Asianet News MalayalamAsianet News Malayalam

മര്‍ക്കസ് നോളജ് സിറ്റിലെ അപകടം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമപ്രവര്‍ത്തകര്‍ക്ക് ദുരനുഭവമെന്ന് പരാതി

ഇത്തരം പ്രവർത്തികൾ മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നും കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും KRMU ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 

Complaint that journalists who went to cover accident at markaz knowledge city were blocked
Author
Thiruvananthapuram, First Published Jan 19, 2022, 2:13 PM IST


കോഴിക്കോട്: താമരശ്ശേരി കോടഞ്ചേരി പഞ്ചായത്തിലെ കാന്തപുരം അബൂബക്കര്‍ മുസ്ലാരുടെ 
(Kanthapuram Aboobacker Musliyar) നേതൃത്വത്തിലുള്ള ട്രസ്റ്റിന്‍റെ നിര്‍മ്മാണത്തിലിരുന്ന മര്‍ക്കസ് നോളജ് സിറ്റിയിലെ (marcus knowledge city) കെട്ടിടം തകര്‍ന്ന് വീണപ്പോള്‍ വാര്‍ത്ത ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞതായി പരാതി. സംഭവം അറിഞ്ഞ് ഇന്നലെ പകല്‍ 11.20 ഓടെ സ്ഥലത്തെത്തിയ പ്രാദേശിക മാധ്യമ പ്രവര്‍ത്തകരെയാണ് മര്‍ക്കസ് നോളജ് സിറ്റിയുടെ ആളുകള്‍ തടഞ്ഞത്. ഇത് സ്വകാര്യ സ്ഥലമാണെന്നും ഇവിടെ പുറത്ത് നിന്നുള്ളവര്‍ക്ക് പ്രവേശനമില്ലെന്നും തങ്ങള്‍ തരുന്ന വാര്‍ത്ത നല്‍കിയാല്‍ മതിയെന്നും പറഞ്ഞാണ് മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞത്. 

"കെട്ടിടം തകര്‍ന്ന വാര്‍ത്ത അറിയുമ്പോള്‍ സംഭവ സ്ഥലത്തിനടുത്ത് തന്നെ ഞങ്ങളുണ്ടായിരുന്നു. ആദ്യമെത്തിയത് ഞാനും കേരളാകൌമുദി ലേഖകനായ ജോണ്‍സണ്‍ ഈങ്ങാപ്പുഴയുമായിരുന്നു. സംഭവം നടന്ന് 20 മിനിറ്റില്‍ തന്നെ ഞങ്ങളിരുവരും സംഭവസ്ഥലത്തെത്തി. ഗെയിറ്റില്‍ വച്ച് തന്നെ മര്‍ക്കസിന്‍റെ രണ്ട് പേര്‍ വന്ന് തടഞ്ഞു. ഐഡി കാര്‍ഡ് കാണിച്ച് മാധ്യമപ്രവര്‍ത്തകരാണെന്ന് പറഞ്ഞെങ്കിലും മാധ്യമ പ്രവര്‍ത്തകരെ ആരെയും കടത്തിവിടില്ലെന്ന് അവര്‍ പറഞ്ഞു. എന്നാല്‍, മറ്റൊരു വഴിയിലൂടെ ഞങ്ങള്‍ അകത്ത് കടന്നു. ജോണ്‍സണ്‍ വീഡിയോ എടുക്കാനായി കെട്ടിടത്തിന്‍റെ അടുത്തേക്ക് പോയപ്പോള്‍ മര്‍ക്കസിന്‍റെ ആളാണെന്ന പരിചയപ്പെടുത്തിയ ഒരാള്‍ വന്ന് മോബൈല്‍ കൈമാറാന്‍ പറഞ്ഞു. അത് പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ എടുത്ത വീഡിയോ ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് വീഡിയോ ഡിലീറ്റ് ചെയ്തു. തങ്ങള്‍ തരുന്ന വീഡിയോ മാത്രമേ കൊടുക്കാന്‍ പറ്റുകയൊള്ളൂ എന്നും അവര്‍ ആവശ്യപ്പെട്ടു. പിന്നീട് മര്‍ക്കസ് നോജസ് സിറ്റി പിആര്‍ഒയെ കണ്ടപ്പോള്‍ ഒരു ബീം മാത്രമാണ് വീണതെന്നും വെറും അഞ്ച് പേര്‍ക്ക് മാത്രമേ പരിക്കേറ്റിട്ടൊള്ളൂവെന്നും അതില്‍ തന്നെ മൂന്ന് പേര്‍ക്ക് സാരമായ പരിക്കേയുള്ളൂവെന്നുമായിരുന്നു പിആര്‍ഒ പറഞ്ഞത്. എന്നാല്‍, അതേസമയം മെഡിക്കല്‍ കോളേജില്‍ 15 പേരെ അഡ്മിറ്റ് ചെയ്തിട്ടുണ്ടെന്ന വിവരമാണ് തങ്ങള്‍ക്ക് ലഭിച്ചിരുന്നതെന്നും  പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്‍ മജീദ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. 

