രഞ്ജിത്തിനെതിരെ പരാതി: മൊഴി മാറ്റാൻ സമ്മർദമെന്ന് പരാതിക്കാരൻ; പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകും
രഞ്ജിത്ത് ബംഗളൂരുവിലെ ഹോട്ടലിൽ വച്ച് തന്നെ ലൈംഗിക അതിക്രമത്തിന് ഇരയാക്കി എന്നും നഗ്ന ഫോട്ടോ എടുത്തു എന്നുമായിരുന്നു. സജീറിന്റെ ആരോപണം.
കോഴിക്കോട്: സംവിധായകൻ രഞ്ജിത്തിനെതിരെ വെളിപ്പെടുത്തൽ നടത്തിയ ശേഷം പരാതി പിൻവലിക്കാൻ തനിക്കുമേൽ കടുത്ത സമ്മർദ്ദം എന്ന് കോഴിക്കോട് മാങ്കാവ് സ്വദേശി സജീർ. പേര് വെളിപ്പെടുത്താതെയാണ് പലരും തന്നെ വിളിക്കുന്നതും സമ്മർദ്ദത്തിലാക്കുന്നതുമെന്ന് സജീർ പറഞ്ഞു. നാളെ പ്രത്യേക അന്വേഷണ സംഘത്തിന് ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി മൊഴി നൽകുമെന്നും സജീർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രഞ്ജിത്ത് ബംഗളൂരുവിലെ ഹോട്ടലിൽ വച്ച് തന്നെ ലൈംഗിക അതിക്രമത്തിന് ഇരയാക്കി എന്നും നഗ്ന ഫോട്ടോ എടുത്തു എന്നുമായിരുന്നു. സജീറിന്റെ ആരോപണം. തന്‍റെ ചിത്രങ്ങൾ രഞ്ജിത്ത് ഒരു പ്രമുഖ ചലച്ചിത്ര നടിക്ക് അയച്ചുകൊടുത്തതായും സജീർ ആരോപിച്ചു.
ഇന്നലെയാണ് സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗിക പീഡന പരാതിയുമായി യുവാവ് രംഗത്ത് എത്തിയത്.. സിനിമയിൽ അവസരം ചോദിച്ചെത്തിയ തന്നെ 2012 ൽ ബാംഗ്ലൂരിൽ വച്ച് സംവിധായകൻ രഞ്ജിത്ത് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. കോഴിക്കോട് സ്വദേശിയായ യുവാവാണ് പരാതിക്കാരൻ.
കോഴിക്കോട് സിനിമാ ഷൂട്ടിങിനിടയിലാണ് സംവിധായകനെ പരിചയപ്പെട്ടതെന്ന് യുവാവ് പറയുന്നു. അവസരം തേടി ഹോട്ടൽ റൂമിലെത്തിയ തനിക്ക് ടിഷ്യൂ പേപ്പറിൽ ഫോൺ നമ്പർ കുറിച്ചു തന്നുവെന്നും അതിൽ സന്ദേശം അയക്കാനും ആവശ്യപ്പെട്ടുവെന്നാണ് യുവാവ് പറയുന്നത്. ബെംഗളൂരു താജ് ഹോട്ടലിൽ രണ്ട് ദിവസത്തിന് ശേഷം എത്താൻ ആവശ്യപ്പെട്ടു. രാത്രി 10 മണിയോടെ ഹോട്ടലിൽ എത്തിയ തന്നോട് പുറകുവശത്തെ ഗേറ്റ് വഴി റൂമിലേക്ക് എത്താൻ സംവിധായകൻ നിർദ്ദേശിച്ചു, മുറിയിലെത്തിയപ്പോൾ മദ്യം നൽകി കുടിക്കാൻ നിർബന്ധിച്ചു, പിന്നീട് വിവസ്ത്രനാക്കിയെന്നും പീഡിപ്പിച്ചുവെന്നുമാണ് യുവാവ് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രതികരണത്തിൽ വ്യക്തമാക്കിയത്.