കൊച്ചി: മരടിലെ പൊളിഞ്ഞ ഫ്ലാറ്റുകളുടെ കോൺക്രീറ്റ് അവശിഷ്ടങ്ങൾ അടുത്ത ദിവസം മുതൽ നീക്കം ചെയ്ത് തുടങ്ങും. ഇന്ന് പൊളിച്ച രണ്ടിടത്തുമായി 40000 ടൺ മാലിന്യമാണ് ഉള്ളത്. ആൽഫ സെറീനിൽ നിന്ന് കായലിൽ വീണ കോൺക്രീറ്റ് ഭാഗങ്ങൾ, ഫ്ലാറ്റ് പൊളിക്കാൻ കരാറെടുത്ത വിജയ് സ്റ്റീൽസ് കരയിലേക്ക് മാറ്റും.

ആലുവ  കേന്ദ്രമായുള്ള പ്രോംപ്റ്റ് എന്ന സ്ഥാപനമാണ് നാല് ഫ്ലാറ്റുകളിലേയും കോൺക്രീറ്റ് മാലിന്യം നീക്കാൻ കരാർ എടുത്തിരിക്കുന്നത്.  40000 ടൺ മാലിന്യമാണ് ഇന്ന് മാത്രം ഉള്ളത്. നാല് ഫ്ലാറ്റും  പൊളിച്ച് തീരുമ്പോഴേക്കും മാലിന്യത്തിന്‍റെ തോത് ഏകദേശം 70000 ടൺ വരും. അതായത് 3500 ടോറസ് ലോറികൾക്കുള്ള ലോഡിന് സമാനം. അരൂരിന് സമീപം ചന്ദിരൂരിലുള്ള യാർഡിലേക്കാണ് ഈ കോൺക്രീറ്റ് അവശിഷ്ടങ്ങൾ കൊണ്ടുപോവുക. 

ആൽഫ സെറീൻ പൊളിച്ചപ്പോൾ പത്തു ശതമാനത്തോളം കോൺക്രീറ്റ് ഭാഗം കായലിലേക്കാണ് വീണത്. സമീപ വീടുകളിലേക്ക് വീഴുന്നത് ഒഴിവാക്കാനാണ് ഇവ കായലിലേക്ക് ഇട്ടത്. ആൽഫ സെറീൻ പൊളിക്കാൻ കരാർ എടുത്ത വിജയ് സ്റ്റീൽസ് ഈ കോൺക്രീറ്റ് കട്ടകൾ കരയിലേക്കിടും. പ്രോംപ്റ്റ് സര്‍വ്വീസ് അവ ഇവിടെ നിന്ന് നീക്കും.

മാസങ്ങൾ നീണ്ട മുന്നൊരുക്കത്തിനും ആശങ്കകൾക്കുമൊടുവിലാണ് മരടിലെ രണ്ട്  ഫ്ലാറ്റുകൾ വിജയകരമായി പൊളിച്ചുനീക്കിയത്. ആദ്യ ദിനം ഹോളിഫെയ്ത് എച്ച്ടുഒയും ആൽഫ സെറിൻ ഇരട്ട കെട്ടിടവുമാണ് നിലംപൊത്തിയത്. സമീപത്തെ വീടുകൾക്ക്   ചെറു പോറൽപോലുമേൽപ്പിക്കാതെ നിമിഷനേരം കൊണ്ട്  ബഹുനില കെട്ടിടം തകർക്കുന്ന സാങ്കേതിക മികവിനു കൂടിയാണ് മരടിൽ കേരളം  സാക്ഷിയായത്.

Read Also: അഞ്ച് സെക്കൻഡ്', ഭൂമിയിലേക്കൂർന്ന് വീണ് മൂന്ന് ഫ്ലാറ്റുകൾ - ദൃശ്യങ്ങൾ കാണാം സമഗ്രമായി