വേനല്‍ കടുത്തതോടെ മലപ്പുറം ജില്ലയുടെ മലയോര മേഖലകളില്‍ രാജവെമ്പാലയടക്കമുള്ള പാമ്പുകള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് വർദ്ധിച്ചിരിക്കുന്നു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ആറ് രാജവെമ്പാലകളെയാണ് ഈ മേഖലയില്‍ നിന്ന് പിടികൂടിയത്. ഈ സാഹചര്യത്തിൽ വനംവകുപ്പ് പൊതുജനങ്ങൾക്ക് അതീവ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

മലപ്പുറം: വേനല്‍ കടുത്തതോടെ നിലമ്പൂര്‍ ഉള്‍പ്പെടെയുള്ള മലപ്പുറം ജില്ലയുടെ മലയോര മേഖലകളില്‍ രാജവെമ്പാലയടക്കമുള്ള വിഷപ്പാമ്പുകള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് വര്‍ദ്ധിക്കുന്നു. കഴിഞ്ഞ ദിവസം മാത്രം മമ്പാട് വീട്ടിക്കുന്ന് നഗര്‍, പാലേമാടിന് സമീപം മരുത എന്നിവിടങ്ങളില്‍ നിന്നായി രണ്ട് രാജവെമ്പാലകളെയാണ് പിടികൂടിയത്. പാറക്കെട്ടുകള്‍ക്കിടയില്‍ ഒളിച്ച പാമ്പിനെ നാല് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആര്‍ആര്‍ടി അംഗങ്ങള്‍ക്ക് പിടികൂടാനായത്.

കഴിഞ്ഞ പത്ത് ദിവസത്തിനിടെ ആറ് രാജവെമ്പാലകളെയാണ് ഈ മേഖലയില്‍ നിന്ന് മാത്രം പിടികൂടിയത്. ഒരു മാസത്തെ കണക്കെടുത്താല്‍ മൂര്‍ഖന്‍, അണലി, പെരുമ്പാമ്പ് തുടങ്ങി വിവിധ ഇനങ്ങളില്‍പ്പെട്ട നാനൂറോളം പാമ്പുകളെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വനംവകുപ്പ് പിടികൂടിയിട്ടുണ്ട്. പിടികൂടുന്ന പാമ്പുകളെ നിരീക്ഷണത്തിന് ശേഷം ഉള്‍ക്കാടുകളിലേക്ക് തുറന്നുവിടുകയാണ് ചെയ്യുന്നത്. വന്യജീവികള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ പറഞ്ഞു.

രാത്രിയില്‍ വീടിന് പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും ടോര്‍ച്ച് ഉപയോഗിക്കുക. പാതയോരങ്ങളിലെ കുറ്റിക്കാടുകള്‍ക്കും കല്ലുകള്‍ക്കും സമീപം നടക്കുമ്പോള്‍ ശ്രദ്ധിക്കുക,വീടിന് ചുറ്റുമുള്ള കാടുകളും പാഴ്വസ്തുക്കളും നീക്കം ചെയ്യുക. വിറക് പുരകള്‍, പഴയ ടയറുകള്‍, കല്ല് കൂനകള്‍ എന്നിവ പാമ്പുകള്‍ ഒളിച്ചിരിക്കാന്‍ സാധ്യതയുള്ള ഇടങ്ങളാണ്.വേനല്‍ക്കാലത്ത് തണുപ്പ് തേടി പാമ്പുകള്‍ വീടിനുള്ളില്‍ കയറാന്‍ സാധ്യതയുണ്ട്. അതിനാല്‍ വൈകുന്നേരങ്ങളില്‍ വാതിലുകളും ജനലുകളും കൃത്യമായി അടയ്ക്കുക.

പാമ്പിനെ കണ്ടാല്‍ പ്രകോപിപ്പിക്കാനോ സ്വയം പിടികൂടാനോ ശ്രമിക്കരുത്. പാമ്പില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കുക. പാമ്പിനെ കണ്ടാല്‍ ഉടന്‍ തന്നെ വനംവകുപ്പിനെയോ അംഗീകൃത പാമ്പ് പിടുത്തക്കാരെയോ (Sarpam App hgn) വിവരം അറിയിക്കുക തുടങ്ങിയവയാണ് പൊതുജനങ്ങള്‍ക്കുള്ള ജാഗ്രതാനിര്‍ദ്ദേശങ്ങള്‍.