കാലിക്കറ്റ് സർവകലാശാല തെരഞ്ഞെടുപ്പിലെ വോട്ട് അട്ടിമറിയിലും സംഘർഷത്തിലും എംഎസ്എഫിനെതിരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് സിപിഎം ആരോപിച്ചു. എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് വേട്ടയാടുകയാണെന്നും ഇതിൽ പ്രതിഷേധിച്ച് എസ്പി ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും സിപിഎം വ്യക്തമാക്കി.
മലപ്പുറം: കാലിക്കറ്റ് സർവകലാശാല തെരഞ്ഞെടുപ്പിൽ ഗവേഷക വിദ്യാർത്ഥികളുടെ വോട്ട് മാറ്റിനിർത്തിയെന്നും, വിസിയുടെ നേതൃത്വത്തിലാണ് എംഎസ്എഫ് ഇത് ചെയ്തതെന്നും സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി വി.പി. അനില്‍ ആരോപിച്ചു. സർവകലാശാലയിൽ യുഡിഎസ്എഫ് വലിയ രീതിയിലുള്ള അക്രമം അഴിച്ചുവിട്ടിട്ടും പൊലീസ് നടപടിയെടുക്കാൻ തയ്യാറായിട്ടില്ല. എന്നാൽ എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർത്ഥികൾക്ക് നേരെ വലിയ രീതിയിൽ കേസ് രജിസ്റ്റർ ചെയ്യുകയും, അവരുടെ വീടുകളിൽ കയറി വിദ്യാർത്ഥികളെ കിട്ടിയില്ലെങ്കിൽ രക്ഷിതാക്കളെ ഭീഷണിപ്പെടുത്തുകയുമാണ് പൊലീസ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രിയിൽ അക്രമം നടത്തിയ രണ്ട് യുഡിഎസ്എഫ് പ്രവർത്തകരെ മാത്രമാണ് നിലവിൽ അറസ്റ്റ് ചെയ്തത്. ലീഗിന്റെ സഹായത്തോടെയാണ് അക്രമങ്ങൾ നടക്കുന്നതെന്നും, അല്ലെങ്കില്‍ ലീഗ് ഇതിനെ തള്ളിപ്പറയണമെന്നും സിപിഎം ആവശ്യപ്പെട്ടു. പെട്രോൾ ബോംബ് എറിഞ്ഞ സംഭവത്തെ അംഗീകരിക്കുന്നില്ലെന്നും ഇത്തരം ആക്രമണങ്ങളെ പൂർണ്ണമായി തള്ളിപ്പറയുന്നുവെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി. പൊലീസ് നീതിപൂർവ്വമായ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വരുന്ന മൂന്നാം തീയതി മലപ്പുറം എസ്പി ഓഫീസിലേക്ക് സിപിഐഎം മാർച്ച് നടത്തും. മാർച്ച് എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.




