അസിസ്റ്റന്റ് കമ്മീഷണർക്കും പോത്തൻകോട് ഇൻസ്പെക്ടർക്കും എന്ന പേരിലാണ് അഞ്ച് കിലോ മാങ്ങ വാങ്ങിയത്. പോത്തൻകോട് പൊലീസ് കടയിൽ എത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം കടയുടമ മനസിലാക്കിയത്.
തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് പൊലീസ് ഉദ്യോഗസ്ഥനെന്ന പേരിൽ മാങ്ങ വാങ്ങി പണം നൽകാതെ കബളിപ്പിച്ചതായി പരാതി. കരൂര്‍ ക്ഷേത്രത്തിന് സമീപം എം.എസ്.സ്റ്റോഴ്സ് കടയുടമ ജി മുരളീധരൻ നായരാണ് കബളിപ്പക്കപ്പെട്ടത്.
കഴിഞ്ഞ മാസമാണ് അസിസ്റ്റന്‍റ് കമ്മീഷണര്‍ക്കും പോത്തൻകോട് സിഐക്കും എന്ന പേരിൽ പോത്തൻകോട് സ്റ്റേഷനിലെ പൊലീസുകാരനെന്ന പേരിൽ ഒരാൾ കടയിൽ നിന്ന് രണ്ട് കവറുകളിലായി അഞ്ച് കിലോ മാങ്ങ വാങ്ങിയത്. ഒരു മാസമായിട്ടും പണവുമില്ല. ആളുമില്ല. ഇന്ന് പോത്തൻകോട് പൊലീസ് കടയിൽ എത്തിയപ്പോൾ കടയുടമ ഇക്കാര്യം പറഞ്ഞു. അപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം മനസിലായത്. ഉടൻ പോത്തൻകോട് സിഐ കടയിലെത്തി പരാതി എഴുതിവാങ്ങുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം തുടങ്ങി പോത്തൻകോട് പൊലീസ് അറിയിച്ചു.
