റാങ്ക് ലിസ്റ്റിൽ പേരുണ്ടെങ്കിൽ മാനേജ്മെന്‍റ് ക്വാട്ടയിൽ സീറ്റ് കിട്ടും. പക്ഷേ ഇതിന് വലിയ ഫീസ് നൽകണം
കൊച്ചി : ബി ആർക് എൻട്രൻസ് പരീക്ഷ മൂന്നാം ഘട്ടത്തിൽ എഴുതിയവർക്ക് സംസ്ഥാനത്ത് മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിക്കുന്നില്ലെന്ന് പരാതി. പ്രവേശന സൈറ്റായ കീമിൽ മാർക്ക് ചേർക്കാൻ കഴിയാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണം. ഇതിന് പരിഹാരം ആവശ്യപ്പെട്ട് വിദ്യാർഥികൾ വിദ്യാഭ്യാസ മന്ത്രിയ്ക്ക് പരാതി അയച്ചു.
എറണാകുളം കിഴക്കന്പലം സ്വദേശി എലിസബത്ത് ഷിബു വലിയ പ്രതീക്ഷയോടെയാണ്ബി.ആർക് പ്രവേശന പരീക്ഷയായ നാറ്റ എഴുതിയത്. 200ൽ 120 മാർക്ക് കിട്ടി. പ്ലസ് ടുവിന് 92 ശതമാനം മാർക്കുമുണ്ട്. സാധരണഗതിയിൽ ഇത്രയും സ്കോർ ഉള്ളവർക്ക് ബി.ആർക്കിന് സംസ്ഥാനത്ത് മെറിറ്റിൽ സീറ്റ് കിട്ടും. ഇതിനായി നാറ്റ സ്കോർ കീം സൈറ്റിൽ ചേർക്കാൻ നോക്കുന്പോൾ സാധിക്കുന്നില്ല. ഓഗസ്റ്റ് 16ന് നാറ്റ സ്കോർ ചേർക്കാനുള്ള സംവിധാനം കീം അവസാനിപ്പിച്ചു. നാറ്റ മൂന്നാംഘട്ട പരീക്ഷ ഫലം വന്നത് ഓഗസ്റ്റ് 17ന്.
റാങ്ക് ലിസ്റ്റിൽ പേരുണ്ടെങ്കിൽ മാനേജ്മെന്‍റ് ക്വാട്ടയിൽ സീറ്റ് കിട്ടും. പക്ഷേ ഇതിന് വലിയ ഫീസ് നൽകണം. സാധാരണക്കാർക്ക് ഇത് താങ്ങാനാവില്ല.സാങ്കേതികത്വത്തിൽ കുരുങ്ങി ബി.ആർക്ക് പഠിക്കാൻ അവസരം നഷ്ടമാകുമോ എന്നാണ് സാധാരണക്കാരായ കുട്ടികളുടെ ആശങ്ക. വിദ്യാഭ്യാസ വകുപ്പ് ഇടപെട്ട് ഇതിനൊരു പരിഹാരമുണ്ടാക്കുമെന്ന പ്രതീക്ഷ മാത്രമാണ് ഇനി ഇവർക്ക്.
