ജനുവരി 30ന് നടന്ന സിന്‍റിക്കറ്റ് യോഗത്തിലാണ് കാലിക്കറ്റ് സർവ്വകലാശാലയിലെ 16 പഠന വകുപ്പുകളിൽ 43 ഉദ്യോഗാർതഥികളുടെ നിയമനം അംഗീകരിച്ചത്.

കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാല അസിസ്റ്റന്‍റ് നിയമനത്തിനെതിരെ ഗവർണർക്ക് പരാതി. യുജിസി ചട്ടങ്ങൾ പാലിച്ചില്ലെന്ന് കാണിച്ച് സിന്‍റിക്കറ്റ് അംഗം ഡോ. റഷീദ് അഹമ്മദാണ് പരാതി നൽകിയത്. സംവരണ ഒഴിവുകൾ നിർണയിച്ചതിന് ശേഷമേ വിജ്ഞാപനം നടത്താവു എന്ന യുജിസി നിയമം സ്വന്തക്കാർക്ക് വേണ്ടി അട്ടിമറിച്ചെന്നും നിയമനം നടന്നിട്ടും സംവരണ റോസ്റ്റർ പ്രസിദ്ധികരിച്ചില്ലെന്നും പരാതിയിൽ പറയുന്നു.

ഇക്കഴിഞ്ഞ ജനുവരി 30ന് നടന്ന സിന്‍റിക്കറ്റ് യോഗത്തിലാണ് കാലിക്കറ്റ് സർവ്വകലാശാലയിലെ 16 പഠന വകുപ്പുകളിൽ 43 ഉദ്യോഗാർതഥികളുടെ നിയമനം അംഗീകരിച്ചത്. എജുക്കേഷൻ, ഇക്കണോമിക്സ് അടക്കം വിവിധ വകുപ്പുകളിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾ നിയമനത്തിൽ അപാകതയുണ്ടെന്ന് ആരോപിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിന്‍റിക്കറ്റ് അംഗം ഗവർണറെ സമീപിച്ചത്. നിയമന വിജ്ഞാപനം ഇറങ്ങുന്നതിന് മുന്നേ തന്നെ ഭിന്നശേഷി, ജാതി അടക്കമുള്ള സംവരണ സീറ്റുകൾ ഏതെന്ന് നിർണയിക്കണമെന്ന യുജുസി ചട്ടം കാലിക്കറ്റിൽ പാലിച്ചിട്ടില്ലെന്നാണ് പ്രധാന ആരോപണം. അധ്യാപക നിയമനം സുതാര്യമാവണമെന്നാണ് യുജിസി നിർദ്ദേശമെങ്കിലും പാലിക്കപ്പെട്ടിട്ടില്ലെന്നും പരാതിയിൽ പറയുന്നു. നിയമനം നടന്നിട്ടു പോലും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തതിലെ ദുരൂഹതയും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

വിവിധ വകുപ്പുകളിലെ ഒഴിവനുസരിച്ച് തയ്യാറാക്കിയ പട്ടിക ചട്ടമനുസരിച്ച് സിന്‍റിക്കറ്റ് അംഗങ്ങൾക്ക് നൽകാവുന്നതാണ്. എന്നാൽ ഇത് ആവശ്യപ്പെട്ടിട്ടും വൈസ് ചാൻസലർ നൽകാൻ തയ്യാറാകാതിരുന്നത് മുൻ കൂട്ടി തീരുമാനിച്ച ഉദ്യോഗാർത്ഥികളെ നിയമിക്കാൻ വേണ്ടിയാണെന്നും ആരോപണമുണ്ട്. സർവ്വകലാശാലയിൽ സംവരണ വിഭാഗത്തിനായി നീക്കി വച്ച 29 തസ്തികകൾ ഇനിയും നികത്താനുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കൂടിക്കാഴ്ചയിൽ പങ്കെടുത്തവരെ ഫലമറിയിച്ചില്ലെന്നും ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചില്ലെന്നുമുള്ള ആരോപണവുമായി ഉദോയഗാർത്ഥികളും രംഗത്തുണ്ട്.