Asianet News MalayalamAsianet News Malayalam

ന്യൂനപക്ഷ സ്കോളര്‍ഷിപ്പിൽ യുഡിഎഫിൽ ആശയക്കുഴപ്പം: വിഡി സതീശൻ്റെ നിലപാട് തള്ളി മുസ്ലീം ലീഗ്

നിലവിൽ പ്രശ്നം യുഡിഎഫിലാണെങ്കിലും ഐഎൻഎൽ പ്രതിഷേധം ഉയര്‍ത്തുന്നതിനാൽ എൽഡിഎഫിലും കാര്യങ്ങൾ അത്ര സേഫല്ല. 

Conflict in UDF over minority scholarship
Author
Thiruvananthapuram, First Published Jul 17, 2021, 1:07 PM IST

തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളര്‍ഷിപ്പിനെ ചൊല്ലി യുഡിഎഫിൽ ആശയക്കുഴപ്പവും അഭിപ്രായ ഭിന്നതയും രൂക്ഷം. ന്യൂനപക്ഷ സ്കോളര്‍ഷിപ്പിൽ മുസ്ലീം സമുദായത്തിന് നഷ്ടമുണ്ടായെന്ന് ഇന്നലെ കാസര്‍കോട് പറഞ്ഞ സതീശൻ ഇന്ന് രാവിലെ കോട്ടയത്ത് വച്ച് ആ അഭിപ്രായം തിരുത്തി പറഞ്ഞു. ഏതെങ്കിലും സമുദായത്തിന് കിട്ടി കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങളിൽ നിലവിൽ കുറവ് വരുന്നില്ലെന്ന് 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി നടപടിയെ പിന്തുണച്ച് കൊണ്ട് സതീശൻ ഇന്ന് പറഞ്ഞു. എന്നാൽ സംസ്ഥാന സര്‍ക്കാരും സിപിഎമ്മും സ്വീകരിച്ച നിലപാടിലേക്ക് പ്രതിപക്ഷ നേതാവ് എത്തിയതോടെ രൂക്ഷവിമര്‍ശനവുമായി മുസ്ലീം ലീഗ് രംഗത്ത് എത്തി.

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് അനുപാതം മാറ്റിയ ഹൈക്കോടതി വിധിയോടെ മുസ്ലീം സമുദായത്തിന് നഷ്ടമുണ്ടായിട്ടില്ലെന്നാണ് വി.ഡി.സതീശൻ പറയുന്നതെങ്കിൽ അതു തെറ്റാണെന്നും അനുപാതം എടുത്തു കളയുന്നതോടെ മുസ്ലീം സമുദായത്തിൻ്റെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ നിയമിക്കപ്പെട്ട സച്ചാര്‍ കമ്മീഷൻ ശുപാര്‍ശയാണ് ഇല്ലാതായത് എന്നത് വലിയ നഷട്മാണെന്നും ഇടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. 

ന്യൂനപക്ഷ സ്കോളര്‍ഷിപ്പിൽ 80:20 അനുപാതം നിശ്ചയിച്ചത് വിഎസ് സര്‍ക്കാരാണ്. അതും തെറ്റും അനീതിയുമാണ് നൂറ് ശതമാനം മുസ്ലീം വിദ്യാര്‍ത്ഥികൾക്ക് നൽകേണ്ട സ്കോളര്‍ഷിപ്പാണ് ഇത്.  അതിനെയാണ് എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കുമായി വിഭജിച്ച് നൽകിയത്. അതാണ് കോടതി ഇടപെട്ട് തള്ളിയതും. തെറ്റുകൾ തിരുത്തി സ്കോളര്‍ഷിപ്പ് പുനസ്ഥാപിക്കുകയാണ് വേണ്ടത്. ഇക്കാര്യത്തിൽ മുസ്ലീം ലീഗിൻ്റെ നിലപാട് വ്യക്തമാണ്. അക്കാര്യം മനസിലാക്കാൻ പ്രതിപക്ഷ നേതാവിന് സാധിച്ചോ എന്നറിയില്ല. സച്ചാര്‍ കമ്മീഷൻ റിപ്പോര്‍ട്ടിലെ ഒരു ശുപാര്‍ശയും കേരളത്തിൽ നടക്കില്ല എന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇക്കാര്യം തിരിച്ചറിയാൻ സര്‍ക്കാരും പ്രതിപക്ഷനേതാവും തയ്യാറാവണം - ഇടി മുഹമ്മദ് ബഷീര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

