കോന്നി കെഎസ്ആര്‍ടിസി സ്റ്റാൻഡിന് സമീപത്ത് വച്ച് ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. 

പത്തനംതിട്ട: കോന്നിയിൽ ഒന്പതാം ക്ലാസ് വിദ്യാർത്ഥിനിയെ ഉപദ്രവിച്ച 54 കാരൻ പിടിയിൽ. കോന്നി കെഎസ്ആര്‍ടിസി സ്റ്റാൻഡിന് സമീപത്ത് വച്ച് ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കലോത്സവത്തിന്റെ പരിശീലനം കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങാൻ നിന്ന കുട്ടിയെയാണ് കോന്നി മാങ്കുളം സ്വദേശി ആയ 54 കാരൻ കടന്നുപിടിച്ചത്. പോക്സോ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.

അതേസമയം, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 12 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. മാറനല്ലൂർ കിളിയോട് സ്വദേശി പിന്‍റി എന്ന് വിളിക്കുന്ന ബ്രിട്ടോ വി. ലാലിനെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. 2010 ലാണ് കേസിന് ആസ്പദമായ സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബ്രിട്ടോ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു.

എന്നാൽ പെൺകുട്ടി ഗർഭിണിയായതോടെ യുവാവ് സൌഹൃദം അവസാനിപ്പിച്ചു. ഇതോടെ പെൺകുട്ടി പൊലീസിൽ പരാതി നൽകി. ബ്രിട്ടോ തന്നെ വിവാഹ വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്യുകയും പരാതിപ്പെട്ടാൽ നഗ്ന ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നായിരുന്നു പരാതി. താൻ ഗർഭിണിയായതോടെ ഗർഭം അലസിപ്പിക്കാനായി ഗുളിക കൊടുക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു. 

ആരോഗ്യനില വഷളായി അവശയായ പെൺകുട്ടിയെ പ്രതി ഭാര്യയാണെന്നാണ് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു. താൻ വഞ്ചിക്കപ്പെട്ടു എന്ന് മനസിലാക്കിയതോടെ പെൺകുട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസ് ബ്രിട്ടോയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 12 വർഷം കഠിനതടവ് കൂടാതെ പിഴ തുക പെൺകുട്ടിക്ക് നൽകണമെന്നും തുക അടക്കാതിരുന്നാൽ 9 മാസം കൂടി ജയിൽ ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിയിലുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം