്ചു.

തിരുവനന്തപുരം ന​ഗരത്തിലെ പ്രശസ്തമായ വെജിറ്റേറിയൻ ഹോട്ടൽ രണ്ട് ഇലയ്ക്ക് 910 രൂപയാണ് ഈടാക്കിയത്. എന്നാൽ ഇവർ നൽകിയ സദ്യയിൽ വിഭവങ്ങളും അതിൻ്റെ അളവും വളരെ കുറവായിരുന്നു എന്ന സോഷ്യൽ മീഡിയയിലൂടെ പലരും പരാതിപ്പെട്ടു. ഫുഡ് ​ഗ്രൂപ്പുകളിൽ കണ്ട പരസ്യത്തിൻ്റെ അടിസ്ഥാനത്തിൽ ഒരു കാറ്ററിൽ നിന്നും 199 രൂപയ്ക്ക് ഭക്ഷണം ഓർഡർ ചെയ്തവ‍ർക്ക് രണ്ടരയായിട്ടും ഭക്ഷണം കിട്ടിയില്ല. കാറ്ററിം​ഗ് സർവ്വീസുകാരുടെ ഫോണും പിന്നീട് സ്വിച്ച് ഓഫായി. 

കൊവിഡ് ഭീതി കാരണം പല കുടുംബങ്ങളും ഓണത്തിന് സാധനങ്ങൾ വാങ്ങാൻ പുറത്തേക്ക് പോയിരുന്നില്ല. ഇങ്ങനെയുള്ള നിരവധി പേ‍ർ ഇക്കുറി ഓൺലൈൻ ഓണസദ്യയെ ആശ്രയിച്ചിരുന്നു. ഇത്തരം ആളുകളെ ചൂഷണം ചെയ്യാനും പലരും രം​ഗത്തിറങ്ങിയതാണ് ചിലരെങ്കിലും വഞ്ചിക്കപ്പെടാൻ കാരണമായത്.