ന്യൂനപക്ഷ സ്കോളർഷിപ്പിലെ  മാറ്റങ്ങൾ മൂലം മുസ്ലീം സമുദായത്തിന് നഷ്ടമുണ്ടായെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അങ്ങനെ വന്ന വാര്‍ത്ത വാസ്തവ വിരുദ്ധമെന്നും സതീശന്‍ ഇന്ന് രാവിലെ 11 മണിക്ക് കോട്ടയത്ത് പറഞ്ഞത്. നിലവിലുള്ള സ്കോളര്‍ഷിപ്പ് കുറയ്ക്കാത്തതിനെയും മറ്റ് സമുദായത്തിന് കൂടി ആനുപാതികമായി സ്കോളര്‍ഷിപ്പ് കൊടുക്കാനുള്ള തീരുമാനത്തെയും സ്വാഗതം ചെയ്യുന്നു. എന്നാല്‍ മുസ്ലീം ലീഗിന്‍റെ പരാതി സര്‍ക്കാര്‍ പരിഹരിക്കണമെന്നും ലീഗ് ആവശ്യം യുഡിഎഫ് ചര്‍ച്ച ചെയ്യുമെന്നും സതീശന്‍ വ്യക്തമാക്കി. 

അതേസമയം ഇടി മുഹമ്മദ് ബഷീറിൻ്റെ പ്രതികരണം വന്നതിന് പിന്നാലെ തൻ്റെ നിലപാടിൽ കൂടുതൽ വിശദീകരണവുമായി വിഡി സതീശൻ രംഗത്ത് എത്തി. ന്യൂനപക്ഷ സ്കോളര്‍ഷിപ്പിൽ മുസ്ലീംലീഗ് പറഞ്ഞ അഭിപ്രായം യുഡിഎഫ് ചര്‍ച്ച ചെയ്യും. സ്കോളര്‍ഷിപ്പുകളുടെ എണ്ണം കുറയ്ക്കില്ല എന്നാണ് താൻ പറഞ്ഞത്. തൻ്റെ അഭിപ്രായം മനസിലാക്കാതെയാണ് മുസ്ലീം ലീഗിൻ്റെ പ്രതികരണം. ലീഗിൻ്റെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കണം. നിലവിലെ സ്കോളര്‍ഷിപ്പുകൾ നിലനിര്‍ത്തി പുതിയൊരു സ്കീമുണ്ടാക്കി ഇതര ന്യൂനപക്ഷവിഭാഗങ്ങളെ അക്കോമെഡേറ്റ് ചെയ്യണം എന്നാണ് ഞങ്ങളുടെ അഭിപ്രായം. ഞങ്ങളുടെ ഫോര്‍മുല ഭാഗീകമായി സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ ഒരു ചര്‍ച്ചയും പ്രതിപക്ഷവുമായി സര്‍ക്കാര്‍ നടത്തിയിട്ടില്ല. മുസ്ലീം സമുദായത്തിന് എക്സിക്ലൂസിവായി ഉണ്ടായിരുന്ന ഒരു സ്കീമാണ് ഇല്ലാതായത്. അതിനാൽ അവര്‍ക്ക് നഷ്ടമുണ്ടായിട്ടുണ്ടെന്ന് വ്യക്തമാണ് - നിലപാട് മയപ്പെടുത്തി സതീശൻ പറഞ്ഞു

80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിൽ ജനസംഖ്യാ അടിസ്ഥാനത്തിൽ സ്കോളർഷിപ്പ് നൽകാനുള്ള സർക്കാരിന്‍റെ പുതിയ തീരുമാനത്തിന് എതിരെ ലീഗ് കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. ഒരുസമുദായത്തിനും നിലവിൽ കിട്ടുന്ന ആനൂകൂല്യം കുറയില്ലെന്ന് സർക്കാർ പറയുമ്പോഴും ന്യൂനപക്ഷ ജനസംഖ്യ മൊത്തത്തിൽ അടിസ്ഥാനം ആക്കുമ്പോൾ പുതിയ ഫോർമുലയിൽ മുസ്ലീം വിഭാഗത്തിനുള്ള ആനുകൂല്യം 80 ൽ നിന്നു 60 ലേക്ക് കുറയുമെന്നാണ് ലീഗ് അടക്കമുള്ള സംഘടനകളുടെ പരാതി.