മെഡിക്കല്‍ കോളേജിന്‍റെ മുന്നില്‍ നിന്ന് പരിക്കേറ്റ ഇതരസംസ്ഥാന തൊഴിലാളികളോട് സംസാരിക്കവേ മര്‍ക്കസിന്‍റെ ആളുകള്‍ വന്ന് അവരെ അകത്തേക്ക് കൂട്ടികൊണ്ട് പോവുകയായിരുന്നു. തൊഴിലാളികളെ മാധ്യമപ്രവര്‍ത്തകരെ കാണാന്‍ അനുവദിച്ചില്ലെന്നും മജീദ് കൂട്ടിച്ചേര്‍ത്തു. മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്ത ചെയ്യുമ്പോള്‍ മാധ്യമ പ്രവര്‍ത്തകരുടെ വീഡിയോ എടുത്ത് ഇതിലുള്ളത് ആരൊക്കെയാണെന്ന് മര്‍ക്കസിന്‍റെ ആളുകള്‍ ചോദിക്കുന്നുണ്ടായിരുന്നെന്നും മൊബൈല്‍ കൈമാറുകയോ എടുത്ത വിഷ്യല്‍സ് ഡിലീറ്റ് ചെയ്യുകയോ വേണെന്ന് മര്‍ക്കസിന്‍റെ ആളുകള്‍ വന്ന് ആവശ്യപ്പെട്ടെന്ന് ദീപികയുടെ പ്രാദേശിക ലേഖകനായ ഷാജി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. ഇതേ അനുഭവം തന്നെയാണ് മെഡിക്കല്‍ കോളേജിലുണ്ടായതെന്നും ജോണ്‍സണ്‍ ഈങ്ങാപ്പുഴ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. 

സംഭവസ്ഥലത്ത് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവര്‍ത്തകരോടും മെഡിക്കല്‍കോളേജില്‍ വച്ച് സംഭവം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന അമൃത ടിവിയുടെ മാധ്യമപ്രവര്‍ത്തകരോടും മര്‍ക്കസിന്‍റെ ആളുകള്‍ വീഡിയോ എടുക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നിരുന്നു. സംഭവസ്ഥലത്ത് വീഡിയോ ചിത്രീകരുക്കുന്നതുമായി ബന്ധപ്പെട്ട് ചെറിയ തോതില്‍ പ്രശ്നങ്ങളുണ്ടായിരുന്നെന്നും എന്നാല്‍ അപ്പോള്‍ തന്നെ അത് പരിഹരിച്ചിരുന്നെന്നും കോടഞ്ചേരി എസ് ഐ അഭിലാഷ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. 

മാധ്യമപ്രവർത്തകരുടെ ഫോൺ പിടിച്ചു വാങ്ങി ചിത്രീകരിച്ച ദൃശ്യങ്ങൾ നശിപ്പിക്കുകയും കയ്യേറ്റശ്രമം നടത്തുകയും ചെയ്ത നോളേജ് സിറ്റി അധികൃതരുടെ നടപടിയിൽ കേരള റിപ്പോർട്ടേഴ്സ് & മീഡിയാ പേഴ്സൺസ് യൂനിയൻ (KRMU)കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ഇത്തരം പ്രവർത്തികൾ മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നും കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും KRMU ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 

അതിനിടെ അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ മർകസ് നോളജ് സിറ്റിയിലെ മറ്റ് കെട്ടിടങ്ങളിലും പരിശോധന (inspection) നടത്താന്‍ കോടഞ്ചേരി പഞ്ചായത്ത് (kodanchery panchayath)നടപടി തുടങ്ങി. പ്രദേശത്തെ നിർമ്മാണങ്ങൾ നിയമാനുസൃതമാണോയെന്ന് പരിശോധിക്കുമെന്ന് പഞ്ചായത്തധികൃതർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം പരിക്കേറ്റ് ചികിത്സയിലുള്ള 23 പേരുടെയും നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Follow Us:
Download App:
  • android
  • ios