കാബിനറ്റ് യോഗത്തിലെ തർക്കത്തിന് പിന്നാലെ സംസ്ഥാന കോൺഗ്രസിൽ കെസി-വിഡി ഗ്രൂപ്പ് പോര് രൂക്ഷമായി. മന്ത്രിസഭാ യോഗത്തിന് മുമ്പ് കെസി പക്ഷം രഹസ്യയോഗം ചേർന്നുവെന്ന് വിഡി പക്ഷം ആരോപിക്കുന്നു. വിഷയത്തിൽ എഐസിസി ഇടപെടൽ ഉണ്ടാകുമെന്നാണ് സൂചന.

തിരുവനന്തപുരം: കാബിനറ്റിലെ രൂക്ഷമായ തർക്കത്തിന് പിന്നാലെ സംസ്ഥാന കോൺഗ്രസിലെ കെസി-വിഡി ഗ്രൂപ്പ് പോര് പാരമ്യത്തിൽ. കാബിനറ്റിന് മുമ്പ് കെസി പക്ഷ മന്ത്രിമാർ രഹസ്യയോഗം ചേർന്ന് മുഖ്യമന്ത്രിയെ ലക്ഷ്യമിടാൻ തീരുമാനിച്ചെന്നാണ് വിഡി പക്ഷത്തിന്റെ ആരോപണം. മന്ത്രിസഭാ യോഗത്തിലെ അഭിപ്രായ പ്രകടനം സ്വാഭാവികമെന്നാണ് കെസി പക്ഷ നിലപാട്. ആരെന്ത് കളിച്ചാലും വിഡി സതീശൻ 5 വർഷം തികക്കുമെന്ന് കെ മുരളീധരൻ വ്യക്തമാക്കി.

കാബിനറ്റിലെ അസാധാരണ തർക്കം ഗ്രൂപ്പ് യുദ്ധം ആളിക്കത്തിച്ചു. തർക്കം ജനാധിപത്യത്തിന്റെ സൗന്ദര്യമെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചിരുന്നു. പക്ഷെ സമവായത്തിന്റെ ഒരു സൂചനയും ഇരുപക്ഷത്തുമില്ല. പഴയ എ-ഐ പോര് ഓർമ്മിപ്പിക്കും വിധത്തിലേക്ക് കെസി-വിഡി ചേരികൾ കൈവിട്ടിറങ്ങിക്കഴിഞ്ഞു. കാബിനറ്റിലെ തർക്കം ചോർത്തിയത് ആരെന്നതിലുണ്ട് പോര്. വിഡി പക്ഷത്തെ മന്ത്രിയാണ് പിന്നിലെന്ന് കെസി ഗ്രൂപ്പ് പറയുന്നു. അല്ല കെസി പക്ഷമന്ത്രിയെന്ന് എതിർ ചേരിയും ആരോപിക്കുന്നു. മന്ത്രിസഭാ യോഗത്തിന് മുമ്പ് കെസി പക്ഷത്തെ മൂന്ന് മന്ത്രിമാർ യോഗം ചേർന്ന് കാര്യങ്ങൾ ആസൂത്രണം ചെയ്തെന്ന ഗുരുതുര ആരോപണവും വിഡി പക്ഷം ഉയർത്തുന്നു. പ്രീ കാബിനറ്റ് യോഗം കാബിനറ്റിൽ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടായിരുന്നുവെന്നും ആരോപണമുയർത്തുന്നു. ആറാം മാസം തികയുന്ന ദിനം തന്നെ സർക്കാറിനെ കരിവാരിത്തേക്കലായിരുന്നു ലക്ഷ്യമെന്നും ആക്ഷേപം.

പക്ഷെ മുഖ്യമന്ത്രിക്കെതിരായ ശബ്ദം ഉയർന്നത് സ്വാഭാവികമെന്ന് കെസി പക്ഷം. ഗുരുവായൂർ ദേവസ്വം നിയമനത്തിലെ നീറ്റലിനിടെ പിഎസ് സി അംഗങ്ങളുടെ പട്ടിക കൂടി ഏകപക്ഷീയമായി സതീശൻ ഇറക്കിയതാണ് കാരണമെന്നും വാദം. എല്ലാം തീർന്നെന്ന് പറയുമ്പോഴും സതീശനെതിരെ ശബ്ദിച്ച മന്ത്രിമാാർക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ മുഖ്യമന്ത്രി അനുകൂലികൾ തന്നയെല്ലേ എന്നാണ് കെസി പക്ഷത്തിന്റെ ചോദ്യം. പ്രശ്നം രൂക്ഷമായതോ എഐസിസി ഇടപെടൽ ഉറപ്പാകുന്നു. ചോദിച്ചാൽ എല്ലാം പറയാം പരാതിയായി നൽകാനില്ലെന്നാണ് വിഡി പക്ഷ നിലപാട്.