സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ മാന്വല്‍ പ്രകാരം സബ് ജില്ലാ, ജില്ലാ കലോത്സവങ്ങളിലെ മത്സരങ്ങള്‍ക്ക് വിധി കര്‍ത്താവായിരുന്ന ആളെ സംസ്ഥാന കലോത്സവത്തില്‍ വിധി കര്‍ത്താവാക്കരുതെന്ന് നിബന്ധനയുണ്ട്.


കോഴിക്കോട്: ഉപജില്ലാ കലോത്സവത്തില്‍ ജഡ്ജിയായിരുന്ന ആളെ സംസ്ഥാന കലോത്സവത്തിലും ജഡ്ജിയാക്കിയെന്ന് പരാതി. ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ കഥകളി മത്സരത്തിലെ വിധി കര്‍ത്താവിനെ നിശ്ചയിച്ചതിലാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. കലോത്സവ മാനുവലിന് വിരുദ്ധമായി കരുനാഗപ്പള്ളി സബ് ജില്ലാ കലോത്സവത്തിലെ വിധി കർത്താവിനെ സംസ്ഥാന സ്കൂൾ കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ കഥകളി മത്സരത്തിലും വിധി കർത്താവാക്കിയെന്നാണ് പരാതി.

സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ മാന്വല്‍ പ്രകാരം സബ് ജില്ലാ, ജില്ലാ കലോത്സവങ്ങളിലെ മത്സരങ്ങള്‍ക്ക് വിധി കര്‍ത്താവായിരുന്ന ആളെ സംസ്ഥാന കലോത്സവത്തില്‍ വിധി കര്‍ത്താവാക്കരുതെന്ന് നിബന്ധനയുണ്ട്. എന്നാല്‍, ഹൈസ്കൂള്‍ പെണ്‍കുട്ടികളുടെ കഥകളി മത്സരത്തില്‍ ഈ നിബന്ധ ലംഘിച്ചുവെന്നാണ് ഉയര്‍ന്നിരിക്കുന്ന പരാതി. ഇത് സംബന്ധിച്ച് സംസ്ഥാന സ്കൂള്‍ കലോത്സവം പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ക്കും പൊതു വിദ്യാഭ്യാസ ഡയറക്ടർക്കും കൊല്ലം ക്ലാപ്പന എസ് വി എച്ച് എസ് എസ് വിദ്യാർത്ഥി ചന്ദന ചന്ദ്രനയുടെ അച്ഛന്‍ ജയചന്ദ്രന്‍ പരാതി നല്‍കി. ഇത് സംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർക്കും അദ്ദേഹം പരാതി നൽകിയിട്ടുണ്ട്. 

സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ 13 -ാം വേദിയായ ഉജ്ജയിനിയില്‍ നടന്ന മത്സരത്തിലാണ് പരാതി ഉയര്‍ന്നത്. കരുനാഗപ്പള്ളി ഉപജില്ലാ കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ കഥകളി (ഗ്രൂപ്പ്) മത്സരത്തില്‍ ജഡ്ജിയായിരുന്ന ആളാണ് കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ കഥകളി (ഗ്രൂപ്പ്) മത്സരത്തിലും ജഡ്ജിയായിരുന്നത്. സംസ്ഥാന സ്കൂള്‍ കലോത്സവ മാന്വല്‍ പ്രകാരം ഇത് തെറ്റാണെന്ന് ജയചന്ദ്രന്‍ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഇത്തരത്തില്‍ രണ്ട് സ്ഥലത്തും ഒരാള്‍ തന്നെ ജ‍ഡ്ജിയായിരുന്നതിനാല്‍ ഇത് മത്സര ഫലത്തെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ സുതാര്യവും നിക്ഷ്പക്ഷവുമായ വിധി നിര്‍ണ്ണയത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു. 

കൂടുതല്‍ വായനയ്ക്ക്: ഹൈറേഞ്ചുകാര്‍ക്ക് അന്യമായ കഥകളിയില്‍ ആദ്യ മത്സരത്തില്‍ തന്നെ നേട്ടവുമായി കല്ലാറിലെ വിദ്യാര്‍ത്ഥിനികള്‍