സെക്രട്ടറിയേറ്റ് - ട്രഷറി ജീവനക്കാർ തമ്മിലെ സംഘർഷം; 6 സെക്രട്ടറിയേറ്റ് ജീവനക്കാർക്കെതിരെ കേസെടുത്ത് പൊലീസ്
കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിനുള്ളിൽ സെക്രട്ടറിയേറ്റ് - ട്രഷറി ജീവനക്കാർ തമ്മിലാണ് കൈയാങ്കളി ഉണ്ടായത്. സെക്രട്ടറിയേറ്റ് ജീവനക്കാരുടെ പരാതിയിൽ രണ്ട് ട്രഷറി ജീവനക്കാർക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.
തിരുവനന്തപുരം: തിരുവനന്തപുരം സെക്രട്ടറിയേറ്റ് വളപ്പിലെ സംഘർഷത്തില്‍ കേസെടുത്ത് പൊലീസ്. 6 സെക്രട്ടറിയേറ്റ് ജീവനക്കാർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിനുള്ളിൽ സെക്രട്ടറിയേറ്റ് - ട്രഷറി ജീവനക്കാർ തമ്മിലാണ് കൈയാങ്കളി ഉണ്ടായത്. സെക്രട്ടറിയേറ്റ് ജീവനക്കാരുടെ പരാതിയിൽ രണ്ട് ട്രഷറി ജീവനക്കാർക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.
ജില്ലാ ട്രഷറിയിലെ അമൽ, സോമൻ എന്നീ ജീവനക്കാരും സെക്രട്ടറിയേറ്റിലെ ജീവനക്കാരും തമ്മിലാണ് ഏറ്റുമുട്ടിയത്. ക്യാൻ്റീനിൽ ഭക്ഷണം കഴിക്കാനെത്തിയ സെക്രട്ടറിയേറ്റ് വളപ്പിലെ സബ് ട്രഷറി ജീവനക്കാർ വെള്ളം നിറച്ചുവച്ചില്ലെന്നാരോപിച്ച് ജഗ്ഗ് നിലത്തടിക്കുകയും ക്യാൻ്റീൻ ജീവനക്കാരെ കൈയേറ്റം ചെയ്യുകയും ചെയ്തുവെന്നാണ് ആരോപണം. ഇതോടെ കൈയാങ്കളിയായത്. സബ് ട്രഷറിയിലെ എൻജിഒ യൂണിന്‍റെ സജീവ പ്രവർത്തകരായ അമൽ, സോമൻ എന്നിവരും സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ പ്രവർത്തകരും തമ്മിലാണ് ഏറ്റുമുട്ടിയത്. ജീവനക്കാരുടെ കൈയാങ്കളി ചിത്രീകരിച്ച മാധ്യമപ്രവർത്തർക്കുനേരെ സെക്രട്ടറിയേറ്റ് ജീവനക്കാരും കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. സംഭവത്തിന് ശേഷം ട്രഷറി ജീവനക്കാർക്കെതിരെ ക്യാൻ്റീൻ ജീവനക്കാർ കൻോമെൻ്റ് പൊലീസിൽ പരാതി നൽകുകയായിരുന്നു.