മുസ്ലീം ജനവിഭാഗത്തിൻ്റെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ സച്ചാര്‍, പാലോളി കമ്മീഷനുകൾ നൽകിയ ശുപാര്‍ശകളെ അട്ടിമറിക്കുന്നതാണ് ഹൈക്കോടതി വിധിയും സര്‍ക്കാര്‍ നിലപാടും എന്ന് മുസ്ലീം ലീഗ് വിശ്വസിക്കുന്നു. എന്നാൽ ഈ നിലപാട് സ്വീകരിക്കാൻ കോണ്‍ഗ്രസിനോ സിപിഎമ്മിനോ സാധിക്കില്ല. ഹൈക്കോടതി വിധി നടപ്പാക്കണമെന്നും ഇക്കാര്യത്തിൽ സര്‍ക്കാര്‍ നിലപാട് സ്വാഗതം ചെയ്യണമെന്നുമാണ് കോണ്‍ഗ്രസിനകത്തെ ഭൂരിപക്ഷ വികാരം. 

വിഷയത്തിൽ വിരുദ്ധ നിലപാടുകൾ കോണ്‍ഗ്രസും മുസ്ലീം ലീഗും സ്വീകരിച്ച സ്ഥിതിക്ക് യുഡിഎഫ് ഉന്നതാധികാര സമിതി ചേര്‍ന്ന് ഒത്തുതീര്‍പ്പ് ഫോര്‍മുലയോ ധാരണയോ എത്തുന്നതിന് മുൻപേ തന്നെ നേതാക്കൾ തമ്മിലടിക്കാൻ തുടങ്ങിയതോടെ സമുദായിക സൗഹാര്‍ദ്ദത്തെ തന്നെ ബാധിക്കുന്ന വിഷയമായി ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് മാറുമോ എന്ന ആശങ്കയും കനക്കുകയാണ്.  

നിലവിൽ പ്രശ്നം യുഡിഎഫിലാണെങ്കിലും ഐഎൻഎൽ പ്രതിഷേധം ഉയര്‍ത്തുന്നതിനാൽ എൽഡിഎഫിലും കാര്യങ്ങൾ അത്ര സേഫല്ല. ന്യൂനപക്ഷ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുന്ന എല്ലാവര്‍ക്കും അംഗീകാരം കിട്ടുമെന്ന് സര്‍ക്കാരും കഴിഞ്ഞ ദിവസം എൽഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘനും വ്യക്തമാക്കിയിട്ടുണ്ട്. അനുപാതത്തെ ചൊല്ലി തര്‍ക്കം നിലനിൽക്കുമ്പോഴും കേരളത്തിലെ എല്ലാ മതന്യൂനപക്ഷവിഭാഗങ്ങൾക്കും സ്കോളര്‍ഷിപ്പ് ഉറപ്പിച്ച് പ്രതിസന്ധി ലഘൂകരിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിനായി അധികഫണ്ടും വകയിരുത്തിയിട്ടുണ്ട്. 

വിഷയത്തിൽ ഒരിഞ്ച് പോലും പിന്നോട്ടില്ലെന്നാണ് മുസ്ലീം ലീഗിൻ്റെ നിലപാട്. മുസ്ലീം മതവിഭാഗത്തിൻ്റെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പരിഹരിക്കാൻ രൂപീകരിച്ച ഒരു പദ്ധതി 80:20 അനുപാതം നിശ്ചയിച്ച് അട്ടിമറിക്കുന്നതിന് വഴിയൊരുക്കിയും സമുദായത്തിന് നീതി നിഷേധിച്ചതും വിഎസ് സര്‍ക്കാര്‍ ആണെന്നാണ് അവരുടെ പരാതി. ആ നിലയിൽ പ്രചരണം ശക്തമായി ലീഗ് മുന്നോട്ട് കൊണ്ടു പോകുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ. 
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios