സിപിഎമ്മിൻറെ പേരിൽ  കോൺഗ്രസ്  സഭയെ അവഹേളിക്കാൻ ശ്രമിക്കുകയാണെന്ന് പറഞ്ഞുള്ള മറുതന്ത്രം പയറ്റുകയാണ് സിപിഎം

കൊച്ചി: തൃക്കാക്കരയിൽ ഇടത് സ്ഥാനാർത്ഥി ജോ ജോസഫിൻറെ സഭാ ബന്ധം ഉന്നമിട്ടുള്ള കോൺഗ്രസ് പ്രചാരണതന്ത്രത്തിൽ പാർട്ടിക്കുള്ളിൽ തന്നെ ഭിന്നത. സഭയെ സ്ഥാനാർത്ഥി നിർണ്ണയത്തിലേക്ക് വലിച്ചിഴക്കരുതെന്നും രാഷ്ട്രീയപ്പോരാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സഭാ ബന്ധം പറഞ്ഞാൽ തിരിച്ചടിക്കുമെന്ന് ഡോമിനിക് പ്രസൻേഷൻ വിമർശിച്ചു. സിപിഎമ്മിൻറെ പേരിൽ കോൺഗ്രസ് സഭയെ അവഹേളിക്കാൻ ശ്രമിക്കുകയാണെന്ന് പറഞ്ഞുള്ള മറുതന്ത്രം പയറ്റുകയാണ് സിപിഎം

ജോ സമുദായനോമിനിയെന്ന് പറയാതെ പറഞ്ഞാണ് സിപിഎമ്മിനെ ഇന്നലെ മുതൽ കോൺഗ്രസ് സമ്മർദ്ദത്തിലാക്കിയത്. ബാഹ്യസമ്മർദ്ദം വഴി വന്ന സ്ഥാനാർത്ഥിയിലൂടെ സിപിഎം രാഷ്ട്രീയപ്പോര് ഉപേക്ഷിച്ചെന്ന് പറഞ്ഞ് പ്രചാരണം തുടങ്ങിവെച്ചത് പ്രതിപക്ഷ നേതാവ് വിഡി സതീശനും. കർദ്ദിനാളിൻറെ സ്ഥാനാർത്ഥിയാണെന്നും ജോ യെ അംഗീകരിക്കില്ലെന്നും കർദ്ദിനാൾ വിരുദ്ധരും നിലപാടെടുത്തു. സഭാ നോമിനി വിവാദം മുറുകുന്നതിൽ കോൺഗ്രസ് ക്യാമ്പ് സന്തോഷിക്കുമ്പോഴാണ് പാളയത്തിൽ തന്നെ തന്ത്രത്തിനെതിരായ വിമർശനം

സമുദായം പ്രധാനഘടകമെന്ന് പറഞ്ഞ് തുടക്കം തന്നെ ഉമക്കെതിരായ എതിർപ്പ് പരസ്യമാക്കി പിന്നെ നേതൃത്വം ഇടപെട്ട് അനുനയിപ്പിച്ച കോൺ​ഗ്രസ് നേതാവ് ഡൊമിനിക് പ്രസൻേറഷൻ സഭയെ തൊടേണ്ടെന്ന് ഇന്ന് വ്യക്തമായി പറ‍ഞ്ഞു. 

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാ‍ർത്ഥിയു‌ടെ സഭാ ബന്ധം ച‍ർച്ചയാക്കുന്നത് തിരിച്ചടിയാവും. ജോ ജോസഫുമായി ബന്ധപ്പെട്ട വിവാദങ്ങളിലേക്ക് സഭയെ വലിച്ചഴിക്കേണ്ട കാര്യമില്ല. അത്തരം പ്രചരണം നെഗറ്റീവാകാനാണ് സാധ്യത, തൃക്കാക്കരയിൽ രാഷ്ട്രീയ പ്രചാരണമാണ് നടത്തേണ്ടത്. ജോ ജോസഫ് തങ്ങളുടെ സഭയുടെ സ്ഥാനാർത്ഥിയല്ലെന്ന സിപിഎം വിശദീകരണം വിശ്വസിക്കാം - ഡൊമിനിക് പ്രസൻ്റേഷൻ

സഭാനേതൃത്വത്തെ വിമർശിച്ചിട്ടില്ലെന്നും സ്ഥാനാർത്ഥി നിർണ്ണയത്തിൽ എൽഡിഎഫിലുണ്ടായ ആശയക്കുഴപ്പം മുതലാക്കാനാണ് ശ്രമിച്ചതെന്നുമാണ് കെപിസിസി നേതൃത്വത്തിനറെ വിശദീകരണം. സഭാ നോമിനി വിവാദത്തിൽ സമ്മർദ്ദത്തിലായിരുന്ന സിപിഎം എതിർ ക്യാമ്പിലെ തർക്കം മുതലെടുത്ത് കോോൺഗ്രസ് സഭക്കെതിരാണെന്നുള്ള മറുതന്ത്രം എടുത്തിട്ടു

തൃക്കാക്കരയിൽ ഇടത് സ്ഥാനാർഥിക്ക് വലിയ സ്വീകാര്യത കിട്ടിയിട്ടുണ്ട്. പ്രതിപക്ഷത്തിൻ്രെ പ്രതികരണം കാണുമ്പോൾ അക്കാര്യം വളരെ വ്യക്തമാണ് - പി.രാജീവ്

വിശ്വാസികളുടെ വോട്ട് നിർണ്ണായകമായിരിക്കെ സഭാ ബന്ധം ഉന്നയിച്ചുള്ള തന്ത്രം പയറ്റുമ്പോഴും കോൺഗ്രസ് നേതൃത്വം കരുതലെടുത്തിരുന്നു. ജോ വന്നവഴി തുറന്ന് കാട്ടാൻ ശ്രമിക്കുമ്പോൾ തന്നെ സഭയെ പിണക്കാതിരിക്കാൻ ജാഗ്രത കാണിക്കുമ്പോഴാണ് സ്വന്തം നിരയിലെ എതിർപ്പ് കോൺഗ്രസ്സിൽ ആശയക്കുഴപ്പമുണ്ടാക്കുന്നത്. 

ഇടത് മുന്നണിയുടെ സ്ഥാനാർത്ഥി നിർണയത്തിൽ സഭയുമായി ബന്ധപ്പെട്ട് ചില അഭിപ്രായ വ്യത്യാസങ്ങൾ ഉയർന്ന് വരുന്നുണ്ട്. സഭ ഒരു സ്ഥാനാർത്ഥിയെ നിശ്ചിക്കുമെന്ന് ഞങ്ങളൊരിക്കലും കരുതുന്നില്ല. ജനാധിപത്യവും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന വിശാല ചിന്താഗതിയുള്ളവരാണ് കത്തോലിക്കാ സഭ. കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഒരുകാലത്തും അത്തരം ഇടപെടലുകൾ നടത്തിയിട്ടില്ല. നിക്ഷിപ്ത താൽപര്യക്കാരാണ് അത്തരം പ്രചാരണങ്ങൾ നടത്തുന്നത് - ചെന്നിത്തല