കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച മരടിലെ അ‍ഞ്ച് ഫ്ളാറ്റുകള്‍ പൊളിച്ചു കളയണമെന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്ന് രൂപം കൊണ്ട അനിശ്ചിതാവസ്ഥ പരിഹരിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് കേരളത്തിലെ എംപിമാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേരളത്തിലെ 17 എംപിമാര്‍ ഒപ്പിട്ട കത്ത് പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറി. 

കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്, പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍, വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ക്കും കത്തിന്‍റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്. അതേസമയം മരട് വിഷയത്തില്‍ വ്യത്യസ്ത നിലപാട് ഉള്ളതിനാല്‍ തൃശ്ശൂര്‍ എംപി ടിഎന്‍ പ്രതാപനും കൊല്ലം എംപി എന്‍കെ പ്രേമചന്ദ്രനും കത്തില്‍ ഒപ്പിട്ടിട്ടല്ല. ദില്ലിയില്‍ ഇല്ലാതിരുന്നതിനാല്‍ വയനാട് എംപി രാഹുല്‍ ഗാന്ധിയും കത്തില്‍ ഒപ്പിട്ടില്ല. 

മരടിലേത് പരിസ്ഥിതി പ്രശ്നം കൂടിയായതിനാല്‍ തനിക്ക് വ്യത്യസ്ത നിലപാടാണുള്ളതെന്ന് ടിഎന്‍ പ്രതാപന്‍ മറ്റു എംപിമാരെ അറിയിച്ചു എന്നാണ് വിവരം. രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസം ഉള്ളതിനാല്‍ എന്‍കെ പ്രേമചന്ദന്‍ എംപിയും കത്തില്‍ ഒപ്പിടാന്‍ തയ്യാറായില്ല. കേരളത്തിലെ ഏക ഇടതുപക്ഷ എംപിയായ എഎം ആരിഫ് കത്തില്‍ ഒപ്പിട്ടു. എറണാകുളം എംപി ഹൈബി ഈഡനാണ് എംപിമാരെ ഒന്നിച്ചു നിര്‍ത്തി കത്തയക്കാന്‍ ശ്രമം നടത്തിയത്.