കൊച്ചി: എറണാകുളം ആലുവയിൽ നാണയം വിഴുങ്ങിയ മൂന്ന് വയസുകാരനായ കുട്ടിക്ക് ദാരുണാന്ത്യം. കണ്ടെയ്‌ൻമെന്‍റ് സോണിൽ നിന്ന് വരുന്നെന്ന കാരണത്താൽ മെഡിക്കൽ കോളേജിലടക്കം മൂന്നാശുപത്രികൾ കയറിയിറങ്ങിയിട്ടും യഥാസമയം ചികിത്സ കിട്ടിയില്ലെന്നാരോപിച്ച് കുടുംബം രംഗത്തെത്തി. സംഭവം വിവാദമായതോടെ അടിയന്തര അന്വേഷണത്തിന് ആരോഗ്യമന്ത്രി ഉത്തരവിട്ടു.

ആലുവ കടുങ്ങല്ലൂർ സ്വദേശികളായ ദമ്പതികളുടെ മൂന്ന് വയസുളള ആൺകുഞ്ഞാണ് മരിച്ചത്. ഒരു രൂപ നാണയം വിഴുങ്ങിയ കുട്ടിയെ ഇന്നലെ രാവിലെ പതിനൊന്നുമണിക്കാണ് ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. എക്സറേ പരിശോധനയിൽ നാണയം വയറിനുളളിൽ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തി. ചികിത്സ കിട്ടിയില്ലെന്നും ഭക്ഷണം കൊടുത്താൽ മതിയെന്നും വീട്ടിൽ പോകുവാന്നും പറഞ്ഞെന്നുമാണ് കുട്ടിയുടെ അമ്മ തന്നെ പറയുന്നത്.

പീഡിയാട്രിക് സർജൻ ഇല്ലാത്തതിനാൽ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് പോകാൻ ആവശ്യപ്പെട്ടെന്നാണ് ആലുവ ആശുപത്രി അധികൃതരുടെ വിശദീകരണം. കുഞ്ഞുമായി കരഞ്ഞുകൊണ്ട് എത്തിയ അമ്മയെ ഇവിടുത്തെ ഒരു ഓട്ടോഡ്രൈവ‍റാണ് എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചത്

രണ്ടുമണിയോടെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും വെളളവും ഭക്ഷണവും കൊടുക്കാനായിരുന്നു നിർദേശം. രണ്ടുമണിക്കൂറോളം കാത്തുനിന്നിട്ടും ഫലമുണ്ടായില്ലെന്നാണ് കുടുംബം പറയുന്നത്. ശസ്ത്രക്രിയാ സൗകര്യം ഇല്ലാത്തതുകൊണ്ട് ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് പോകാൻ ആവശ്യപ്പെട്ടു. ആശുപത്രി അധികൃതർ തന്നെ ആംമ്പുലൻസ് ഏർപ്പാടാക്കി.

വൈകിട്ട് അഞ്ച് മണിയോടെ ആലപ്പുഴ മെഡിക്കൽ കോളേജിലെത്തി. എക്സറേ എടുത്തു. ചെറുകുടലിലാണ് നാണയം കുടുങ്ങിക്കിടക്കുന്നതെന്ന് വ്യക്തമായി. ആലുവയിലെ കണ്ടെയ്ൻമെന്‍റ് സോണിൽ നിന്ന് വരുന്നതിനാൽ കിടത്തി ചികിത്സ നൽകാൻ കഴിയില്ലെന്ന് ഡോക്ട‍ർമാർ അറിയിച്ചെന്നാണ് കുട്ടിയുടെ കുടുംബം പറയുന്നത്.  മൂന്നു ദിവസം കഴിഞ്ഞും വയറിളകി പോയില്ലെങ്കിൽ അടുത്തുളള ആശുപത്രിയിൽ കാണിച്ചാൽ മതി.

പുല‍ർച്ചെ ഒരുമണിയോടെയാണ് കുട്ടിയുമായി കുടുംബാംഗങ്ങൾ ആലുവയിലെ വീട്ടിൽ തിരികെയെത്തിയത്. രാവിലെ അനക്കമില്ലാതെ കാണപ്പെട്ട കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പോസ്റ്റുമാർട്ടം റിപ്പോർട്ട് കിട്ടിയാലേ മരണകാരണം വ്യക്തമാകൂ. കണ്ടെയ്ൻമെന്‍റ് സോണിൽ നിന്ന് വന്നതിനാൽ കൊവിഡ‍് പരിശോധനയ്ക്കായി സ്രവവും ശേഖരിച്ചിട്ടുണ്ട്. ചികിത്സ പിഴവെന്ന് കുടുംബം ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രി വിദഗ്ധാന്വേഷണത്തിന് ഉത്തരവിട്ടത്.